• 23 Mar 2023
  • 06: 29 AM
Latest News arrow

ഇനി കോഴിക്കോടും നഗരക്കാഴ്ചകള്‍ കാണാം; KSRTC ഡബിള്‍ ഡെക്കര്‍ സര്‍വീസ് തുടങ്ങുന്നു

തിരുവനന്തപുരത്തിന് സമാനമായി നഗരക്കാഴ്ചകള്‍ കാണിക്കാന്‍ കെഎസ്‌ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ സര്‍വീസ് കോവിക്കോടും ആരംഭിക്കുന്നു.

യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവിലാണ് കെഎസ്‌ആര്‍ടിസി കോഴിക്കോട് നഗരത്തില്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

കോഴിക്കോട് നഗരത്തില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെയാണ് ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് നടത്തുക. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച്‌ എന്നീ സ്ഥലങ്ങളിലൂടെയാകും ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് സര്‍വീസ് കടന്നുപോകുക.

തിരുവനന്തപുരത്തെ പോലെ ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദിവസവും ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സര്‍വീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

വിദേശരാജ്യങ്ങളില്‍ ഉള്‍പ്പടെ വന്‍ നഗരങ്ങളില്‍ സമാനമായരീതിയില്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസുകളുണ്ട്. ഈ മാതൃക പിന്തുടര്‍ന്ന് തിരുവനന്തപുരത്ത് തുടങ്ങിയ ഡബിള്‍ ഡെക്കര്‍ സര്‍വീസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ മറ്റിടങ്ങളില്‍ കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ കെഎസ്‌ആര്‍ടിസി ആലോചിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് കോഴിക്കോട് നഗരത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. പുതിയ സര്‍വീസിലൂടെ കോഴിക്കോട് നഗരക്കാഴ്ചകള്‍ കാണാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് കെഎസ്‌ആര്‍ടിസി പ്രതീക്ഷിക്കുന്നത്.