മകൾക്ക് മരണചിന്തവന്നത് എങ്ങിനെയെന്നന്വേഷിക്കണം- ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ പിതാവ്

കോട്ടയം: മകൾ ഉച്ചവരെ സന്തോഷവതിയായിരുന്നുവെന്നും കോളജ് അധികൃതരുടെ കാബിനിൽ നിന്ന് ഇറങ്ങിയ ശേഷമാണ് കൂട്ടുകാരികളോട് മരിക്കണമെന്ന് പറഞ്ഞതെന്നും ഈ സമയത്തിനിടയിൽ സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കണമെന്നും ആത്മഹത്യചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ പിതാവ് സതീശൻ ആവശ്യപ്പെട്ടു.
മകൾ മരിച്ചതിന് കാരണമറിയണം. അതിനുവേണ്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചവരെ ശ്രദ്ധ സന്തോഷവതിയായിരുന്നു എന്നതിന് തെളിവായി മെസേജുകളുണ്ട്. പിന്നീട് കോളജ് അധികൃതരുടെ കാബിനിൽ നിന്നിറങ്ങിയപ്പോഴാണ് മകൾ ദുഃഖിതയായത്. അപ്പോൾ കാബിനിൽ എന്തോ നടന്നിട്ടുണ്ട്. അതെന്താണെന്ന് ഞങ്ങൾക്കറിയണം. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണം. നിയമനടപടികളുമായി ശക്തമായി മുന്നോട്ടുപോകും. ശ്രദ്ധയ്ക്ക് എന്താണ് സംഭവിച്ചതെന്നതിന് മറുപടി കോളജ് അധികൃതർ തന്നേ മതിയാവുവെന്നും ശതീശൻ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജിലെ ലാബില്‍ മൊബൈല്‍ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അധ്യാപകര്‍ ശ്രദ്ധയുടെ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ശ്രദ്ധയുടെ മരണത്തെതുടർന്ന് കോളജിൽ തുടരുന്ന സമരം മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു. കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തുമെന്നും സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്തി.