• 01 Oct 2023
  • 07: 34 AM
Latest News arrow

നേര് മറയ്ക്കാൻ സിബിഐ - 2; നാലാമത്തെ കുരുക്ക് ടീനക്ക് വേണ്ടിയോ ?

കുട്ടികളുടെ കൊലയും ശശീന്ദ്രന്റെ ആത്മഹത്യയും നടക്കുമ്പോൾ ടീന വീട്ടിൽ ഉണ്ടായിരുന്നു എന്ന മൊഴി ഈ കേസിലെ സുപ്രധാന ഘടകമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര കുറ്റാന്വേഷണ ഏജൻസിയായ സിബിഐക്കു കേരളത്തിൽ പേരും പെരുമയും ലഭിച്ചത് മലയാള സിനിമയിലൂടെയാണ്. കെ മധുവിന്റെ ഒരു സി ബി ഐ ഡയറിക്കുറിപ്പിന്റെ വിജയത്തോടെ ജനമനസുകളിൽ സിബിഐ കയറിപ്പറ്റി. മമ്മൂട്ടിയുടെ സേതുരാമയ്യർ കുറ്റാന്വേഷകരിലെ ഹീറോ ആയി. ഏതു കേസും സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തു വരൂ എന്ന് ജനങ്ങൾ ഗാഢമായി വിശ്വസിച്ചു. അതു സിബിഐയുടെ തുടരൻ സിനിമകൾക്ക് നിമിത്തമായി. എന്നാൽ, ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ. സിനിമയിൽ നിറഞ്ഞു നിന്ന് കയ്യടി വാങ്ങിയതല്ലാതെ കുറ്റാന്വേഷണത്തിൽ സിബിഐ പ്രത്യേകിച്ച് മികവ് കാട്ടിയില്ലെന്നു മാത്രമല്ല, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ മുന്നിൽ നിന്ന് അവർ ഒളിച്ചോടുകയും ചെയ്തു. ശശീന്ദ്രൻ കേസിൽ മൂന്നു ടീമുകൾ അന്വേഷിച്ചിട്ടും ദുരുഹതകൾ നീക്കാൻ സിബിഐക്കു കഴിഞ്ഞില്ല. 

ശശീന്ദ്രന്റേതു കൊലപാതകമല്ല, ആത്മഹത്യയാണെന്ന നിഗമനത്തിലാണ് മൂന്നു അന്വേഷണവും എത്തിയത്. എന്നാൽ,അതിലേക്കു നയിച്ച സാഹചര്യം, കുട്ടികളെ കൊന്നു കെട്ടിത്തൂക്കാൻ സഹായിച്ചത് ആര് തുടങ്ങിയവ ഇപ്പോഴും അവ്യക്തമായി തുടരുന്നു. ശശീന്ദ്രൻ മരിച്ചു ഏഴു വർഷം കഴിഞ്ഞാണ് ഭാര്യ ടീനയുടെ മരണം. . അങ്ങേയറ്റം പ്രയാസകരമായിരുന്നു അവരുടെ പിൽക്കാല ജീവിതം. കടുത്ത മാനസിക സംഘർഷം അവർ അനുഭവിച്ചിരുന്നു. ഷൊർണൂരിലെ സംസ്ഥാന പൊതുമേഖലാ കമ്പനിയിലെ ജോലി ഉപേക്ഷിച്ച അവർ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ചേർന്ന് അവിടേക്കു താമസം മാറ്റി. കുടുംബത്തോടെ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ടീന കൂടി ചേർന്ന് എടുത്തതാണോ , അവസാന നിമിഷം അവർ പിൻവാങ്ങിയതാണോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ഇന്ന് ടീന ഇല്ല. ശശീന്ദ്രന്റേതു ആത്മഹത്യയാണെന്ന് തറപ്പിച്ചു പറയുന്ന സിബിഐക്കു അതുമായി ബന്ധപ്പെട്ട സംശയങ്ങളുടെ കെട്ടു പൊട്ടിക്കാൻ കഴിഞ്ഞതുമില്ല...

 

കുട്ടികളുടെ കൊലയും ശശീന്ദ്രന്റെ ആത്മഹത്യയും നടക്കുമ്പോൾ ടീന വീട്ടിൽ ഉണ്ടായിരുന്നു എന്ന മൊഴി ഈ കേസിലെ സുപ്രധാന ഘടകമാണ്. കൊല ചെയ്യപ്പെട്ട കുട്ടികളിൽ മൂത്ത ആളായ വ്യസിന്റെ സുഹൃത്തും സഹപാഠിയും അയൽവാസിയുമായ രോഹിത്തിന്റെ മൊഴിയിൽ പറയുന്നത് സംഭവ ദിവസം രാത്രി എട്ടേകാലിനു താൻ കടയിലേക്ക് പോകുമ്പോൾ ശശീന്ദ്രനെ വീടിന്റെ അടുക്കളയിൽ ലുങ്കി ഉടുത്തു കണ്ടെന്നും ഇതേസമയം ടീന ഓട്ടോറിക്ഷയിൽ വീടിനു മുന്നിൽ വന്നിറങ്ങിയെന്നുമാണ്. കടയിൽ നിന്ന് തിരിച്ചു വരുമ്പോൾ ടീനയെ ഇറക്കി ഓട്ടോറിക്ഷ മടങ്ങുന്നത് കണ്ടെന്നും അവരുടെ വീടിനു മുന്നിലെത്തിയപ്പോൾ വ്യസിന്റെ അനുജൻ വിവേകിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടെന്നും രോഹിത് മൊഴി നൽകിയിരുന്നു. . എന്നാൽ, താൻ എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നെന്നും പുറത്തു നിന്ന് പൂട്ടി താക്കോൽ പുറത്തു വെച്ചതായി കണ്ടെന്നും അതെടുത്തു തുറന്നു അകത്തു കയറിയപ്പോൾ ഭർത്താവും മക്കളും തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നുമായിരുന്നു ടീനയുടെ മൊഴി. വൈരുധ്യം നിറഞ്ഞ ഈ മൊഴികളുടെ വെളിച്ചത്തിൽ ടീനയെയും രോഹിത്തിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്നെങ്കിലും സിബിഐ അത് അവഗണിച്ചു. സത്യം കണ്ടെത്താനുള്ള സാധ്യതകൾക്ക് അങ്ങിനെ സിബിഐ തന്നെ വിലങ്ങിട്ടു.

 

ശശീന്ദ്രനും മക്കളും തൂങ്ങിക്കിടന്ന മുറിയിൽ കാണപ്പെട്ട നാലാമത്തെ കുരുക്ക് കേസിന്റെ ദുരൂഹത വർധിപ്പിക്കുന്ന ഘടകമാണ്. ആർക്കു വേണ്ടിയായിരുന്നു ആ കുരുക്ക്എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സി ബി ഐക്ക് കഴിഞ്ഞില്ല. കുരുക്കുകൾ ഉണ്ടാക്കാനുള്ള കയർ ശശീന്ദ്രൻ നേരിട്ട് പോയി വാങ്ങുകയായിരുന്നു എന്നതിന് തെളിവുണ്ട്. മരണം നടന്ന മുറിയിൽ നാലു അടി ഉയരമുള്ള കോണി മറിഞ്ഞു കിടപ്പുണ്ടായിരുന്നു. ഈ കോണിയിൽ കയറിയാണ് ശശീന്ദ്രൻ മക്കളെ സീലിങ്ങിലെ ഹുക്കിൽ കുരുക്കിയതെന്നു കുറ്റപത്രത്തിൽ പറഞ്ഞ സിബിഐക്കു അതിനു സഹായിച്ചത് ആരെന്നു കണ്ടെത്താനായില്ല. ശശീന്ദ്രന് നീളമുള്ളതിനാൽ കോണിയിൽ കയറിയാൽ കുരുക്കിൽ തൊടാൻ കഴിയും. എന്നാൽ, പതിനൊന്നും എട്ടും വയസ്സ് പ്രായമുള്ള ആൺകുട്ടികളെ എടുത്തു കൊണ്ട് ഹുക്കിൽ കുരുക്കാനുള്ള ആരോഗ്യം ശശീന്ദ്രനില്ല. പരസഹായം ഇല്ലാതെ ഈ കൃത്യം നടത്താൻ ശശീന്ദ്രന് കഴിയില്ലെന്ന് ഫോറൻസിക് വിദഗ്ദ്ധർ അടക്കം മൊഴി നൽകിയിട്ടും ആളെ കണ്ടെത്താൻ ശ്രമിക്കാതെ ഇരുട്ടിൽ തപ്പുകയാണ് സിബിഐ ചെയ്‍തത് .കേസിൽ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കാതെ അന്വേഷണ ഏജൻസി താല്പര്യങ്ങളുടെ പുറകേ പോയതിന്റെ അനന്തര ഫലമാണ് തുടർച്ചയായി കുറ്റപത്രങ്ങൾ കോടതി തള്ളുന്നതിൽ എത്തിയത്. 

 

ഭർത്താവിന്റെയും മക്കളുടെയും മരണം സംബന്ധിച്ച് ടീന നൽകിയ മൊഴിയിൽ വൈരുധ്യങ്ങൾ ഏറെയുണ്ട്. മക്കളെ സ്നേഹിക്കുന്ന ശശീന്ദ്രൻ അവരെ കൊല്ലില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഭർത്താവിനില്ലെന്നുമാണ് ആദ്യം പൊലീസിന് ടീന കൊടുത്ത മൊഴി. കേസ് തുടക്കത്തിൽ അന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റിലെ എസ് പി രഘുകുമാറിനും ഇതേ മൊഴിയാണ് നൽകിയത്. എന്നാൽ, രഘുകുമാറിന് പകരം അന്വേഷണ ഉദ്യോഗസ്ഥനായി നന്ദകുമാരൻ നായർ വന്നതോടെ ടീനയുടെ മൊഴിയിൽ മാറ്റങ്ങളുണ്ടായി. ശശീന്ദ്രൻ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞ ടീന പിന്നീട് മരണം ആത്മഹത്യയാണെന്ന് മൊഴി കൊടുത്തു. സിബിഐ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചു നിലപാടുകൾ മാറ്റാൻ ടീന നിർബന്ധിതയായി . ( തുടരും ).