• 01 Oct 2023
  • 07: 56 AM
Latest News arrow

നേര് മറയ്ക്കാൻ സി ബി ഐ ; ശശീന്ദ്രൻ കേസിൽ സിബിഐ ശ്രമിച്ചത് സത്യം മൂടി വെക്കാൻ

ശശീന്ദ്രൻ കേസിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. അതു കണ്ടെത്താനാകാതെ ഈ കേസ് അവസാനിപ്പിക്കാനാകില്ല

മലയാളികൾ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി  ഉത്തരം തേടുന്ന ചോദ്യമാണ് മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും ദുരൂഹ മരണം. സി ബി ഐ യുടെ മൂന്നു സംഘങ്ങൾ അന്വേഷിക്കുകയും രണ്ടു തവണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസ് പുനരന്വേഷിക്കാൻ കേരള ഹൈക്കോടതി ഈയിടെ ഉത്തരവിട്ടതോടെ ശശീന്ദ്രൻ കേസിലെ ദുരൂഹതകൾ കൂടുതൽ സങ്കീർണമായി മാറിയിരിക്കുകയാണ്.ഈ കേസിൽ സത്യം പുറത്തു കൊണ്ടുവരാനാണോ അതോ മൂടി വെക്കാനാണോ സി ബി  ഐ ശ്രമിക്കുന്നത് ? 

. മക്കളെ കെട്ടിത്തൂക്കി കൊന്ന  ശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും ,  അതല്ല, ശശീന്ദ്രനെയും മക്കളെയും പുറത്തു നിന്ന് വന്ന ആരോ കൊന്നു കെട്ടിത്തൂക്കിയതാണെന്നുമുള്ള രണ്ടു വാദഗതികളാണ് ഈ കേസിന്റെ ആരംഭ കാലം മുതൽക്കേയുള്ളത്. ഇതിൽ ആത്മഹത്യാ വാദത്തിലാണ് സിബിഐ ഉറച്ചു നിൽക്കുന്നത്. എന്നാൽ, വൈരുധ്യങ്ങൾ നിറഞ്ഞതാണ് സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രങ്ങളും. ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ സിബിഐ ക്കു കഴിഞ്ഞിട്ടില്ല. 

2011 ജനുവരി 24 നാണു ശശീന്ദ്രനും മക്കളായ വിവേകും വ്യാസും വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന വിവരം പുറത്തു വരുന്നത്. കേരളാ പോലീസ് എഫ് ഐ ആർ ഇട്ടു കേസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും സിബിഐ ക്കു അന്വേഷണം കൈമാറാൻ സമ്മർദ്ദം ഉയർന്നു. ശശീന്ദ്രന്റെ ഭാര്യ ടീനയും പിതാവ് വേലായുധനും ഹൈക്കോടതിയിൽ നൽകിയ ഹരജിയെ സർക്കാർ അഭിഭാഷകൻ എതിർത്തില്ല. കുടുംബത്തിന്റെ താൽപര്യം സിബിഐ ആണെങ്കിൽ അതാവട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്റേത്. അങ്ങിനെ സിബിഐ യുടെ തിരുവനന്തപുരം യൂണിറ്റിൽ എസ് പി ആയിരുന്ന  രവികുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഡി വൈ എസ് പി നന്ദകുമാരൻ നായർ അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത്. അഭയ കേസ്, കവിയൂരിലെ നമ്പൂതിരി കുടുംബത്തിന്റെ കൊലക്കേസ് തുടങ്ങിയ കേസുകൾ അന്വേഷിച്ചു കുളമാക്കി സിബിഐക്കു കളങ്കം ഉണ്ടാക്കിയ നന്ദകുമാരൻ നായർ ശശീന്ദ്രൻ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായി എങ്ങിനെ വന്നു എന്നതു   അന്വേഷണ വിധേയമാക്കേണ്ടതാണ്. കേരളാ പോലീസിന്റെ പ്രാഥമിക അന്വേഷണ നിഗമനങ്ങൾ , അവർ ശേഖരിച്ച തെളിവുകൾ, ടെലിഫോൺ സംഭാഷണങ്ങൾ തുടങ്ങി പല കാര്യങ്ങളും  അവഗണിച്ചാണ് നന്ദകുമാരൻ നായർ അന്വേഷണം പൂർത്തിയാക്കി എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. കൊടുത്ത വേഗത്തിൽ അത് കോടതി തള്ളി. 

കൂടുതൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചപ്പോൾ സി ഐ റാങ്കിലുള്ള സലിം സാഹിബിനെയാണ് അന്വേഷണം ഏല്പിച്ചത്. അതായത് ആദ്യം എസ് പി അന്വേഷിച്ച കേസ് പിന്നീട് ഡി വൈ എസ് പി അന്വേഷിച്ചു. പിന്നീടത് സി ഐയെ ഏല്പിച്ചു. ഒരു പക്ഷേ , സി ബി ഐയിൽ മാത്രം കാണുന്ന സവിശേഷതയാകാം ഇത്. സിജെഎം കോടതി മടക്കിയ കുറ്റപത്രത്തിൽ ഏതാനും രേഖകൾ കൂട്ടിച്ചേർത്തു എന്നല്ലാതെ സലിം സാഹിബ് സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലും ആത്മഹത്യാ വാദം അടിവരയിടുകയാണ് ചെയ്യുന്നത്. ആദ്യ കുറ്റപത്രവും രണ്ടാമത്തേതും തമ്മിലെ പ്രകടമായ മറ്റൊരു വ്യത്യാസം ആത്മഹത്യാ കേസിൽ പ്രതി ചേർത്തിരുന്ന മലബാർ സിമെന്റ്സിലെ രണ്ടു പ്രധാന ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ നിന്ന് മാറ്റി മാപ്പു സാക്ഷികളാക്കി എന്നതാണ്. മലബാർ സിമെന്റ്സിൽ കമ്പനി സെക്രട്ടറി വി ശശീന്ദ്രൻ അഴിമതിക്കെതിരെ കർശന നിലപാട് എടുത്ത ആളായിരുന്നെന്നും അതിന്റെ പേരിൽ കമ്പനിയിലെ കരാറുകാരനായ വി എം രാധാകൃഷ്‌ണൻ എന്ന ചാക്ക് രാധാകൃഷ്ണന്റെ പ്രേരണയിൽ കമ്പനിയുടെ  എം ഡി സുന്ദരമൂർത്തിയും എം ഡി യുടെ പേർസണൽ സെക്രട്ടറി സൂര്യനാരായണനും ചേർന്ന് നിരന്തരം മാനസികമായി പീഡിപ്പിച്ചത് ശശീന്ദ്രന്റെ ആത്മഹത്യയിൽ കലാശിച്ചെന്നുമാണ് ഒന്നാമത്തെ കുറ്റപത്രത്തിൽ ആരോപിച്ചത്. മക്കളെ കൊന്നതിനു ശശീന്ദ്രനെ ഒന്നാം പ്രതിയാക്കി രെജിസ്റ്റർ ചെയ്ത കേസിൽ സുന്ദരമൂർത്തി രണ്ടാം പ്രതിയും സൂര്യനാരായണൻ മൂന്നാം പ്രതിയും വി എം രാധാകൃഷ്ണൻ നാലാം പ്രതിയും ആയിരുന്നു. ശശീന്ദ്രൻ മരിച്ചതിനാൽ പിന്നീട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്ന സുന്ദരമൂർത്തിയെയും സൂര്യനാരായണനെയും പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി നാലാം പ്രതി വി എം രാധാകൃഷ്ണനെ ഏക പ്രതിയാക്കിയാണ് രണ്ടാമത്തെ കുറ്റപത്രം സിബിഐ സമർപ്പിച്ചത്. അതായതു കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയായ കമ്പനി ഉദ്യോഗസ്ഥർക്ക് രക്ഷപെടാൻ വഴിയൊരുക്കി. നേരിട്ട് കുറ്റം ചെയ്തവർ മാപ്പു സാക്ഷികളും അതിനു പ്രേരിപ്പിച്ച ആൾ പ്രതിയുമായി. ഇതിൽ ഏതെങ്കിലും  തരത്തിലുള്ള ബാഹ്യ സമ്മർദ്ദമോ താൽപര്യമോ ഉണ്ടായോ എന്ന് അന്വേഷണ വിധേയമാക്കേണ്ടതാണ്. കാരണം കമ്പനിക്കകത്തു എം ഡിയും സെക്രട്ടറിയും നടത്തിയ മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെ ശശീന്ദ്രൻ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. തുടർച്ചയായ മെമ്മോ, ഇൻക്രിമെന്റ് നിഷേധം തുടങ്ങിയ പ്രതികാര നടപടികൾക്ക് ശശീന്ദ്രൻ ഇരയായിരുന്നു. ശശീന്ദ്രന്റെ മരണത്തെ തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വ്യവസായ സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ നടത്തിയ അന്വേഷണത്തിൽ ഈ പ്രതികാര നടപടികൾ കണ്ടെത്തിയിരുന്നു. 1998 ജൂൺ 8 മുതൽ കമ്പനി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശശീന്ദ്രന് 2010 വരെയുള്ള കാലയളവിൽ ഒരു മെമ്മോ മാത്രമാണ് ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, സുന്ദരമൂർത്തി എം ഡി ആയി വന്ന ശേഷം 2010 ആഗസ്റ്റ് 14 നും സെപ്റ്റംബർ 6  നും ഇടയിൽ തുടർച്ചയായി 9 മെമ്മോകൾ നൽകി. 48 മണിക്കൂറിനകം മറുപടി നല്കണമെന്നു വരെ മെമ്മോയിൽ ആവശ്യപ്പെട്ടു. 

കമ്പനിയിൽ കാഷ്വൽ ജോലിക്കാരനായി  വന്ന സൂര്യനാരായണൻ എം ഡി യുടെ പേർസണൽ സെക്രട്ടറി വരെ എത്തുകയും അഴിമതി അടക്കം നിരവധി ആരോപണങ്ങൾക്കും  തരംതാഴ്ത്തൽ അടക്കം നടപടികൾക്കും വിധേയനായ ആളാണ്. കാസർകോട്ടേക്ക് ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയ സൂര്യനാരായണനെ  സുന്ദരമൂർത്തി എം ഡി ആയ ഉടനെ തിരിച്ചു കൊണ്ടുവന്നു ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.  

ഒരു കൊല്ലത്തിനുള്ളിൽ 85 ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി റെക്കോർഡ് ഇട്ടയാളാണ് സുന്ദരമൂർത്തി. കമ്പനിയിലെ ചീഫ് എൻജിനിയർ, മാർക്കറ്റിങ് മാനേജർ തുടങ്ങി ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർ വരെ മൂർത്തിയുടെ അപ്രീതിക്ക് പ്രാപ്തമായതായി വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരു സ്വകാര്യ സിമന്റ് കമ്പനിയിൽ നിന്ന് മലബാർ സിമെന്റ്സിൽ എത്തിയ സുന്ദരമൂർത്തിയെ ശശീന്ദ്രൻ  കേസിലെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി മാപ്പു സാക്ഷിയാക്കി  സ്വകാര്യ കമ്പനിയിലേക്ക് 

ഉയർന്ന പദവിയിൽ തിരിച്ചു പോകാൻ വഴിയൊരുക്കി കൊടുത്തതു സിബിഐയാണ്. കേസിലെ ആദ്യ രണ്ടു പ്രതികളെ ഒഴിവാക്കി അവസാന പ്രതിയായ വി എം രാധാകൃഷ്ണനെ മാത്രം പ്രതിയാക്കി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ സിബിഐയുടെ നടപടി സംശയാസ്പദമാണ്. കേസ് അട്ടിമറിക്കുകയായിരുന്നോ സിബിഐയുടെ ലക്‌ഷ്യം എന്ന സന്ദേഹം സ്വാഭാവികം. നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരെ അമ്പരപ്പിക്കുന്ന നടപടിയാണിത്. 

 

 

ശശീന്ദ്രൻ കേസിൽ നേര് കണ്ടെത്താനല്ല , മറിച്ചു  ചില നിഗൂഢ അജണ്ടകൾ മുൻനിർത്തിയാണ് അന്ന് കേസിൽ ഇടപെട്ട രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും പ്രവർത്തിച്ചത്. വിവാദ വ്യവസായി എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച വി എം രാധാകൃഷ്ണനെ കേന്ദ്രീകരിച്ചു ഈ കേസ് ഉയർത്തിക്കൊണ്ടു വന്നതിന്റെ  പിന്നിൽ സിപിഎമ്മിൽ അന്ന് നീറിപ്പുകഞ്ഞു നിന്ന  വി എസ് - പിണറായി തർക്കം പ്രധാന പങ്കു വഹിച്ചു . പിണറായി പക്ഷത്തിനു പാലക്കാട്ടു ആളും അർത്ഥവും നൽകിയിരുന്ന രാധാകൃഷണനെ തീർക്കൽ അന്ന് വി എസ് പക്ഷത്തിന്റെ അജണ്ടയായിരുന്നു. അച്യുതാനന്ദൻ നേരിട്ട് ഇടപെടുകയും പി സി ജോർജിനെ പോലുള്ളവർ കളത്തിൽ ഇറങ്ങുകയും ചെയ്ത ഈ കേസിനു മാനങ്ങൾ ഏറെയുണ്ട്. അതിലേക്കു കടക്കുന്നതിനു മുൻപ് മാധ്യമങ്ങൾ കൊട്ടിഘോഷിച്ച അത്രമാത്രം സത്യസന്ധനായിരുന്നോ ശശീന്ദ്രൻ എന്ന് പരിശോധിക്കേണ്ടതുണ്ട്. ശശീന്ദ്രന്റെ ഭാര്യ ടീന ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവർ ഈ കേസ് എങ്ങിനെ കൈകാര്യം ചെയ്‌തു , ഭർത്താവിന്റെയും  മക്കളുടെയും മരണം നടക്കുമ്പോൾ അവർ വീട്ടിൽ ഉണ്ടായിരുന്നോ, അതു സംബന്ധിച്ച മൊഴികൾ വിശ്വസനീയമാണോ,  രണ്ടാമത് കുറ്റപത്രത്തിൽ ചേർത്ത ടീനയുടെ മൊഴി ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാകാൻ എന്താണ് കാരണം ,  ശശീന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന സിബിഐ വാദം വിശ്വസിച്ചാൽ തന്നെ ഒറ്റയ്ക്ക് കുട്ടികളെ കൊന്നു കെട്ടിത്തൂക്കാൻ ആരോഗ്യം ഇല്ലാത്ത  അയാളെ അതിനു സഹായിച്ചത് ആര് ,  72 മണിക്കൂർ പഴക്കമുള്ള മുറിവുകൾ ശശീന്ദ്രന്റെ ശരീരത്തിൽ എങ്ങിനെ വന്നു, മുറിയിൽ തൂങ്ങിക്കിടന്ന നാലാമത്തെ കുരുക്ക് ആർക്കു വേണ്ടിയായിരുന്നു, കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ശേഷം ടീന പിന്മാറിയതാണോ, നാലാമത്തെ കുരുക്ക് അവർക്കു വേണ്ടിയായിരുന്നോ എന്നു  തുടങ്ങി പ്രസക്തമായ നിരവധി ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താനാകാതെ ഈ കേസ് ഒരു അന്വേഷണ ഏജൻസിക്കും അവസാനിപ്പിക്കാൻ കഴിയില്ല.    ( തുടരും )

 

 

http://thekeralapost.com/node/36417