• 01 Oct 2023
  • 06: 42 AM
Latest News arrow

നേര് മറയ്ക്കാൻ സിബിഐ - 3 .....മാപ്പുസാക്ഷികളായ പ്രതികൾ

ആർക്കും ഒരുപദ്രവവും ചെയ്യാത്ത പ്രകൃതമായിരുന്നു ശശീന്ദ്രന്റേത്. മാധ്യമങ്ങൾ വാഴ്ത്തിയത് പോലെ അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തി വന്ന  യോദ്ധാവൊന്നും ആയിരുന്നില്ല അദ്ദേഹം. അതിനുള്ള ആത്മബലമൊന്നും ശശീന്ദ്രന് ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, മലബാർ സിമെന്റ്സിലെ അഴിമതി കേസുകളിൽ ചിലതിലെങ്കിലും കമ്പനി സെക്രട്ടറിയായ താനും പ്രതി ചേർക്കപ്പെടുമോയെന്നു  അദ്ദേഹം ഭയന്നിരുന്നു. ആരംഭ കാലം മുതൽ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഊറ്റിയെടുത്തു കൊണ്ടിരുന്ന കമ്പനിയാണ് മലബാർ സിമന്റ്‌സ്. ഈ അഴിമതികളിൽ  പങ്കാളി ആവുകയോ ഒരാളിൽ നിന്നും കൈക്കൂലി വാങ്ങുകയോ ചെയ്തില്ലെങ്കിലും സ്വന്തം  വീട്  ഭാര്യ ടീനയുടെ പേരിലേക്ക് മാറ്റി അവിടെ വാടകക്ക് താമസിക്കുന്നതായി രേഖ നൽകി പ്രതിമാസം പതിനായിരം രൂപ വാടകയിനത്തിൽ ശശീന്ദ്രൻ കമ്പനിയിൽ നിന്ന്  കൈപ്പറ്റിയിരുന്നു. അത് പിടിക്കപ്പെടുകയും കമ്പനി അന്വേഷണം നടത്തുകയും ചെയ്തത് അദ്ദേഹത്തെ മാനസികമായി തളർത്തി. 
1996 ൽ മലബാർ സിമെന്റ്സിൽ ജോലിയിൽ പ്രവേശിച്ച ശശീന്ദ്രന് സർവ്വീസ് കാലയളവിൽ ലഭിച്ച മെമ്മോകൾക്കു കയ്യും കണക്കുമില്ല. ഓഫിസിൽ സമയത്തു വരാതിരിക്കുക, സർക്കാരിൽ നിന്നുള്ള ഉത്തരവുകൾ യഥാസമയം കമ്പനി തലപ്പത്തു അറിയിക്കാതിരിക്കുക തുടങ്ങി വീഴ്ചകൾ ആവർത്തിച്ച് കൊണ്ടേയിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം തനിക്കു ഓഫിസിൽ  കൃത്യസമയത്തു എത്താൻ പറ്റുന്നില്ലെന്നു കമ്പനി മാനേജ്‌മെന്റിന്  കത്തു നൽകിയ ആളാണ് ശശീന്ദ്രൻ. അങ്ങേയറ്റം ദുർബല ചിത്തനായിരുന്നു അദ്ദേഹം. ഭാര്യ ടീന സഹപാഠി ആയിരുന്നെങ്കിലും പിൽക്കാലത്തു അവരുടെ ബന്ധത്തിൽ ചില  പൊരുത്തക്കേടുകൾ  ഉണ്ടായി. മക്കളോട് അതീവ സ്നേഹം കാണിച്ചിരുന്ന ആളായിരുന്നു. ഭാര്യ ജോലി കഴിഞ്ഞെത്താൻ വൈകുമെന്നതിനാൽ വീട്ടിൽ ഭക്ഷണം ഉണ്ടാക്കൽ അടക്കം ജോലികൾ ഭൂരിഭാഗവും ശശീന്ദ്രൻ ആണ് ചെയ്തിരുന്നത്. 

 

സുന്ദരമൂർത്തി എം ഡി ആയി വന്നതിനു ശേഷം ശശീന്ദ്രന് എതിരായ മെമ്മോകൾക്കും നടപടികൾക്കും വേഗം കൂടി. തുടരെത്തുടരെ 9 മെമ്മോകൾ മൂർത്തി നൽകിയതോടെ ശശീന്ദ്രൻ ആകെ പരിക്ഷീണനായി. അച്ചടക്ക നടപടിയുടെ ഭാഗമായി കാസർകോട്ടേക്ക് സ്ഥലം മാറ്റപ്പെട്ട സൂര്യനാരായണനെ പാലക്കാട്ടേക്ക് തിരിച്ചു കൊണ്ടു വന്നു പേഴ്‌സണൽ സെക്രട്ടറി ആക്കുകയാണ്  സുന്ദരമൂർത്തി ആദ്യം ചെയ്തത്. ഇരുവരും ചേർന്ന് ശശീന്ദ്രനെ  പുകച്ചു പുറത്തു ചാടിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. മരിക്കുന്നതിന് ആറു മാസം മുൻപ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, വ്യവസായ മന്ത്രി എളമരം കരീം, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് ശശീന്ദ്രൻ അയച്ച കത്തിൽ സുന്ദരമൂർത്തിക്കും സൂര്യനാരായണനുമെതിരായ ആരോപണങ്ങൾ അക്കമിട്ടു പറഞ്ഞിരുന്നു. കത്തയച്ച വിവരം അവർ അറിഞ്ഞതോടെ ഭീഷണി ഉയർന്നു. നിവൃത്തിയില്ലാതെ  കത്തു പിൻവലിക്കുന്നതായി വി എസ് അടക്കം മൂന്നു പേർക്കും ശശീന്ദ്രൻ വീണ്ടും കത്തയച്ചു. അതു കഴിഞ്ഞു ഒരു മാസം ആകുന്നതിനു മുൻപ് കമ്പനി സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജിക്കത്തു  സമർപ്പിച്ചു. പിറ്റേന്ന് തന്നെ രാജി പിൻവലിക്കുന്നതായി ശശീന്ദ്രൻ എം ഡിയെ അടക്കം കണ്ടു പറഞ്ഞെങ്കിലും കത്തു കിട്ടിയ അന്നു തന്നെ റോക്കറ്റ് വേഗതയിൽ രാജി അംഗീകരിച്ചു ഗ്രാറ്റിവിറ്റിയും മറ്റും നൽകാൻ ഉത്തരവിടുകയാണ് സുന്ദരമൂർത്തി ചെയ്‌തത്. മരിക്കുന്നതിന് മുൻപ് ഈ തുക അത്രയും ഭാര്യയുടെ അക്കൗണ്ടിലേക്കു ശശീന്ദ്രൻ മാറ്റുകയും ചെയ്തു. 

 സിബിഐ പത്തു കൊല്ലം അന്വേഷിച്ചിട്ടും ശശീന്ദ്രൻ കേസിന്റെ ചുരുളഴിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല എന്നതിന് ഒരു ഉത്തരമേ ഉള്ളൂ. കേസ് തെളിയിക്കാനല്ല സിബിഐ ശ്രമിച്ചത്. കേസ് കുഴിച്ചു മൂടാനാണ് .. 
കേരളാ പോലീസ്  അന്വേഷിച്ചാൽ വ്യവസായി വി എം രാധാകൃഷ്ണന്റെ സ്വാധീനത്തിൽ കേസ് അട്ടിമറിക്കുമെന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോഴാണ് പൊതുസമൂഹം സിബിഐയെ സ്വാഗതം ചെയ്‌തത് . ടീനയും ശശീന്ദ്രന്റെ പിതാവും കേരളാ ഹൈക്കോടതിയിൽ നൽകിയ ഹരജിയെ സർക്കാർ എതിർത്തില്ല. അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റിലെ എസ് പി രഘുകുമാർ ഡയറക്ടറേറ്റിലേക്കു പ്രാഥമിക റിപ്പോർട്ട് അയച്ച ഉടനെ അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി  അത്യന്തം  നാടകീയമായി എ എസ് പി നന്ദകുമാരൻ നായർ രംഗപ്രവേശം ചെയ്തതിന്റെ പിന്നിൽ ഒരു അജണ്ടയുണ്ടെന്നു വ്യക്തമാണ്. അത്ചി മറ്റൊന്നുമല്ല, ചിലരെ രക്ഷപ്പെടുത്തുക, മറ്റു ചിലരെ കുരുക്കുക . . ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അന്തഃസത്ത തകർക്കുന്ന നടപടികളാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. 

കേസ് ആദ്യം അന്വേഷിച്ച കേരളാ പൊലീസിലെ സർക്കിൾ ഇൻസ്‌പെക്ടർ എൻ കെ സുരേന്ദ്രൻ ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട  നിർണായക  തെളിവുകൾ ശേഖരിക്കുകയും ടീനയുടെ അടക്കം മൊഴികൾ രേഖപ്പെടുത്തുകയും  ചെയ്‌തിരുന്നു . മരിക്കുന്നതിന് മുൻപ് വീട്ടിലെ ലാൻഡ് ഫോണിൽ നിന്ന് ശശീന്ദ്രൻ വിളിച്ച കോളുകളുടെ ലിസ്റ്റും നടത്തിയ  സംഭാഷണവും പോലീസ് ശേഖരിച്ചിരുന്നു. വീട്ടിലെ ഫോണിൽ നിന്ന് മരണദിവസം  നിരവധി തവണ ശശീന്ദ്രൻ ഭാര്യയെ വിളിച്ചതായി തെളിഞ്ഞത് അങ്ങിനെയാണ്. ശശീന്ദ്രൻ മരിച്ച വിവരം പുറത്തറിഞ്ഞ ശേഷം തന്റെ മൊബൈൽ ഫോണിൽ നിന്ന് ടീന 13 തവണ വിളിച്ചതായും പോലിസ് കണ്ടെത്തി. ഭർത്താവും മക്കളും മരിച്ചു കിടക്കുമ്പോൾ അവർക്കു ഇത്രയേറെ കോളുകൾ എങ്ങിനെ വിളിക്കാൻ കഴിഞ്ഞു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.   അന്വേഷണം കൈമാറുന്നതിന്റെ ഭാഗമായി തങ്ങൾ ശേഖരിച്ച തെളിവുകളും മൊഴികളും സിബിഐക്കു പോലീസ് കൊടുത്തെങ്കിലും  അതൊന്നും അവർ കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയില്ല. ഹാജരാക്കിയാൽ നന്ദകുമാരൻ നായർ തിരക്കഥ എഴുതി തയ്യാറാക്കിയ  കേസ് പൊളിയുമെന്നതായിരുന്നു കാരണം. കേരളാ പോലീസും എസ് പി രഘുകുമാറിന്റെ ടീമും രേഖപ്പെടുത്തിയ സാക്ഷിമൊഴികൾ  അതേ  സാക്ഷികളെക്കൊണ്ട് മാറ്റിപ്പറയിപ്പിച്ചു പുതുതായി രേഖപ്പെടുത്തിയാണ് കുറ്റപത്രത്തിൽ ചേർത്തത്. ഇതോടെ മൊഴികളിൽ വൈരുധ്യം വന്നു. 

സിബിഐ  ചാർജ് ചെയ്‌ത കേസിൽ മക്കളെ  കൊല ചെയ്തതിനു  ശശീന്ദ്രൻ ഒന്നാം പ്രതിയും   രണ്ടും മൂന്നും പ്രതികൾ മലബാർ സിമന്റ്സ് കമ്പനി  എം ഡി  സുന്ദരമൂർത്തിയും പേർസണൽ സെക്രട്ടറി സൂര്യനാരായണനും ആയിരുന്നു. കമ്പനിയിലെ കരാറുകാരനായ വ്യവസായി വി എം  രാധാകൃഷ്ണനെ കേസിൽ  നാലാം പ്രതി ആയാണ് ചേർത്തതെങ്കിലും പിന്നീട് രാധാകൃഷ്ണൻ മാത്രം പ്രതിയാവുകയും മറ്റു രണ്ടു പേർ മാപ്പു സാക്ഷികളാവുകയും ചെയ്തു. ആത്മഹത്യാ പ്രേരണ കേസിൽ  രാധാകൃഷ്ണൻ 61 ദിവസം ജയിലിൽ റിമാൻഡിൽ കഴിഞ്ഞു.   സുന്ദരമൂർത്തിയെയും സൂര്യനാരായണനെയും എന്തുകൊണ്ട് പ്രതിപട്ടികയിൽ നിന്നൊഴിവാക്കി മാപ്പു സാക്ഷികളാക്കി എന്ന ചോദ്യത്തിന് സിബിഐ  ഉത്തരം പറയേണ്ടതുണ്ട് . തിരുവനന്തപുരത്തു സിബിഐ ഓഫിസിൽ ഇവരെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പടുത്തി കോടതിയിൽ ഹാജരാക്കാതെ ജാമ്യത്തിൽ വിടുകയാണ്  ചെയ്തത്. . വി എം രാധാകൃഷ്ണന്റെ പ്രേരണയിൽ  സുന്ദരമൂർത്തിയും സൂര്യനാരായണനും ശശീന്ദ്രനെ  പീഡിപ്പിക്കുകയും അതിൽ മനം നൊന്തു മക്കളെ കൊന്നു ശശീന്ദ്രൻ ആത്മഹത്യ ചെയ്‌തെന്നുമാണ് സിബിഐയുടെ വാദം. അത് വിശ്വസനീയമാണെങ്കിൽ പീഡിപ്പിച്ച എം ഡിയും സെക്രട്ടറിയും മാപ്പുസാക്ഷികളും അതിനു പ്രേരിപ്പിച്ച രാധാകൃഷ്ണൻ പ്രതിയുമായതു എന്തടിസ്ഥാനത്തിലാണെന്നു വിശദീകരിക്കാൻ സിബിഐക്കു ബാധ്യതയുണ്ട്. ചെട്ടിനാട് സിമെന്റ്സിൽ ജനറൽ മാനേജർ  പദവിയിൽ ഉണ്ടായിരുന്ന സുന്ദരമൂർത്തി അവിടെ കിട്ടിയിരുന്നതിനേക്കാൾ ചെറിയ ശമ്പളത്തിൽ എം ഡി ആയി മലബാർ സിമെന്റ്സിൽ ജോയിൻ ചെയ്തതിലെ താല്പര്യം അരിഭക്ഷണം കഴിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും. ശശീന്ദ്രൻ കേസിൽ  പ്രതിയായ മൂർത്തി പിന്നീട് മാപ്പുസാക്ഷി ആയ ശേഷം മലബാർ സിമന്റ്സ് വിട്ടു ചെട്ടിനാട്  സിമെന്റ്സിൽ വൈസ് പ്രസിഡന്റ് ആയാണ് ജോയിൻ ചെയ്തത്. സുന്ദരമൂർത്തിയുടെ അളിയൻ യു പി എ ഭരണത്തിൽ പങ്കാളിയായ ഡി എം കെയുടെ പാർലമെന്റ് അംഗമായിരുന്നു. അതു വഴി നടത്തിയ ഓപറേഷനാണ് മൂർത്തിയെ മാപ്പു സാക്ഷി ആക്കിയത്. കേസിൽ പ്രതി ചേർത്ത് ജയിലിൽ ഇടുമെന്നു ഭീഷണിപ്പെടുത്തിയാണ് സൂര്യനാരായണനിൽ നിന്ന് സിബിഐ ആഗ്രഹിച്ച മൊഴി വാങ്ങി മാപ്പുസാക്ഷി ആക്കിയത്. ശശീന്ദ്രന്റെ മരണശേഷം  മലബാർ സിമെന്റ്സിൽ നിന്ന് ഇയാളെ പിരിച്ചു വിട്ടത് പോലും സിബിഐ കണക്കിലെടുത്തില്ല. 

 

ഷെയിം ടു സിബിഐ എന്ന് കേരളഹൈക്കോടതി വിശേഷിപ്പിച്ച ഉദ്യോഗസ്ഥനാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. കേസിൽ ഇതിനകം സമർപ്പിച്ച രണ്ടു കുറ്റപത്രങ്ങൾ കോടതി തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടതോടെ നാണക്കേടിന്റെ നെറുകയിലാണ്‌ സിബിഐ. ചാരക്കേസിൽ ഐ ബി യുടെ പിടിപ്പുകേടുകൾ പുറത്തു കൊണ്ടുവന്നത് സിബിഐ ആയിരുന്നു. സംസ്ഥാനത്തു തെളിയാത്ത  പല കേസുകളും തെളിയിച്ച ഏജൻസിയുമാണ്  സിബിഐ.  ശശീന്ദ്രന്റേതു കൊലപാതകമല്ല, ആത്മഹത്യയാണെന്ന് അവർ തറപ്പിച്ചു പറയുന്നു. എങ്കിൽ എന്തിനു ആത്മഹത്യ ചെയ്‌തു , ആരാണ്  കാരണക്കാർ, മക്കളെ കെട്ടിത്തൂക്കാൻ സഹായിച്ചത് ആര് , കത്തുകൾ എഴുതുന്നതിൽ തല്പരനായ ശശീന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് എവിടെ  എന്നിങ്ങനെ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തേണ്ടതുണ്ട്.