• 08 Jun 2023
  • 04: 33 PM
Latest News arrow

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്‌നയ്ക്ക് എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച്‌ സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം വി ഗോവിന്ദന്‍ നോട്ടീസില്‍ പറയുന്നു.

സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദന്‍ പറയുന്നു. ആരോപണം പിന്‍വലിച്ച്‌ സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ മുഴുവന്‍ കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായാണ് സ്വപ്‌നയുടെ ആരോപണം. അല്ലാത്തപക്ഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പറഞ്ഞത്. കേസിന്റെ ഒത്തുതീര്‍പ്പിനെന്ന പേരില്‍ തന്നെ വന്ന് കണ്ടത് വിജേഷ് പിള്ളയാണെന്നും വിജേഷ് പിള്ളയ്ക്ക് എം വി ഗോവിന്ദനെ അറിയാമെന്ന് പറഞ്ഞതായും അടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വപ്‌ന സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.