• 04 Oct 2023
  • 06: 47 PM
Latest News arrow

പോപ്പുലര്‍ ഫ്രണ്ട് ഹാത്രസില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ചു' ,സിദ്ദിഖ് കാപ്പനടക്കം ഇതിനായി നിയോഗിക്കപ്പെട്ടു-ഇഡി

ന്യൂഡൽഹി: ഹത്രാസില്‍ വര്‍ഗീയ കലാപം നടത്താൻ പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്ന് ഇ.ഡി. ഇതിനായി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം നാല് പേരെ സംഘടന നിയോഗിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു. ഹത്രാസിൽ വർഗീയ കലാപം നടത്താൻ 1.36 കോടി രൂപയുടെ വിദേശ സഹായം കിട്ടിയെന്നും ഇ.ഡി അവകാശപ്പെടുന്നു. ലക്‌നൗ കോടതിയില്‍ നൽകിയ പുതിയ റിപ്പോർട്ടിൽ ആണ് ഗുരുതരമായ ആരോപണം ഉള്ളത്. ഡല്‍ഹി കലാപത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടായി. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇ.ഡി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈയില്‍ ബീഹാറില്‍ നടന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ നീക്കം നടത്തി എന്നാണ് ഇഡി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്‌നയിലെ റാലി ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പദ്ധതിയിട്ടിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നരേന്ദ്ര മോദിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഇ.ഡി അവകാശപ്പെട്ടു. കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.