ഗൂഢാലോചന കേസ്; പിസി ജോർജിനെ ചോദ്യം ചെയ്യും

കൊച്ചി: സ്വപ്ന സുരേഷിനെതിരെ കെടി ജലീൽ നൽകിയ ഗൂഢാലോചന കേസിൽ പിസി ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹജരാകണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജിന് ഉടൻ നോട്ടീസ് നൽകുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയാണ് പിസി ജോർജ്. വെള്ളിയാഴ്ച ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകും.
സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്ന സുരേഷും പിസി ജോർജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് കെടി ജലീൽ നൽകിയ പരാതിയിൽ ഉള്ളത്. തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അടക്കം ഉള്ളവർക്കെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളും പിസി ജോർജും ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് കെടി ജലീൽ പരാതിയിൽ ആരോപിച്ചത്.
ഇതേ തുടർന്ന്, കേസിൽ ആരോപണ വിധേയരായ ഓരോരുത്തരെയും വിളിച്ചു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും. കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പിസി ജോർജും സരിതയുമായുള്ള ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സരിതയുടെ മൊഴി എടുത്തത്.മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തുമായി ബദ്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകാൻ പിസി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി.