• 02 Jul 2022
  • 05: 07 PM
Latest News arrow

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കാൻബറ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്‌ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്‌മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു ഇദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസായിരുന്നു.
സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായിരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്‌ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട് ചെയ്യുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്‌താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇദ്ദേഹത്തിന്റെ വിയോഗം സ്‌ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കും ആദരാഞ്‌ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.