• 02 Jul 2022
  • 04: 10 PM
Latest News arrow

മൂക്കിൽ ഒഴിക്കാവുന്ന കോവിഡ് വാക്‌സിൻ; ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി

ന്യൂഡെൽഹി: രാജ്യത്ത് മൂക്കിൽ ഒഴിക്കാവുന്ന നേസൽ കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി. ഭാരത് ബയോടെക്കാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അടുത്ത മാസം പരീക്ഷണഫലം ഡിസിജിഐക്ക് സമർപ്പിക്കുമെന്നും ഭാരത്ബയോടെക്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജനുവരിയിലാണ് ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി ലഭിച്ചത്.ഡിസിജിഐയുടെ വിദഗ്‌ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്. പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നേസൽ വാക്‌സിന്റെ ക്ളിനിക്കൽ പരീക്ഷണം നടത്തിയത്.

പരീക്ഷണത്തിന് വിധേയരായവരിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമായിരുന്നു. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്‌റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കുകയാണ് ലക്ഷ്യം. രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്‌റ്റർ ഡോസായി നൽകുക.