• 07 Dec 2022
  • 09: 49 PM
Latest News arrow

ശരിക്കും ആരാണ് വില്ലൻ ?

രണ്ടുമൂന്നാഴ്ച മുമ്പ്  ഒരു സംഭവം നടന്നു. ബാംഗ്ലൂരിലെ പ്രശസ്തമായ ബിഷപ്പ് കോട്ടൺ സ്കൂളിന് മുന്നിൽ സ്‌കൂൾ വിടുന്ന സമയത്ത് കുറച്ചു വിദ്യാർത്ഥിനികൾ തമ്മിൽ ഏറ്റുമുട്ടി. എന്ന് വച്ചാൽ നല്ല ഒന്നാംതരം തല്ല്. ഒരു പെൺകുട്ടി മറ്റൊരു കുട്ടിയുടെ മൂക്കിടിച്ചു ബ്ലഡ് വരുത്തുകവരെ ചെയ്തു. സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് ഈ സ്റ്റണ്ട് പുറത്തെ റോഡിലേയ്ക്ക് നീണ്ടു. കണ്ടു നിന്ന ആരോ ഈ ഏറ്റുമുട്ടൽ മൊബൈലിൽ പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. നൊടിയിടയിൽ വീഡിയോ വൈറലായി. ഏതോ പയ്യന്റെ പേരിലാണ് ഈ പെൺകുട്ടികൾ തല്ലുപിടിച്ചതെന്നും റൂമറുകൾ ഉണ്ടായിരുന്നു. സ്വാഭാവികമായും ഏതു സ്‌കൂളിനും നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ബയോകോൺ സ്ഥാപകയായ കിരൺ മജൂംദാർ ഷാ എന്നിവരെപ്പോലുള്ളവർ പഠിച്ചിട്ടുള്ള, നൂറ്റൻമ്പതു വർഷത്തോളം പാരമ്പര്യമുള്ള ഒരു സ്‌കൂളാണ് ബിഷപ്പ് കോട്ടൺ. എന്നാൽ സ്‌കൂൾ അധികൃതർ മാതൃകാപരമായാണ് ഈ വിഷയം കൈകാര്യം ചെയ്തത്. കഴിഞ്ഞ രണ്ടു വർഷത്തെ ലോക്ക് ഡൌൺ ജീവിതം കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയെ എങ്ങനെയൊക്കെയാണ് ബാധിച്ചിട്ടുണ്ടാവുക എന്നുള്ള ബോധം അവർക്കുണ്ടായിരുന്നു. കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തി ഉപദേശിക്കുകയും കുഞ്ഞുങ്ങൾക്ക് കൗൺസിലിംഗ് കൊടുക്കുകയുമാണ് അവർ ചെയ്തത്. അല്ലാതെ വൈകാരികമായി അതിനോട് പ്രതികരിക്കാനോ കടുത്ത അച്ചടക്ക നടപടികൾ ഏർപ്പെടുത്താനോ സ്‌കൂൾ തയ്യാറായില്ല. കഴിഞ്ഞ ദിവസം ആറ്റിങ്ങലിനടുത്തുള്ള കല്ലമ്പലത്തിൽ മൊബൈൽ അഡിക്ഷൻ കാരണം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്ത ടി വിയിൽ കണ്ടിരുന്നു. മൊബൈലിന് അടിമയായ പെൺകുട്ടി കത്തെഴുതി വച്ചിട്ട് ജീവനൊടുക്കി എന്ന മട്ടിലായിരുന്നു വാർത്തയുടെ തലക്കെട്ടുകൾ. ഏഷ്യാനെറ്റ് വാർത്തയിൽ മറ്റൊരു കാര്യം കൂടി അവർ പരാമർശിച്ചിരുന്നു. ആ കുട്ടിക്ക് കൂട്ടുകാരൊന്നുമില്ലായിരുന്നത്രെ. ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു അവൾ. എന്നാൽ മൊബൈൽ അഡിക്ഷനല്ല മറിച്ച് തന്നിലേക്ക് മാത്രമൊതുങ്ങിയ മട്ടിലുള്ള ആ ജീവിതമാണ് അവളെ ആത്മഹത്യയിലേക്കെത്തിച്ചത് എന്നതിന് പ്രാധാന്യം കൊടുക്കാൻ ആരും തയ്യാറായിട്ടില്ല. എപ്പോളും മൊബൈലിലിൽ കുത്തിക്കൊണ്ടിരിക്കുന്നു, അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്തു സമയം കളയുന്നു എന്ന് കുറ്റം പറയുന്നതിന് മുമ്പ് എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് ഒരു നിമിഷം ആലോചിക്കേണ്ടതുണ്ട്. യഥാർത്ഥ ലോകത്തിൽ കിട്ടാത്ത സ്നേഹവും അംഗീകാരവും കരുതലുമൊക്കെ ഒരുപക്ഷെ വിർച്വൽ ലോകത്ത് അവർക്ക് കിട്ടുന്നുണ്ടാവും. സമൂഹത്തിൽ അത്യാവശ്യം എൻഗേജ്ഡ് ആയി ജീവിക്കുന്ന ഒരാളെ കീഴ്പ്പെടുത്താൻ ഒരുവിധമുള്ള ലഹരികൾക്കൊന്നും സാധിക്കില്ല എന്നാണ് ഞാൻ കണ്ടിട്ടുള്ളത്. സോഷ്യൽ മീഡിയയിലെ പെരുമാറ്റം കണ്ടിട്ട് അടിപൊളി മനുഷ്യനായിരിക്കുമെന്ന പ്രതീക്ഷയിൽ പരിചയപ്പെട്ട ചിലരെങ്കിലും കടുത്ത നിരാശ സമ്മാനിച്ച അനുഭവമുണ്ട്. നേരിട്ട് നമ്മളോട് പറയുന്ന ഓരോ വാചകത്തിന് പോലും അവർ ലൈക്കും റിയാക്ഷനുമൊക്കെ പ്രതീക്ഷിക്കുന്നത് പോലെയായിരുന്നു അത്. അതേ സമയം തന്നെ ഇതിലൊന്നുമില്ലാത്ത ചിലരെ കാണുമ്പോൾ സോഷ്യൽ മീഡിയയിൽ വാഴ്ത്തപ്പെടുന്ന സെലിബ്രിറ്റികളെയൊക്കെ എടുത്ത് കിണറ്റിലിടാനും തോന്നിയിട്ടുണ്ട്. അത്രയും ഗംഭീരമായി ജീവിതം ആഘോഷിച്ചു ജീവിക്കുന്നവർ. വിഷയത്തിലേക്ക് തിരിച്ചു വരാം. ഈ വാർത്ത വന്നതിന്റെ ഇമ്പാക്ട് ആണോ എന്നറിയില്ല, മാതാപിതാക്കൾ മൊബൈൽ ഉപയോഗം നിഷേധിച്ചതിനെ പേരിൽ കൊല്ലത്തും ഒരു കുട്ടി ഇന്നലെ ആത്മഹത്യ ചെയ്തിട്ടുണ്ട്. എനിക്ക് പറയാനുള്ളത് എത്രയാണ്. ഇത്തരം അഡിക്ഷനുകൾക്ക് പിന്നിൽ പലപ്പോളും വളരെ ശക്തമായ ഒരു കാരണമുണ്ടാവും. അതിനാണ് ചികിത്സ വേണ്ടത്. അല്ലാതെ അവരെ തല്ലുകയോ പട്ടിണിക്കിടുകയോ പൂട്ടിയിടുകയോ ഒന്നുമല്ല ചെയ്യേണ്ടത്. നിങ്ങളുടെ കുട്ടി അങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ അവനോട് / അവളോട് അത് എന്തുകൊണ്ടാണെന്ന് സംസാരിച്ചു മനസ്സിലാക്കാൻ ശ്രമിക്കണം. അങ്ങനെ സംസാരിക്കാനുള്ള അടുപ്പമെങ്കിലും നിങ്ങൾക്കും നിങ്ങളുടെ കുട്ടികളോടുണ്ടാവേണ്ടതുമുണ്ട്. വളരെ ഗൗരവമുള്ള ഒരു വിഷയമാണ് ഇത്. സമൂഹം കുറച്ചുകൂടി സീരിയസ് ആയി കാണേണ്ട ഒരു ആപത്ത്..വിഷയം മൊബൈൽ അഡിക്ഷനല്ല, മറിച്ച് ആ പേരിൽ വിളിക്കപ്പെടുന്ന അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുന്ന മറ്റു പെരുമാറ്റ വൈചിത്ര്യങ്ങളാണ്.