2024ൽ മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി; താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്ന് ശശി തരൂർ

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ താൻ നടത്തിയ പരിപാടികൾ ഇങ്ങിനെ വിവാദമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ശശി തരൂർ എം പി.
ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും അത് വിവാദമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും തരൂർ പറഞ്ഞു.
സമയം ലഭിക്കുമ്പോഴെല്ലാം കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്. കേരളത്തിലെ മലബാർ ഭാഗത്തേക്ക് വരുന്നില്ലെന്ന് പലരും പരാതി പറഞ്ഞു. അതിനാൽ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഏതാനും ദിവസങ്ങൾ മലബാറിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനം എടുത്തു. എല്ലായിടത്തും കോൺഗ്രസ് വേദികളിലും കോൺഗ്രസിന് എതിരല്ലാത്ത വേദികളിലുമാണ് പങ്കെടുത്തത്.
താൻ ഇവിടെ ഒരു ഗ്രൂപ്പിന്റെയും ആളല്ല, നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടാൽ പോയി കാണുമെന്നും തരൂർ പറഞ്ഞു. അതേപോലെ തന്നെ മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായാണ് കാണുന്നത്. മന്നം ജയന്തിക്ക് താൻ പോയാൽ ആർക്കാണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു. 2024ൽ മത്സരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.