• 23 Sep 2023
  • 04: 25 AM
Latest News arrow

ഗവേഷണ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം: റിട്ട. അധ്യാപകനെതിരെ കേസ്

കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. സൈക്കോളജി അധ്യാപകനെതിരെയാണ് കേസ്

കോഴിക്കോട്: ഗവേഷണ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ റിട്ട. അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കാലിക്കറ്റ് സർവകലാശാലയിലെ മുൻ അധ്യാപകനായ ഡോ. ടി. ശശിധരനെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിരിക്കുന്നത്. സൈക്കോളജി വിഭാഗത്തില്‍ നിന്ന് ആറുവര്‍ഷം മുമ്പ് സ്വയം വിരമിച്ച ഡോ. ടി. ശശിധരൻ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് രണ്ടു ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതി. മേയ് 11,19 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ.
സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന അധ്യാപകന്‍ മേയ് 11 ന് ഇയാളുടെ വീട്ടിലെത്തിയ വേഷക വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.  
മേയ് 19-നാണ് സമാനമായ രണ്ടാമത്തെ പരാതിക്ക് ആസ്പദമായ സംഭവം. ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ രണ്ടാമത്തെ ഗവേഷക വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ ആരോപണം.
വിരമിച്ചശേഷവും പഠന ആവശ്യങ്ങള്‍ക്കായി വിദ്യാർഥികൾ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു.
ദുരനുഭവത്തിന് ശേഷം വിദ്യാർത്ഥിനികൾ വകുപ്പ് മേധാവി മുഖേന രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സര്‍വകലാശാല രജിസ്ട്രാര്‍ കൈമാറിയ പരാതിയില്‍ വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.

RECOMMENDED FOR YOU
Editors Choice