• 18 Aug 2022
  • 12: 34 PM
Latest News arrow

ഒറ്റ ചാർജിൽ 650 കിലോമീറ്റർ മൈലേജുമായി ടൊയോട്ടയുടെ ഹൈഡ്രജൻ ഇലക്ട്രിക്ക് കാർ ഇന്ത്യയിൽ

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനസെൽ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാർ ടൊയോട്ട മിറായ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി. ഒറ്റ ചാർജിൽ 650 കിലോമീറ്റർ ദൂരം സഞ്ചരിക്കാവുന്ന വാഹനം നിർമിച്ചത് ടൊയോട്ട കിർലോസ്കർ മോട്ടോഴ്‌സാണ് .  ചാർജ് ചെയ്യാൻ അഞ്ചുമിനിറ്റ് മതി. ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (ICAT)യുടെ ഭാഗമായാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആമുഖവും അവലംബവും ഇന്ത്യയുടെ ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവി സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഗഡ്‍കരി അഭിപ്രായപ്പെട്ടു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐസിഎടി) ചേർന്ന് ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്‌സിഇവി ടൊയോട്ട മിറായ് പഠിക്കാനും വിലയിരുത്താനുമുള്ള ഒരു പൈലറ്റ് പ്രോജക്‌റ്റാണ് നടത്തുന്നത്.  കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്, ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവയാണ് മിറായിയുടെ രണ്ടാം തലമുറ മോഡലിനെ ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്‍തമാക്കുന്നത്. വലിപ്പത്തിലും മുന്‍മോഡലിനെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ വിപണിയിലുള്ള മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായി പ്രദര്‍ശനത്തിന് എത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് രാജ്യാന്തര വിപണികളില്‍ എത്തിയിരുന്നു. 48,000 ഡോളറാണ് മിറായിയുടെ വിദേശ വിപണിയിലെ വില. അതേസമയം, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്.

വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും കമ്പനി ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.