"ബിജെപിയുമായുള്ള അന്തര്‍ധാരയേക്കുറിച്ച് മുഖ്യമന്ത്രിയോടു ചോദിച്ചറിയൂ' മന്ത്രി റിയാസിനോടു വി.ഡി. സതീശന്‍

ബിജെപിയുമായുള്ള അന്തര്‍ധാരയെ കുറിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ മതിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്‍.
ഗോപാലന്‍കുട്ടിയെയും വത്സന്‍ തില്ലങ്കേരിയെയും കാണാന്‍ കാറു മാറി കയറി പോയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സതീശനും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന മന്ത്രി റിയാസിന്‍റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് സതീശന്‍ ഇങ്ങനെ പറഞ്ഞത്.
പാചകവാതക വിലക്കയറ്റത്തിനെതിരെയും മോദിയുടെ കേരളം പിടിക്കുമെന്ന പ്രസ്താവനയ്ക്കെതിരെയും ഒന്നും പറഞ്ഞില്ലെന്നതാണ് റിയാസിന്‍റെ മറ്റൊരു ആരോപണം. മന്ത്രി വല്ലപ്പോഴുമൊക്കെ പത്രം വായിക്കുന്നത് നല്ലതാണ്.
ലാവലിന്‍ കേസിലും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ കേസുകളിലും ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിനൊക്കെ പകരമായാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കിയത്.
സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവന്‍ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയയ്ക്കാത്ത ആളിന്‍റെ നട്ടെല്ലാണോ വാഴപ്പിണ്ടിയും വാഴനാരുമെന്നാണ് ആലോചിക്കേണ്ടത്. ഞാന്‍ ജയിലില്‍ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എംഎല്‍എയായി കാല്‍ നൂറ്റാണ്ടോളം ആകുകയാണെങ്കിലും അദ്ദേഹത്തിന്‍റെ അത്രയും ഭാഗ്യം എനിക്കില്ല.
ആദ്യം എംഎല്‍എ ആയപ്പോള്‍ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പരിണിതപ്രജ്ഞരായ ആളുകള്‍ നിരവധിയുള്ളപ്പോള്‍ പെട്ടെന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിന്‍റെ പരിഭ്രമം കൊണ്ടാകാം അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്- സതീശന്‍ പറഞ്ഞു.