അഗ്‌നിപഥ്; കേരളത്തിലും പ്രതിഷേധം- രാജ്ഭവനിലേക്ക് ഉദ്യോഗാർഥികളുടെ മാർച്ച്

തിരുവനന്തപുരം: സൈന്യത്തിലേക്ക് കരാര്‍ നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേയുള്ള പ്രതിഷേധം കേരളത്തിലേക്കും വ്യാപിക്കുന്നു. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർഥികൾ പ്രതിഷേധ മാർച്ച് നടത്തുകയാണ്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടക്കുന്ന മാർച്ചിൽ ആയിരത്തിലധികം ഉദ്യോഗാർഥികൾ പങ്കെടുക്കുന്നുണ്ട്.
ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പൊതുപ്രവേശന പരീക്ഷ നടത്തണമെന്നാണ് പ്രധാന ആവശ്യം. ടിഒഡി പിൻവലിക്കണമെന്നും സേനയിൽ സ്‌ഥിരം നിയമനം വേണമെന്നും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. അതിനിടെ, അഗ്‌നിപഥ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ്, 20ന് പുറപ്പെടേണ്ട എറണാകുളം-പട്‌ന ബൈവീക്കിലി എക്‌സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്‌ന-എറണാകുളം ബൈവീക്കിലി സൂപ്പർ ഫാസ്‌റ്റും, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.