• 07 Feb 2023
  • 04: 51 AM
Latest News arrow

പേര് പോലെ തന്നെ ‘നത്തിങ്’; ഫോണിനൊപ്പം ചാർജർ ഉണ്ടാവില്ലെന്ന് സൂചന

ബ്രിട്ടിഷ് കമ്പനിയായ നത്തിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്‌മാർട് ഫോണായ നത്തിങ് ഫോൺ രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നത് മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഐഫോണിനോട് കിടപിടിക്കുമെന്ന അവകാശ വാദവും കൂടിയായപ്പോൾ ടെക് സമൂഹത്തില്‍ ഈ ഫോണ്‍ വലിയ ആകാംക്ഷയാണ് നിറച്ചിരുന്നത്. എന്നാൽ, ഫീച്ചറുകൾ മാത്രമല്ല ഐഫോൺ പോലെ തന്നെ നത്തിങ്ങിൽ ചാർജറും ഉണ്ടാവില്ലെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഫോൺ വിതരണം ചെയ്യുന്ന ബോക്‌സിന്റെ ചിത്രങ്ങളെ ചൊല്ലിയാണ് ഇങ്ങനെയൊരു അഭ്യൂഹം. ഒരു ഫോണും അനുബന്ധ കടലാസുകളും മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ചെറിയൊരു പെട്ടിയിലാണ് നത്തിങ് ഫോൺ എത്തുക. സാധാരണ ചാർജർ അഡാപ്‌ടറും കേബിളും സുരക്ഷിതമായി സ്‌ഥാപിക്കുന്നതിനാണ് വലിയ പെട്ടികൾ ഫോണിനൊപ്പം നൽകിയിരുന്നത്.

സമീപകാലത്ത് ലീക്കായ വിവരങ്ങൾ അടിസ്‌ഥാനമാക്കി നത്തിങ് ഫോണിന്റെ വില ഏകദേശം 30,000 മുതൽ 35,000 രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്‌റ്റോറേജിൽ ഈ ഉപകരണം വരും, അതിന്റെ വില ഏകദേശം31,000 രൂപ ആയിരിക്കും. 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് ഏകദേശം 32,000 രൂപ. കൂടാതെ 12 ജിബി റാം + 256 ജിബി സ്‌റ്റോറേജുള്ളതിന് ഏകദേശം 36,000 രൂപയാണ് വില.