ഗള്‍ഫ് യാത്രക്കാര്‍ പ്രതിസന്ധിയിലാകും

കേരളത്തെ അന്താരാഷ്ട്ര ഹബ്ബില്‍ നിന്നൊഴിവാക്കിയത് വിവേചനം
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കരട് പട്ടികയില്‍നിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഒഴിവാക്കിയതോടെ മലയാളികളായ ലക്ഷക്കണക്കിന് ഗള്ഫ്യാത്രികര് പ്രതിസന്ധിയിലാകും. ഇനി ഗള്‍ഫിലേക്കോ മറ്റേതെങ്കിലും വിദേശരാജ്യത്തേക്കോ പോകണമെങ്കില്‍ ഡല്‍ഹി, മുംബെ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പോകേണ്ടിവരും. ഈ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ മാത്രമാണ് വ്യോമയാന മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര ഹബ്ബുകളില്‍ ഉള്‍പ്പെടുത്തിയത്. ഭാവിയില്‍ വിദേശത്തേക്ക് പോകാനും തിരിച്ചുവരാനുമുള്ള പ്രധാന കേന്ദ്രങ്ങള്‍ ഇവമാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നുണ്ട്. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വിദേശയാത്രക്കാരുടെ എണ്ണത്തേക്കാള്‍ കുറവുള്ള മറ്റ് സംസ്ഥാനങ്ങളിലെ മൂന്ന് വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം കരട്റിപ്പോര്‍ട്ട് തയ്യാറാക്കിയത് കേരളത്തോടുള്ള കടുത്ത വിവേചനമാണ് സൂചിപ്പിക്കുന്നത്.
ഈ കരട്റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ ഉപജീവിനത്തിന് തൊഴില്‍തേടി പോകുന്ന പാവപ്പെട്ട ഗള്‍ഫ് മലയാളികളാകും വലിയ പ്രതിസന്ധിയിലാകുക. ഓരോയാത്രയിലും ഇവര്‍ക്ക് ഇപ്പോഴത്തെ കണക്ക് അനുസരിച്ച് തന്നെ പതിനായിരത്തിലേറെ രൂപ അധികം ചെലവാകും. കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും ചെന്നൈ, ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ ശരാശരി 7,000 രൂപ വരെ ഒരുഭാഗത്തേക്കുള്ള യാത്രക്കാകും. എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്രസര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടിലെ കണക്ക് അനുസരിച്ച് 2013-14 വര്‍ഷം 74 ലക്ഷത്തിലേറെ പേരാണ് കേരളത്തില്‍നിന്നും വിദേശയാത്ര നടത്തിയത്. കൊച്ചിയില്‍ നിന്നും 33 ലക്ഷം തിരുവനന്തപുരത്ത്നിന്നും 19 ലക്ഷം കോഴിക്കോട് നിന്നും 22 ലക്ഷം എന്നിങ്ങനെയാണ് ഈ കാലയളവിലെ വിദേശ യാത്രക്കാര്‍.
അന്താരാഷ്ട്രഹബ്ബ് വരുന്നതോടെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നോക്കുകുത്തിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കരട്റിപ്പോര്ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. വിദേശ വിമാനക്കമ്പനികളുമായുള്ള ഉഭയകക്ഷികരാര്‍ പുതുക്കുന്നത് പോലും ഇതനുസരിച്ചായിരിക്കും. കരാര്‍ പുതുക്കുന്നതോടെ ഈ വിദേശവിമാനങ്ങളുടെ സേവനങ്ങളെല്ലാം ആറ് വിമാനത്താവളങ്ങളില്‍ മാത്രമാകും. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ നടത്തുന്ന അന്താരാഷ്ട്രയാത്രയും ആറിടത്ത് മാത്രമാകും. ഇതോടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ ഏതാണ്ട് പൂട്ടേണ്ട അവസ്ഥയിലേക്കെത്തും.
അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന 45 വിമാനത്താവളങ്ങളില്‍ ആറ് വിമാനത്താവളങ്ങളാണ് കേന്ദ്രത്തിന്റെ കരട്പട്ടികയില്‍ ഉള്ളത്. രാജ്യത്തെ ആകെ വിദേശ യാത്രക്കാരില്‍ ഏഴ് ശതമാനവും ആശ്രയിക്കുന്ന കൊച്ചിയെ പോലും തഴഞ്ഞു. ദേശീയാടിസ്ഥാനത്തില്‍ നോക്കിയാല്‍ കൊച്ചിക്ക് നാലാംസ്ഥാനമാണുള്ളത്. ഡല്‍ഹിയും മുംബൈയും ചെന്നൈയും മാത്രമാണ് കൊച്ചിക്ക് മുന്നിലുള്ളത്. എന്നാല്‍, കൊച്ചിയെക്കാള്‍ യാത്രക്കാര്‍ ഏറെ കുറവുള്ള ബംഗളൂരു (5.7ശതമാനം) ഹൈദരാബാദ് (5.2) കൊല്‍ക്കത്ത (3.8) എന്നിവ അന്താരാഷ്ട്ര ഹബ്ബുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. തിരുവനന്തപുരത്ത് 4.2 ശതമാനവും കോഴിക്കോട് 4.7 ശതമാനവുമാണ് 2013-14 കണക്ക് പ്രകാരമുള്ള വിദേശ യാത്രക്കാര്‍.
കോഴിക്കോടിനെക്കാളും തിരുവന്തപുരത്തേക്കാളും യാത്രക്കാര്‍ കുറഞ്ഞ കൊല്‍ക്കത്തയെ പോലും ഉള്‍പ്പെടുത്തിയപ്പോഴാണ് കേരളത്തെ അപ്പാടെ തഴഞ്ഞത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും കൂടി കണക്കാക്കിയാല്‍ വിദേശയാത്രക്കാരുടെ എണ്ണം 15.9 ശതമാനമാണ്. ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശ യാത്രക്കാരുള്ള സംസ്ഥാനം. എന്നിട്ടും കേരളത്തിലെ ഒരു വിമാനത്താവളത്തെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ