• 04 Oct 2023
  • 06: 36 PM
Latest News arrow

വെടിയുണ്ടയേല്‍ക്കുന്നത് പ്രേക്ഷകന്റെ തലച്ചോറില്‍!

ചലച്ചിത്ര നിരൂപണം- ക്രിസ്റ്റഫര്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍! മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയത് ക്രിസ്റ്റഫര്‍ എന്ന പുതിയ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കില്‍ അങ്ങനെ പറയാം. കഥ പഴഞ്ചനും, വളിച്ചതും, പുളിച്ചതുമാണ്. പക്ഷേ അതിനെ മനോഹരമായി പാക്ക് ചെയ്ത്, ഫ്‌ളേവര്‍ കൊടുത്ത്, മോശമല്ലാത്ത രീതില്‍ എടുക്കാന്‍ ബി ഉണ്ണികൃഷ്ണനായിട്ടുണ്ട്. നേരത്തെ ഉണ്ണി എടുത്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെ വെച്ചുനോക്കുമ്പോള്‍ ക്രിസ്റ്റഫര്‍ പറുദീസയാണ്. പക്ഷേ സമകാലീന മമ്മൂട്ടി ചിത്രങ്ങളുടെ നിലവാരം നോക്കുമ്പോള്‍, ഏറെ താഴെയും. 90കളിലെ ജോഷി ചിത്രങ്ങള്‍ ആസ്വദിച്ചപോലെ കണ്ടിരിക്കാവുന്ന ഒരു ചിത്രം മാത്രമാണിത്.

ട്രെയിലറിലും ടീസറിലും കണ്ടപോലെ, എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ, ക്രിമിനലുകളുടെ പേടി സ്വപ്‌നമായ ഒരു ഐപിഎസ്  പൊലീസ് ഓഫീസറാണ് ക്രിസ്റ്റഫര്‍. നീതിമാനായ, പഴയകാല മുറിവുകള്‍ വേട്ടയാടുന്ന, ഒറ്റയാനായ, പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന പഴയ 'ആവനാഴി' മോഡല്‍ തീമിലേക്ക് എറ്റുമുട്ടല്‍ കൊല ചേരുകയാണ്.
പലപ്പോഴും നിയമം കയ്യിലെടുത്ത് ക്രിമിനലുകളെ തീര്‍ക്കുന്നതുകൊണ്ട് സമൂഹത്തിന് ക്രിസ്റ്റഫര്‍ ഹീറോയാണ്. പക്ഷേ പൊലീസിലെ ഒരു വിഭാഗത്തിന് തലവേദനയും. ക്രിസ്റ്റഫറിന്റെ ഒരു എക്‌സ്ട്രാ ജുഡീഷ്യല്‍ മര്‍ഡര്‍ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജനം അയാള്‍ക്ക് വേണ്ടി ആര്‍ത്തുവിളിക്കുമ്പോഴും സര്‍ക്കാറിലും പൊലീസിലും അയാള്‍ ഒറ്റപ്പെടുകയാണ്. ആരാണ് ക്രിസ്റ്റഫര്‍ എന്താണ് അയാളുടെ മോട്ടീവ് എന്ന് അറിയാല്‍ പൊലീസില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. ആദ്യപകുതി മുതല്‍ അതാണ്. രണ്ടാം പകുതിയില്‍ വില്ലനുമായുള്ള നേരിട്ടുള്ള അങ്കങ്ങളും.

ചിത്രത്തില്‍ ഭയങ്കരമായി ചീറ്റിപ്പോയത് ക്ലൈമാക്‌സാണ്. 'ശൂ' എന്നായിപ്പോവുന്നു അവസ്ഥ. ഇതിനായിരുന്നോ ഇമ്മാതിരി ബില്‍ഡപ്പുകള്‍ ഒക്കെ എന്ന് തോന്നിപ്പോവും. സാധാരണ ഉദയകൃഷ്ണയുടെ സിനിമകളില്‍ കാണുന്ന ക്ലൈമാക്‌സ് ട്വിസ്റ്റും പഞ്ചും, ഇത്തവണ നനഞ്ഞ പടക്കമായപ്പോയി. സത്യത്തില്‍ ഉദയന്റെ ഈ തലയൊന്നും വെയിലുകൊള്ളിക്കരുത്. എത്രകാലമായി ഒരേ ടൈപ്പില്‍ ഇങ്ങനെ എഴുതുന്നു. ഒരു മാറ്റവുമില്ല!

ജനഗണമനയുടെ വിപരീത രാഷ്ര്ട്രീയം

ഈ സിനിമയുണ്ടാക്കുന്ന എറ്റവും വലിയ ദുരന്തം അത്, ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ഓമനേപ്പരില്‍ അറിയപ്പെട്ടുന്ന എക്ട്രാ ജുഡീഷ്യല്‍ മര്‍ഡറുകളെ നിര്‍ലജ്ജം ന്യായീകരിക്കുന്നുവെന്നതാണ്. പൃഥ്വീരാജിന്റെ  ജനഗണമന എന്ന വിഖ്യാത ചിത്രമൊക്കെ ഏറ്റുമുട്ടല്‍ കൊലയുടെ മറുഭാഗം കാണിച്ചുതന്നിരുന്നു.  നിയമ വ്യവസ്ഥയോടുള്ള പരോക്ഷമായ വെല്ലുവിളികൂടി ആയിപ്പോയി ഈ ചിത്രം.

വയലന്‍സിന്റെ അതിപ്രസരം പലപ്പോഴും ചിത്രത്തില്‍ കാണാം. ഇത്രയധികം റേപ്പ് സീനുകള്‍ ഉള്ള ചിത്രം ബാലന്‍ കെ നായര്‍- ടി ജി രവി കാലത്തുപോലും കണ്ടിട്ടില്ല. കേരളം യാതൊരു നിയമവാഴ്ചയുമില്ലാത്തെ വെറും, വെള്ളരിക്കാപ്പട്ടണമായ, ഉണ്ണാക്കന്‍ സംസ്ഥാനമാണെന്നാണ്, ഉദയകൃഷ്‌യുടെ ധാരണയെന്ന് തോന്നുന്നു. സ്‌കൂട്ടിറില്‍ പോകുന്ന പെണ്‍കുട്ടികളെ വാനിലെത്തി ഇടിച്ചിടുന്നു, വണ്ടിയില്‍ വലിച്ചിട്ട് ബലാത്സഗം ചെത്ത് കൊന്ന് കൂളായി കാട്ടിലെറിയുന്നു. പ്രതികളെ ക്രിസ്റ്റഫര്‍ പരസ്യമായി  വെടിവെച്ച് കൊല്ലുകയും ചെയ്യുന്നു. എന്നിട്ട് ജസ്റ്റിസ് ഡിലൈഡ് ഈസ് ജസ്റ്റിസ് ഡിനൈഡ് എന്ന് പറയുകയും ചെയ്യുന്നു. പലപ്പോഴും ക്രിസ്റ്റഫറിന്റെ വെടിയുണ്ട ഏല്‍ക്കുന്നത് പ്രേക്ഷകന്റെ ലോജിക്കിന്റെ തലച്ചോറിലാണ്! പുഷ്പംപോലെ ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും കൊന്ന് തള്ളുകയാണ്. ഈ പടം ഹിന്ദിയില്‍ മുംബൈ പശ്ചാത്തലമാക്കി എടുക്കയാണെങ്കില്‍ കൊള്ളാമായിരുന്നു!

മലയാള സിനിമയില്‍ ന്യൂജന്‍ തരംഗം വന്നതിനുശേഷമുള്ള പ്രധാനമാറ്റം ലോജിക്കലായി ചിത്രങ്ങള്‍ ഇറങ്ങുന്നുവെന്നതായിരുന്നു. പക്ഷേ ഇവിടെ വീണ്ടും, യുക്തി ആവശ്യമില്ലാത്ത എന്തും ചെയ്യാന്‍ കഴിയുന്നു 'സംഹാരമൂര്‍ത്തിയായ' നായകന്റെ പോരിശയിലേക്ക് ചിത്രം തിരിച്ചുപോവുകയാണ്. കട്ട മമ്മൂട്ടി ഫാന്‍സ് ഇതൊക്കെ കണ്ട് കൈയടിക്കുമായിരിക്കും. പക്ഷേ ഫാന്‍സുകാര്‍ മാത്രമല്ലല്ലോ, സിനിമകാണുന്നത്. കമ്പിപ്പാരയും, ജാക്കിലിവറും ഒക്കെ എടുത്തുകൊണ്ട് ലോറിത്താവളത്തിലെ ഭീകര സംഘട്ടനങ്ങളൊക്കെ പഴയ ജോഷി ചിത്രങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

ഇനി ചിത്രത്തിലെ റേപ്പ് സീനുകളുടെ ഡീറ്റെലിങ്ങും ശരിക്കും അപലപനീയമാണ്. ഒരുപക്ഷേ വേട്ടക്കാരനെ ആനന്ദിപ്പിക്കുന്ന പോലുള്ള സീനുകള്‍ എന്ന് വിമര്‍ശനം വന്നേക്കാവുന്ന ഈ രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കണ്ടില്ലേ. ഇന്ത്യയില്‍ വളരെയധികം കുപ്രസിദ്ധി നേടിയ ബലാത്സംഗ കേസുകളുടെ റഫറന്‍സ് ഉപയോഗിച്ചാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. റേപ്പിസ്റ്റുകള്‍ക്ക് ഇപ്പോഴത്തെ നീതി വ്യവസ്ഥ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നില്ല എന്ന പൊതുബോധത്തെ പരമാവധി തൃപ്തിപ്പെടുത്തുന്ന ചിത്രമാണിത്. ആള്‍ക്കൂട്ടത്തിന്റെ കൈയടിയല്ലാതെ, വിഷയത്തിന്റെ ആഴങ്ങളിലേക്ക് കടക്കാനുള്ള ഒരു ശ്രമംചിത്രം നടത്തുന്നില്ല.

സ്‌റ്റെലിഷ് മമ്മൂട്ടി, പക്ഷേ...

പക്ഷേ എന്തെല്ലാം ഫാള്‍ട്ടുകള്‍ ഉണ്ടായിട്ടും ചിത്രത്തെ വാച്ചബിള്‍ ആക്കുന്നത് ഈ 71ാം വയസ്സിലും നമ്മുടെ മമ്മൂക്കയുടെ ഘടാഘടിയന്‍ പ്രകടനമാണ്. റോഷാക്കിലോ നന്‍പകലിലോ മുഖത്ത് കണ്ട പ്രായം ഇവിടെ തോനുന്നേയില്ല. ചുള്ളനായ, കൂടതല്‍ സ്‌റ്റെലിഷ് ആയ മമ്മൂട്ടിയെയാണ് ഈ ക്രിസ്റ്റഫറില്‍ കാണാന്‍ കഴിയുക. അടിപൊളി ഡ്രസിങ്ങില്‍, കിടിലന്‍ ബിജിഎമ്മില്‍ മമ്മൂട്ടി തോക്കുമായി എത്തുമ്പോള്‍ ഏതൊരു ആരാധകനും കൈയടിച്ചുപോവും. പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന, ലോകമഹാത്ദുഭമാണ് താനെന്ന് മമ്മൂട്ടി ഒരിക്കല്‍കൂടി തെളിയിക്കയാണ്!

പക്ഷേ അഭിനയത്തിലേക്ക് വന്നാല്‍, മമ്മൂട്ടിക്ക് വെല്ലുവിളിയായ ഒരു വേഷമൊന്നുമല്ല ഇത്. ഉള്ളത് അദ്ദേഹം വൃത്തിയിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ മിക്ക സീനുകളിലും കുളിച്ച് കുട്ടപ്പനായി ബ്രാന്‍ഡ് ഷര്‍ട്ടുകളിട്ട് സ്‌ളോമോഷനില്‍ നടക്കുക എന്നല്ലാതെ, മമ്മൂട്ടിയുടെ കഥാപാത്രത്തിന് കാര്യമായി അഭിനയിക്കാനൊന്നുമില്ല. ഭീഷ്മപര്‍വവും, പുഴുവും, റോഷോക്കും, നന്‍പകല്‍ നേരത്ത് മയക്കവുമൊക്കെയായി തുടരെ തുടരെ നല്ല ചിത്രങ്ങള്‍ അഭിനയിച്ച് വരുന്ന ഈ സമയത്ത്, ഇതുപോലെ ഒരു സാധനം വേണോ എന്ന് ഈ മഹാനടന്‍ ചിന്തിക്കണമായിരുന്നു.

പക്ഷേ ചിത്രത്തില്‍ നായികയായി പറയാവുന്ന അമലപോളിന്റെ പൊലീസ് വേഷം എങ്ങുമെത്തിയിട്ടില്ല. ശരീരഭാഷ കൊണ്ട് അമല ഒരു പൊലീസാണെന്ന്‌പോലും തോനുന്നില്ല. സമാനമായ റോളിലാണ് നടി സ്‌നേഹയും. ശരിക്കും ചീറ്റിപ്പോയ കഥാപാത്രം.  പ്രേക്ഷകര്‍ മടുത്ത 80കളിലെ പ്രണയ- ഡിവോഴ്‌സ് മെലോഡ്രാമാ ട്രാക്ക് മമ്മൂട്ടി- സ്‌നേഹ ബന്ധത്തില്‍ കൊടുത്ത തിരക്കഥാകൃത്തിന്റെ ബുദ്ധിയും അപാരം. നായകനെ മനസ്സിലാക്കതെ ഡിവോഴ്‌സ് നേടുന്ന നായിക, അവള്‍ അവസാനം നായകനോട് വീണ്ടു സ്‌നേഹം കാട്ടുന്നു തുടങ്ങിയ ക്ലീഷേകളുടെ ക്ഷീരബല.

അടുത്തകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടി ഐശര്യലക്ഷ്മി ഈ പടത്തിലും തിളങ്ങുന്നുണ്ട്. ഇന്റര്‍വെല്ലിനുശേഷം വരുന്ന ഷൈന്‍ ടോം ചാക്കോയുടെ പൊലീസ് ഓഫീസറാണ്, ഉള്ള സീനുകളില്‍ കലക്കുന്നത്. ദിലീഷ് പോത്തനും, സിദ്ദീഖും പതിവുപോലെ തങ്ങള്‍ക്ക് കിട്ടിയത് ജോറാക്കുന്നുണ്ട്. അതുപോലെ മലയാളത്തില്‍ ആദ്യമായി എത്തിയ വിനോദ് റായിയുടെ വില്ലന്‍ വേഷം, ചിത്രത്തെ വാച്ചബിലിറ്റി കൂട്ടുന്നു. ( വന്നുവന്ന് ഒരു സൂപ്പര്‍ വില്ലന്‍ വേണമെങ്കില്‍ വിവേക് ഒബ്‌റോയിയെപ്പോലെയാക്കെ അന്യഭാഷാ നടന്‍മ്മാര്‍ വേണം എന്ന അവസ്ഥയായിരിക്കുന്നു)

ബി. ഉണ്ണികൃഷ്ണന്റെ മേക്കിങ് സ്‌റ്റെല്‍ നന്നായിട്ടുണ്ട്. ആ വിഷയത്തിന്റെ മൂഡിന് ചേരുന്ന രീതിയിലാണ് ഫ്രെയിമുകള്‍. പക്ഷേ ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതമൊക്കെ ഓവാറാക്കി പലയിടത്തും അരോചകമാവുന്നു. റോഷോക്കിലെ പോലെയൊന്നും അത് സ്‌റ്റെലിഷ് ആവുന്നില്ല. പക്ഷേ മേക്കിങ്ങ് എത്ര നന്നായിട്ടെന്താണ്, നിങ്ങളുടെ തിരക്കഥ ചീറ്റിപ്പോയാല്‍ പോയില്ലേ. അതുകൊണ്ട് തന്നെ, സൂപ്പര്‍ ഹിറ്റാവേണ്ടിയിരുന്നു ഈ സിനിമയെ ശരാശരിയാക്കിയതിലെ പ്രധാന പ്രതി, മലയാളത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ്!  

വാല്‍ക്കഷ്ണം: പക്ഷേ ഈ ചിത്രത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള വാക്കുകളും, സ്ത്രീവിരുദ്ധതയും, ബോഡിഷെയിമിങ്ങ് തമാശകളും ഉള്‍പ്പെടുത്താത്തതിന് നാം ഉദയകൃഷ്ണയോട് നന്ദി പറയണം. സാധാരണ ഉദയന്റെ ഒരു സ്ഥിരം വേട്ടമൃഗമായിരുന്നു ഇവ!