വയാനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

കോഴിക്കോട്: ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെ, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമീഷന്‍ ഒരുക്കം തുടങ്ങി.
ഇതിന്‍റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് മോക്ക് പോളിങ് ഉള്‍പ്പെടെയുള്ള പരിശോധന തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബുധനാഴ്ച പരിശോധിച്ചത്.
തിരുവമ്പാടി മണ്ഡലത്തിന് പുറമേ വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്.
2019-ൽ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുല്‍ഗാന്ധിക്ക് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. തുടർന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് തിരക്കിട്ട് വയനാട് എം.പി സ്ഥാനത്തുനിന്ന് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കുകയായിരുന്നു.