ബസിൽ വീണ്ടും നഗ്നതാ പ്രദർശനം; ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ

കണ്ണൂര്‍: സംസ്ഥാനത്ത് ബസ് യാത്രക്കിടെ നഗ്നതാ പ്രദർശനം തുടരുന്നു. ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെ ചെറുപുഴ ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിലാണ് എറ്റവും പുതിയ സംഭവം. സഹയാത്രികൻ നടത്തിയ നഗ്നതാ പ്രദർശനവും അശ്ലീല ചേഷ്ടയും ബസിലുണ്ടായിരുന്ന യുവതി മൊബൈലിൽ ചിത്രീകരിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തളിപ്പറമ്പ് ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ് ചെറുപുഴ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് ബസ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് യാത്രക്കാരന്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. മുണ്ടും കടുംനീല ഷർട്ടും മാസ്കും ധരിച്ച മധ്യവയസ്കൻ നഗ്നത പ്രദർശിപ്പിക്കുന്നതും കൈയിലെ പത്രം ഉപയോഗിച്ച് മറച്ചുപിടിച്ച് സ്വയംഭോഗം നടത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്.
യുവതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. അതേസമയം, സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെങ്കിലും വീഡിയോയിലെ വ്യക്തിയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഈ മാസം 18 ന് രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അങ്കമാലിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനായ യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത് വലിയ വാർത്തയായിരുന്നു. സംഭവത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ സവാദ് പോലീസ് പിടിയിലായിരുന്നു. ഈ സംഭവത്തിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായി പരാതികൾ ഉയർന്നിരുന്നു.