അവയവമാറ്റം വൈകി, രോഗി മരിച്ചു; മെഡിക്കൽ കോളേജിനെതിരെ പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റം വൈകിയതായി പരാതി. വൃക്ക മാറ്റിവെച്ച രോഗി മരിച്ചു. കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്‌ത്രക്രിയ നാല് മണിക്കൂർ വൈകിയെന്നാണ് പരാതി. ഇന്നലെ വൈകിട്ട് അഞ്ചരക്ക് വൃക്ക എത്തിച്ചെങ്കിലും ശസ്‌ത്രക്രിയ തുടങ്ങിയത് ഒൻപതരക്കാണ്.
എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്.സർക്കാർ വഴി നടക്കുന്ന മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ച വൃക്കയായിരുന്നു ഇത്. എന്നാൽ, രോഗിയെ കൃത്യ സമയത്ത് തയ്യാറാക്കാനും ശസ്‌ത്രക്രിയ നടത്താനും വൈകിയെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നാണ് ആരോപണം. മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.