കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം; അട്ടിമറിയെന്ന് സംശയം

കണ്ണൂര്‍: കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടന്ന് രണ്ട് മാസം തികയുന്നതിന് മുമ്പ് നടന്ന സംഭവത്തിന് പിന്നിൽ അട്ടിമറി സംശയിക്കുന്നുണ്ട്. ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ഒരാള്‍ പ്ലാസ്റ്റിക് കാനുമായി ട്രെയിനില്‍ കയറുന്ന സി.സി ടിവി ദൃശ്യങ്ങള്‍ റെയിൽവെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ‘ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡി’ന്റെ സി.സി. ടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്.
ബുധനാഴ്ച രാത്രിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരെത്തിയ ട്രെയിനില്‍നിന്ന് ആളുകള്‍ ഇറങ്ങി രണ്ട് മണിക്കൂറിന് ശേഷമായിരുന്നു തീപിടിത്തം. ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറൽ കോച്ചാണ് കത്തിനശിച്ചത്. കോച്ച് ഉടൻതന്നെ വേർപെടുത്തിയതിനാൽ തീ കൂടുതൽ കോച്ചുകളിലേക്ക് പടർന്നില്ല.
സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫോറന്റിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് തുടങ്ങി. എ.ഐ.എയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകുകയായിരുന്ന ഒരു വ്യക്തിയാണ് ആദ്യം ട്രെയിനിൽ പുക ഉയരുന്നത് കണ്ടത്. തുടർന്ന് പാർസൽ വിഭാഗത്തിലെ പോർട്ടർമാർ ഓടിയെത്തി ട്രെയിനുള്ളിലാണ് തീയെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതോടെ സ്റ്റേഷനിൽ അപായ സൈറൺ മുഴക്കി. മിനിറ്റുകൾക്കകം റെയിൽവെ പൊലീസും ഫയർഫോഴ്സ് യൂണിറ്റുമെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. 45 മിനിറ്റിന് ശേഷമാണ് തീ പൂർണമായി അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്ന് തന്നെയാണ് റെയില്‍വേയുടെ വിലയിരുത്തല്‍.