• 08 Jun 2023
  • 06: 28 PM
Latest News arrow

യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകളും; പ്രയോജനങ്ങൾ നിരവധി

യുണിഫൈഡ് പേയ്‌മെന്റ് (യുപിഐ) സംവിധാനം വഴി ഇനി ക്രെഡിറ്റ് കാർഡുകളും ബന്ധിപ്പിക്കാം. റൂപെ ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടർന്ന് വിസ, മാസ്‌റ്റർ കാർഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതോടെ ക്രെഡിറ്റ് കാർഡുകൾ വഴിയും യുപിഐ ഇടപാടുകൾ നടത്താനുള്ള വഴിയാണ് തെളിയുന്നത്. പണവായ്‌പ നയപ്രഖ്യാപനത്തിനിടെ ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ യുപിഐയുമായി ഡെബിറ്റ് കാർഡുകൾ മാത്രമേ ബന്ധിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപ്‌തി കൂട്ടാൻ പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) എങ്ങനെ ബാധകമാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വന്നിട്ടില്ല. ഓരോ ഇടപാടിനും കച്ചവടക്കാരൻ നൽകുന്ന തുകയുടെ നിശ്‌ചിത ശതമാനം വീതം ബാങ്കുകൾക്കും പണമിടപാട് സേവന ദാതാക്കൾക്കും വിഭജിച്ച് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്.

നിലവിൽ റൂപെ കാർഡുകൾ വഴിയുള്ള ഇടപാടുകൾക്ക് ഇത്തരത്തിലുള്ള നിരക്കുകളൊന്നും കച്ചവടക്കാരിൽ നിന്ന് ഈടാക്കുന്നില്ല. യുപിഐ വ്യാപകമായി അതിവേഗം പ്രചാരത്തിലായത് അതുകൊണ്ടാണ്. ആർബിഐ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ കാർഡ് വിപണിയുടെ 60 ശതമാനത്തിൽ അധികം വിഹിതം നേടാൻ, നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കാർഡ് ശൃംഖലയായ റൂപെയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഡെബിറ്റ് കാർഡ് മേഖലയിലാണ് ഈ മേധാവിത്വം. ക്രെഡിറ്റ്കാർഡ് വിഭാഗത്തിൽ വിസയ്‌ക്കും മാസ്‌റ്റർ കാർഡിനുമാണ് ആധിപത്യമുള്ളത്.