2036 ഒളിമ്ബിക്സ്: ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയും

ന്യൂഡല്‍ഹി: 2036ലെ ഒളിമ്ബിക്സിന് ആതിഥേയത്വം വഹിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ. ഇക്കാര്യത്തില്‍ നേരത്തേ തന്നെ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദേശീയ ഗെയിംസ് ഗുജറാത്തില്‍ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ലോകത്തെ ഏറ്റവും വലിയ കായികോത്സവത്തിന് ആതിഥ്യമരുളാന്‍ നീക്കങ്ങള്‍ തുടരുന്നത്. ലോകകപ്പ് ഫുട്ബാള്‍ പോലൊരു വലിയ കായിക പരിപാടി സമീപഭാവിയില്‍ ഇന്ത്യയിലും നടക്കുമെന്ന് ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാകുര്‍, ഒളിമ്ബിക്സ് കാര്യത്തില്‍ ഇന്ത്യയുടെ താല്‍പര്യം ആവര്‍ത്തിച്ചു.
ശ്രമം ഗുജറാത്തിലേക്ക്
ഗുജറാത്തിലെ അഹ്മദാബാദിനെ ഒളിമ്ബിക്സ് ആതിഥേയ നഗരമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം ഠാകുര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഗുജറാത്ത് പല തവണ താല്‍പര്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് അതിനുള്ള സൗകര്യങ്ങളെല്ലാമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാരിസ് (2024), ലോസ് ആഞ്ജലസ് (2028), ബ്രിസ്ബേന്‍ (2032) നഗരങ്ങളിലാണ് അടുത്ത മൂന്ന് ഒളിമ്ബിക്സുകള്‍. ജര്‍മനി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ഖത്തര്‍ രാജ്യങ്ങളും 2036 ഒളിമ്ബിക്സില്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2036 ഒളിമ്ബിക്സുമായി ബന്ധപ്പെട്ട് 10 പട്ടണങ്ങളുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണെന്ന് അടുത്തിടെ അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അറിയിച്ചിരുന്നു. 1951, 1982 എഷ്യന്‍ ഗെയിംസുകളും 2010 കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യയിലാണ് നടന്നത്. ന്യൂഡല്‍ഹിയായിരുന്നു വേദി.
കേന്ദ്ര കായികമന്ത്രി പറഞ്ഞത്
നിര്‍മാണം മുതല്‍ സേവനം വരെ ഓരോ മേഖലയിലും ഇന്ത്യ വാര്‍ത്തയാകുന്ന ഈ കാലത്ത് കായിക രംഗത്തും എന്തുകൊണ്ട് പറ്റില്ലെന്ന് അനുരാഗ് ഠാകുര്‍ ചോദിച്ചു. ജി20 ഉച്ചകോടിക്കും രാജ്യം വേദിയാവാനിരിക്കുകയാണ്. ആതിഥേയത്വം സംബന്ധിച്ച് ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനുമായി സംസാരിച്ച് 2023 സെപ്റ്റംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി യോഗത്തിന് മുമ്ബ് രൂപരേഖ തയാറാക്കും. 2032 വരെയുള്ള വേദികള്‍ തീരുമാനിച്ചിട്ടുണ്ട്. അതു കഴിഞ്ഞുവരുന്ന ഒളിമ്ബിക്സിനാണ് ശ്രമമെന്നും കായിക മന്ത്രി അറിയിച്ചു.