ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എന്തുകൊണ്ട് ഒന്നിച്ചുകൂടാ!

കീരിയും പാമ്പും ചര്‍ച്ച നടത്തിയതുപോലെ, കേരളത്തെ ഞെട്ടിച്ച ഒരു കാര്യമായിരുന്നല്ലോ ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ച. ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം രാജ്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തുന്നു. പിന്നെയാണോ ,നമ്മുടെ നാട്ടില്‍ ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ചര്‍ച്ച നടത്തി എന്ന കാര്യം. തങ്ങള്‍ ഒറ്റക്കല്ല ചര്‍ച്ച നടത്തിയതെന്നും ഒരുപാട് മുസ്ലീം സംഘടനകള്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും, അടച്ചിട്ട മുറിയില്‍ നടന്ന രഹസ്യ ചര്‍ച്ചയല്ല അതെന്നുമൊക്കെ ജമാഅത്ത് അമീര്‍ പിന്നീടു വിശദീകരിച്ചിരുന്നു. അങ്ങനെ ആവട്ടെ., പക്ഷേ ചര്‍ച്ച നടന്നുവല്ലോ.
വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുമായി ചര്‍ച്ച നടത്തുക ആര്‍എസ്എസിന്റെ ഒരു രീതിയാണ്. അതുകൊണ്ടുതന്നെ അവര്‍ ജമാഅത്തുകാരെ കണ്ടതില്‍ അത്ഭുതമില്ല. എന്നാല്‍ തിരിച്ചോ., ലോകത്തിലെ ഏറ്റവും ഭയക്കേണ്ട ഫാസിസ്റ്റുകള്‍ ആയിട്ടാണ് ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിനെ വിലയിരുത്തുന്നത്. മറ്റ് മുസ്ലീം സംഘടനകള്‍ ആര്‍എസ്എസുമായോ, ബിജെപിയുമായോ ചര്ച്ചപോയിട്ട്, ഏതെങ്കിലും ചടങ്ങില്‍വെച്ച് കണ്ടുപോയാല്പോലും, ഒന്ന് മിണ്ടിയാൽ പോലും അത് വലിയ പുക്കാര്‍ ആക്കുന്നവരാണ്, ജമാഅത്തെ ഇസ്ലാമിക്കാരും, അവരുടെ സൈബര്‍ വിഭാഗവും. പക്ഷേ ഇരുവരുടെയും ആശയങ്ങള്‍ പരിശോധിച്ചാല്‍ അതിശയകരമായ സാമ്യമാണ് കാണുക.
മൗദൂദിയും ഗോള്‍വാള്‍ക്കറും
ആഴത്തില്‍ പരിശോധിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു മുന്നണിയായി നില്ക്കാന് പറ്റുന്ന ആശയ സാദൃശ്യങ്ങള്‍ ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കുമുണ്ട്. ജമാഅത്തെയുടെ ആചാര്യനായ, മൗലാന മൗദൂദിയുടെ ആശയങ്ങളും, ആര്‍എസ്എസ് നേതാവ് മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ ആശയങ്ങള്ളും തമ്മില്‍ വലിയ സാമ്യതകള്‍ കാണാം. ഇരുവരും ഒരുപോലെ ജനാധിപത്യവിരുദ്ധരും, സ്ത്രീവിരുദ്ധരും, മതരാഷ്ട്രം എന്ന ആശയത്തില്‍ വിശ്വസിച്ചവരും ആണ്.
ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യ്ക്കു തുല്യമാണ് മൗദൂദിയുടെ 'ഖുതുബാത്ത്'. രണ്ടും ഒരേ മുറിയിലിരുന്ന് പരസ്പരം ചര്‍ച്ച ചെയ്ത് ഇരുവരും എഴുതിയപോലെ തോന്നും. രണ്ടും വായിച്ചുനോക്കിയാല്‍ മതാന്ധതയും വര്‍ഗീയതയും ആളിക്കത്തുമെന്നുറപ്പ്. ഇരുവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നോക്കിക്കണ്ടതും ഒരേ ദിശയിലായിരുന്നു.
സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കാളികളായ മുസ്ലിങ്ങളെ മൗദൂദി അപഹസിച്ചത് ഇങ്ങനെയാണ്; 'പ്രജായത്തം നടപ്പില്‍വരുത്താനായി സമരം ചെയ്യുന്ന കപട വിശ്വാസികളെക്കുറിച്ച് ഞാനെന്തുപറയാനാണ്?' ('ഖുതുബാത്ത്', പേജ് :140) . ദൈവത്തിന്റെ ഭരണത്തിന് അപ്പുറമുള്ള ഒന്നിനെയും മൗദൂദി അംഗീകരിക്കില്ല. ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരുനീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കിനില്‍ക്കുകയെന്നതും മുസ്ലിമിന് അനുവദനീയമല്ല' (തഹ്രീകേ ആസാദി ഔര്‍ മുസല്മാന്, പേജ് : 81).
ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം മത സംസ്ഥാപനമാണ് (ഇഖാമത്തുദ്ദീന്‍). മതം എന്നാല്‍ രാഷ്ട്രം തന്നെയാണെന്ന് സ്ഥാപക നേതാവു മൗദൂദി മുതല്‍ പുതിയ അമീര്‍ ഹുസൈനി വരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ദീന് അഥവാ മതം എന്ന വാക്കിനു പാര്‍ട്ടി എന്നു തന്നെ പരിഭാഷ നല്കിയിരിക്കുന്നതു കാണാം. മൗദൂദി ജനാധിപത്യ മതേതരവിരുദ്ധനായിരുന്നു. ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ 'ശിര്‍ക്ക്' അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ ബിന്ദുവുമില്ല എന്നും പ്രഖ്യാപിച്ചു. മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്ന കാലത്താണ് മൗദൂദി ഇന്ത്യന്‍ ദേശീയതയുടെ ആണിക്കല്ലായ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞതെന്ന് ഓര്‍ക്കണം!
എതാണ്ട് സമാനമായ ആശയം നമുക്ക് ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലും കാണാം. മൗദൂദിയെപ്പോലെ മറ്റുമതസ്ഥരെയും കമ്യൂണിസ്റ്റുകളെയും ഗോള്‍വാള്‍ക്കര്‍ പ്രശ്നവത്ക്കരിക്കുന്നു. ഇവര്‍ ഒന്നുമില്ലാത്ത ഒരു അഖണ്ഡഭാരതം സ്വപ്നം കാണുന്നു.
ജമാഅത്തെ ഇസ്ലാമി നടത്തുന്ന ഡിസ്കോഴ്സുകളില്‍ ഒന്നും തന്നെ ഇപ്പോള്‍ മൗദൂദിസം കാണാറില്ല. അതുപോലെ തന്നെ ആര്‍എസ്എസ് ഗോള്‍വാള്‍ക്കറെയും പൊക്കിപ്പിടിക്കാറില്ല. ആധുനിക കാലത്ത് ഇത്തരം ആശയങ്ങള്‍ പറയുന്നത് തന്നെ മോശമാണെന്ന ധാരണ രണ്ടുകൂട്ടര്‍ക്കുമുണ്ട്. മൗദൂദിയെക്കുറിച്ച് പറയാതെ, പ്ലാച്ചിമട സമരവും, കൊക്കോകോളയും, കെ റെയിലും, ദേശീയപാത സമരവുമൊക്കെയായി ജമാഅത്ത് പ്രച്ഛന്നവേഷം കെട്ടുന്നു. ആര്‍എസ്എസ് ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയുമൊക്കെ കൈവിട്ട് ശബരിമലയും, പശുരാഷ്ട്രീയവും, ശ്രീരാമനുമൊക്കെയായി പച്ചയായി മതം കലക്കി വോട്ടുപിടിക്കുന്നു!
അടിമുടി സ്ത്രീ വിരോധികള്‍
അടിമുടി സ്ത്രീ വിരോധികളാണ് ഗോള്‍വാള്‍ക്കറും മൗദൂദിയും. വംശശുദ്ധി എന്ന ആശയത്തെയും സ്ത്രീ സമത്വത്തെയും ഗോള്‍വാള്‍ക്കാര്‍ എതിര്‍ത്തപോലെ മൗദൂദിയും എതിര്‍ക്കുന്നു. മൗദൂദി രചിച്ച 'പര്‍ദ്ദ' എന്ന പുസ്തകം ആണധികാരത്തിന്റേയും പെണ്ണടിമത്ത്വത്തിന്റേയും വേദഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന കൃതിയത്രേ. ഉറുദുവില്‍ രചിക്കപ്പെട്ട ആ പുസ്തകം അല്‍ അശ്അരി ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജമാഅത്തിന്റെ ന്യൂഡല്‍ഹിയിലെ മര്‍കസി മക്തബ ഇസ്ലാമി പബ്ലിഷേഴ്സാണ് പ്രസാധകര്.
2013 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പതിപ്പില്‍നിന്നുള്ള ചില ഉദ്ധരണികള്‍ ശ്രദ്ധിക്കാം. 'പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമാണ് പ്രകൃതി ജൈവശാസ്ത്രപരമായി സ്ത്രീകളെ സംവിധാനം ചെയ്തിരിക്കുന്നതെന്നും സാമ്പത്തിക ജീവിതം ഉള്‍പ്പെടെയുള്ള തുറകളില്‍ സ്ത്രീകള്‍ ഭാഗഭാക്കാകേണ്ടതില്ലെന്നും സമര്‍ത്ഥിച്ചുകൊണ്ട് മൗദൂദി എഴുതുന്നു. ''മനുഷ്യവംശത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ പുരുഷന് ഒന്നേ ചെയ്യേണ്ടൂ-സ്ത്രീയെ ഗര്‍ഭിണിയാക്കുക. അതോടെ അവന്റെ ജോലി കഴിഞ്ഞു. അതേസമയം സ്ത്രീ തുടര്‍ന്നുള്ള ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഗര്‍ഭധാരണം തൊട്ട് കുഞ്ഞിനെ വളര്‍ത്തുന്നതടക്കമുള്ള ഉത്തരവാദിത്വം - എന്നിരിക്കെ അവള് സാമ്പത്തിക മേഖലയില്‍ പണിയെടുത്ത് കുടുംബം പോറ്റണമെന്നു പറയുന്നത് ന്യായമാണോ? രാജ്യരക്ഷയ്ക്ക് പുരുഷനോടൊപ്പം അവളും പൊരുതണമെന്നോ വ്യാപാര-വ്യവസായ തുറകളില്‍ അവളും പ്രവര്‍ത്തിക്കണമെന്നോ പറയുന്നത് നീതിയാണോ? പുരുഷന് ചെയ്യേണ്ട അത്തരം ജോലികള്‍ സ്ത്രീകളെ ഏല്‍പ്പിക്കുന്നത് പ്രകൃതിയുടെ ഇച്ഛയ്ക്ക് വിരുദ്ധമാണ്''.
മറ്റൊരിടത്ത് ആചാര്യന് വ്യക്തമാക്കുന്നു. '...വീടിനകത്തെ രാജ്ഞിയാണ് സ്ത്രീ. കുടുംബം പോറ്റേണ്ട ബാധ്യത ഭര്‍ത്താവിനാണ്. അയാളുടെ വരുമാനമുപയോഗിച്ച് കുടുംബകാര്യങ്ങള്‍ നിര്‍വ്വഹിക്കല്‍ മാത്രമാണ് സ്ത്രീയുടെ ജോലി... വീടിനു പുറത്തുള്ള എല്ലാ മതകാര്യങ്ങളില്‍നിന്നും അവള് ഒഴിവാക്കപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ചയിലെ സമൂഹപ്രാര്‍ത്ഥനയില്‍ അവള് പങ്കെടുക്കേണ്ടതില്ല... ശവസംസ്കാര പ്രാര്‍ത്ഥനയില്‍നിന്നു കൂടി അവള് ഒഴിവാക്കപ്പെട്ടിട്ടുണ്ട്... അടുത്ത പുരുഷബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയും അവള്‍ക്കില്ല.''
സ്ത്രീയുടെ സാമൂഹിക ചലനങ്ങളില്‍ നിരവധി വിലക്കുകള്‍ ഇസ്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ജമാഅത്ത് ഗുരു ഭരണരംഗം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പെണ്‍വര്‍ഗ്ഗം ശോഭിക്കുകയില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. ഭരണം സ്ത്രീകളെ ഏല്‍പ്പിച്ച ഒരു ദേശവും വിജയിച്ചിട്ടില്ലെന്നും കഴിവുകളില്‍ ആണും പെണ്ണും തുല്യരല്ല എന്നും ചൂണ്ടിക്കാട്ടിയ ശേഷം മൗദൂദി പറയുന്നു: ''സ്ത്രീകള്‍ എത്രതന്നെ കഠിനാധ്വാനം ചെയ്താലും അവരില്‍നിന്നു അരിസ്റ്റോട്ടിലിനെയോ ഇബ്നു സീനയെയോ കാന്റിനെയോ ഹെഗലിനെയോ ഖയ്യാമിനെയോ ഷെക്സ്പിയറെയോ അലക്സാണ്ടറെയോ നെപ്പോളിയനെയോ സലാഹുദ്ദീനെയോ നിസാമുല്‍ മുല്‍ക്ക് തൂസിയെയോ ബിസ്മാര്‍ക്കിനെയോ പോലുള്ള പ്രതിഭകള്‍ ഉണ്ടാവുക സാധ്യമല്ല.'' ചുരുക്കിപ്പറഞ്ഞാല്‍, പൊതുജീവിതത്തിന്റെ യാതൊരു തുറകളിലേക്കും സ്ത്രീകള്‍ കടന്നുവരേണ്ടതില്ല എന്നാണ് 'പര്‍ദ്ദ'യില്‍ മൗദൂദി പറഞ്ഞുവെയ്ക്കുന്നത്.
ഇന്റലക്ച്വൽ ജിഹാദ്
നേരത്തെ ജമാഅത്തെ ഇസ്ലാമി ആധുനിക മതേതര വിദ്യാഭ്യാസത്തിന് എതിരായിരുന്നു. കലാലയങ്ങളല്ല കൊലാലയങ്ങളാണെന്നാണവര്‍ അന്ന് പറഞ്ഞത്. അവര്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതിന് എതിരായിരുന്നു. കോടതിയില്‍ പോകുന്നതിന് എതിരായിരുന്നു.1941 മുതല്‍ 1977 വരെ അവര്‍ പറഞ്ഞിരുന്നത് വോട്ട് ചെയ്യാന്‍ പാടില്ല എന്നായിരുന്നു. കാരണം ഇവിടുത്തെ സര്‍ക്കാര്‍ ഇസ്ലാമിനെതിരാണെന്നായിരുന്നു അവരുടെ വിശ്വാസം. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടപ്പോഴാണ് ഇന്ദിരാ ഗാന്ധിയ്ക്കെതിരെ വോട്ട് ചെയ്യണമെന്നറിയിച്ച് അവര്‍ രംഗത്തുവരുന്നത്. അപ്പോഴാണവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
ഇന്ത്യയില്‍ അടിയന്തരാവസ്ഥക്ക്ശേഷം ജമാഅത്തെ ഇസ്ലാമി കൃത്യമായി പ്ലേറ്റ് മാറ്റി. അവര്‍ ജനാധിപത്യ മതേതരധാരയെ അംഗീകരിച്ചു. അപ്പോഴും പ്രശ്നങ്ങള്‍ ബാക്കിയായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ബോര്‍ഡ് എഴുതിവെച്ച് കേരളത്തിലടക്കം ഹിന്ദുത്വ വര്‍ഗീയതക്ക് ആളും അര്‍ഥവും ഒരുക്കിക്കൊടുത്ത സിമിയോട് ആദ്യകാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് തീര്‍ത്തും മൃദു സമീപനം ആയിരുന്നു. കെ ടി ജലീല്‍ അടക്കമുള്ളവര്‍ ഒരു കാലത്ത് സിമയില്‍ ആയിരുന്നു. ഇന്നത്തെ ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് ആയിരുന്നു സിമിയുടെ ആദ്യ പ്രസിഡന്റും. അന്ന് ജമാഅത്ത് വിദ്യാര്‍ത്ഥി ഖല്ഖ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജമാഅത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനം പിന്നീട് എസ്ഐഒ ആയപ്പോഴാണ് സിമിയെ തള്ളിപ്പറയുന്നത്. പിന്നീട് സിമി നിരോധിക്കപ്പെട്ടു. അപ്പോഴും അതിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തിരിച്ചുപോയത് ജമാഅത്തെ ഇസ്ലാമിയിലേക്കാണ്. പില്ക്കാല ഭാരവാഹിയായിരുന്ന ഇ അബൂബൂബക്കറിനെപ്പോലുള്ള ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ടിലേക്കും പോയി.
എന്താണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്ന് ചോദിച്ചപ്പോള്‍ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ഇ എ ജബ്ബാര്‍ ഒരിക്കല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിനുള്ള ബൗദ്ധിക പിന്തുണ കൊടുത്ത് മറഞ്ഞിരുന്ന് പരോഗമന വാദം കളിക്കുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നേരിട്ട് മതവാദം കലര്‍ത്തി കൈവെട്ട് അടക്കമുള്ള അക്രമങ്ങളിലേക്കു നീങ്ങുന്നു.'- തീവ്രവാദത്തിന് തീവെട്ടിപിടിക്കുന്നത് ജമാഅത്തുകാര്രാണ് .. അത് തീവ്രവാദം പോലെ തന്നെ കുറ്റകരമാണ്.
ആര്‍എസ്എസ് പച്ചക്ക് മതരാഷ്ട്രീയം കളിക്കുമ്പോള്‍ ഗോപ്യമായാണ് ജമാഅത്തെ ഇസ്ലാമി മൗദൂദിയന്‍ ചിന്തകള്‍ കയറ്റിവിടുന്നത്. പ്രശസ്ത എഴുത്തുകാരന് ഹമീദ് ചേന്ദഗംഗല്ലൂരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അത് ഒരു ഇന്റ്വലക്ച്വൽ ജിഹാദ് ആണ്. '' പരിഷത്തും, നക്സലൈറ്റുകളുമൊക്കെ നടത്തുന്ന വിവിധ സമരങ്ങള്‍ ഏറ്റെടുത്ത്, സമൂഹത്തില്‍ തങ്ങള്‍ വേറിട്ട് നില്ക്കുന്നവര് ആണെന്ന ധാരണ അവര്‍ ഉണ്ടാക്കുന്നു. തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതുവാനുള്ള അവസരം കൊടുത്തും, അവാര്‍ഡുകളും വിദേശയാത്രകളുമായി പാട്ടിലാക്കിയും, ഒരു വലിയ വിഭാഗം സാഹിത്യകാരന്മ്മാരെയും തങ്ങളുടെ പക്ഷത്ത് ആക്കുന്നു. ശരിക്കും ഒരു ബൗദ്ധിക ജിഹാദ് തന്നെയാണിത്.''
ഇനി പറയുക ---ഇത്രയോറെ സാമ്യങ്ങളുള്ള ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എന്തുകൊണ്ട് ഒരു മുന്നണിയായി പ്രവര്‍ത്തിച്ചുകൂടാ!
വാല്‍ക്കഷ്ണം: സാത്താന് സമാനമായി അവര്‍ പ്രചരിപ്പിച്ച സംഘടനയുമായി, ഒരു സുപ്രഭാതത്തില്‍ ചര്ച്ചക്ക്പോയി അതിനെ ന്യായീകരിക്കാന്‍ അപാരമായ തൊലിക്കട്ടിവേണം. ഈ കാപട്യവും, ഇരട്ടത്താപ്പും പക്ഷേ ജമാഅത്തെ ഇസ്ലാമിക്ക് പുത്തരിയല്ല. അവരുടെ ചരിത്രം എടുത്തുനോക്കിയാല്‍ അടിമുടി ഇരട്ടത്താപ്പാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ