• 10 Jun 2023
  • 05: 47 PM
Latest News arrow

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: കുടിശിക മൂന്ന് ഘട്ടമായി 2024 ഫെബ്രുവരി 28നകം തീര്‍ക്കണം

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒആര്‍ഒപി) സ്‌കീം പ്രകാരം വിരമിച്ച സൈനികര്‍ക്കും കുടുംബ ത്തിനുമുള്ള പെന്‍ഷന്‍ കുടിശിക അടുത്ത വര്‍ഷം ഫെബ്രുവരി 28നകം കൊടുത്തുതീര്‍ക്കണമെന്ന് സുപ്രീം കോടതി.

അര്‍ഹരായ കുടുംബ പെന്‍ഷനുകളും സായുധ സേനയിലെ ധീരത പുരസ്‌കാര ജേതാക്കള്‍ക്കുമുള്ള പെന്‍ഷന്‍ കുടിശിക ഈ വര്‍ഷം ഏപ്രില്‍ 30നകം കൊടുത്തുതീര്‍ക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

70 വയസ്സിനു മുകളില്‍ പ്രായമുള്ള പെന്‍ഷന്‍ യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 30നകവും അവശേഷിക്കുന്നവര്‍ക്ക് മൂന്ന് തുല്യ ഗഡുക്കളായും നല്‍കണം. ഓഗസ്റ്റ് 30, നവംബര്‍ 30, ഫെബ്രുവരി 28 എന്നീ തീയതികള്‍ക്ക് മുന്‍പായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിരമിച്ച സൈനികരുടെ പെന്‍ഷന്‍ വൈകുന്നതില്‍ കോടതി ആകുലത പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുടിശിക നാലു ഗഡുക്കളായി നല്‍കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. സര്‍ക്കാര്‍ നിലപാടിനെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു.