• 01 Jun 2023
  • 05: 28 PM
Latest News arrow

ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, അഭിമാനമായി സഹല്‍

മുംബൈ: ഏഷ്യന്‍ കപ്പ് യോഗ്യതാ മൽസരത്തില്‍ തുടര്‍ച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്‌ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദുമാണ് ഗോള്‍ നേടിയത്. ഇതോടെ ഏഷ്യന്‍ കപ്പ് യോഗ്യതക്ക് ഇന്ത്യ ഒരു പടി കൂടി അടുത്തിരിക്കുകയാണ്.
86ആം മിനിറ്റിലാണ് ഇന്ത്യ ആദ്യം ഗോൾവല കുലുക്കിയത്. സുനില്‍ ചേത്രിയായിരുന്നു ഗോളിന് പിന്നിൽ. പിന്നാലെ 88ആം മിനിറ്റില്‍ അഫ്‌ഗാന്‍ തിരിച്ചടിച്ചതോടെ മൽസരം സമനിലയില്‍ കലാശിക്കും എന്നായി.
എന്നാല്‍ ഇഞ്ചുറി ടൈമില്‍ സഹല്‍ നേടിയ ഗോളില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. ഇതോടെ യോഗ്യതാ മൽസര റൗണ്ടില്‍ കളിച്ച രണ്ട് മൽസരങ്ങളും വിജയിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ആറ് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ഡിയില്‍ നിലവില്‍ രണ്ടാം സ്‌ഥാനത്താണ്. ഒന്നാം സ്‌ഥാനത്തുള്ള ഹോങ് കോംഗിനും ആറ് പോയിന്റ് തന്നെയാണ്. എന്നാല്‍ ഗോള്‍ കൂടുതല്‍ നേടിയതാണ് ഹോങ് കോംഗിന് മുൻ‌തൂക്കം നൽകിയത്.