• 18 Aug 2022
  • 01: 29 PM
Latest News arrow

രാജ്യസഭയിലേക്ക് ലിജുവോ ശ്രീനിവാസോ ?

രാജ്യസഭയിലേക്ക് എ എ റഹിമിനെയും സന്തോഷ് കുമാറിനെയും അയക്കാനുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും തീരുമാനം വന്നതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ അറിയാൻ  രാഷ്ട്രീയ കേന്ദ്രങ്ങൾ കാതോർക്കുകയാണ്. . സീറ്റ് കിട്ടിയേ അടങ്ങൂ എന്ന വാശിയോടെ ചാടിയിറങ്ങിയ കോൺഗ്രസിലെ എഴുപതു കഴിഞ്ഞവർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇടതു തീരുമാനം. രാജ്യസഭയെ ഇനിയും വയോജന വിശ്രമ കേന്ദ്രം ആക്കാനാണ് കോൺഗ്രസ് തീരുമാനിക്കുന്നതെങ്കിൽ പൊതു സമൂഹത്തിൽ നിന്ന് വലിയ അവജ്ഞ ആ പാർട്ടിക്കു   നേരിടേണ്ടി വരും.  

 

പതിവ് പോലെ ഹൈക്കമാൻഡ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കേരളത്തിൽ നിന്ന് ഒരു ഡസനിലേറെ പേരുകൾ പലവഴിക്കായി ഉയർന്നു കേൾക്കുന്നുണ്ട്. സ്ഥാനാർഥി ആക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് മുന്നറിയിപ്പ് നൽകുന്നവർ വരെ അക്കൂട്ടത്തിലുണ്ട്. കേരളത്തിന്റെ ചുമതലതയുള്ള എ ഐ സി സി  ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കണ്ടു സീറ്റിനു അവകാശവാദം ഉന്നയിച്ചു കാത്തിരിക്കുകയാണവർ.

 

ഹൈക്കമാൻഡ് ഏതെങ്കിലും പേരുകൾ നിർദേശിച്ചാൽ കെ പി സി സി ക്കു അത് പരിഗണിക്കേണ്ടി വരും.  കാരണം, കേരളത്തിൽ നിന്നുള്ള കെ സി  വേണുഗോപാലിനെ  രാജസ്ഥാനിൽ ഒഴിവു വന്ന സീറ്റിൽ രാജ്യസഭയിലേക്കയച്ച കടം  വീട്ടാനുണ്ട്.  ഹൈക്കമാൻഡ് നിർദേശിക്കാൻ ഇടയുള്ള ഒരു സ്ഥാനാർഥി നിലവിൽ എ ഐ സി സി സെക്രട്ടറിയായ ശ്രീനിവാസ് കൃഷ്ണനാണ്. കേരളത്തിൽ അത്ര  അറിയപ്പെടാത്ത ഇദ്ദേഹത്തിനു  രണ്ടു പതിറ്റാണ്ടായി കോൺഗ്രസുമായി ബന്ധമുണ്ട്. . തൃശൂർ സ്വദേശിയായ ശ്രീനിവാസ്  കെ കരുണാകരൻ വ്യവസായ മന്ത്രിയായിരുന്ന കാലത്തു പേഴ്‌സണൽ സ്റ്റാഫിൽ പ്രധാന തസ്തികയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ ജോലി രാജി വെച്ച് കോൺഗ്രസിൽ സജീവമായ ശ്രീനിവാസ് എ ഐ സി സി യിൽ മാധ്യമ വിഭാഗത്തിൽ വർഷങ്ങളോളം പ്രവർത്തിച്ചു. പ്രൊഫഷണലുകളെ രാഷ്ട്രീയത്തിൽ ഉപയോഗിക്കണമെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം അനുസരിച്ചാണ് തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചത്. റോബർട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയും വാദ്രയുടെ ചില കമ്പനികളുടെ ഡയറക്ടറുമായ ശ്രീനിവാസിന് പാർട്ടി ചുമതല കൊടുത്തത് സോണിയാ കുടുംബത്തിനെതിരെ സ്വജന പക്ഷപാത ആരോപണം ഉയരാൻ അന്നിടയാക്കിയിരുന്നു. കേരളത്തിൽ നിന്ന് വി എം സുധീരൻ  പരസ്യമായി പ്രതിഷേധിച്ചു .അന്നുണ്ടായതിനേക്കാൾ  വലിയ പ്രതിഷേധം ശ്രീനിവാസിനെ രാജ്യസഭയിലേക്ക് അയക്കാൻ നിർദേശിച്ചാൽ വരുമെന്നുറപ്പാണ്. 

 

അഞ്ചു  സംസ്ഥാനങ്ങളിലെ പരാജയത്തോടെ ദുർബലമായ കോൺഗ്രസ്  ഹൈക്കമാൻഡിനു ഇടഞ്ഞു നിൽക്കുന്ന ജി 23 യിലെ നേതാക്കളെ കൂട്ടിയോജിപ്പിക്കാൻ കിട്ടിയ അവസരമാണിത്.  ഗുലാംനബി ആസാദിനെ കേരളത്തിൽ നിന്ന് രാജ്യസഭയിൽ എത്തിച്ചാൽ പാർട്ടിക്ക് അത്  മുതൽക്കൂട്ടാകും.. ഗുലാം നബിയുടെ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ കശ്മീരിൽ നിയമസഭ ഇല്ലാത്തതിനാൽ തുടർന്ന് അദ്ദേഹത്തെ അയക്കാൻ കഴിഞ്ഞില്ല. . മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് അദ്ദേഹത്തെ രാജ്യസഭയിൽ എത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായതുമില്ല. പാർട്ടി നേതൃത്വത്തിലേക്ക് ഗുലാം നബിയെ തിരിച്ചു കൊണ്ടുവരാൻ അനുയോജ്യമായ ഈ അവസരം കോൺഗ്രസ് ഉപയോഗിക്കുമോ എന്നാണറിയേണ്ടത്.
സംസ്ഥാനത്തു നിന്നുള്ള ഒരാളെയാണ് പരിഗണിക്കുന്നതെങ്കിൽ നറുക്കു വീഴാൻ സാധ്യതയുള്ളവരിൽ  എം ലിജു മുന്നിലാണ്. . 75 കഴിഞ്ഞ കെ വി തോമസും 74 ൽ എത്തിയ എം എം ഹസ്സനുമൊക്കെ രാജ്യസഭാ സീറ്റ് ആഗ്രഹിക്കുന്നവരാണ്. ഷാനിമോൾ ഉസ്മാൻ, ജോസഫ് വാഴയ്ക്കൻ , വി ടി ബൽറാം, ചെറിയാൻ ഫിലിപ്പ് തുടങ്ങി പേരുകൾ ഇനിയുമുണ്ട്. കെ
എസ്.യൂ സംസ്ഥാന വൈസ് പ്രസിഡന്റ്, എൻ എസ് യു ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തന പാരമ്പര്യമുള്ള ലിജു നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചയാളാണ്. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റുമാരിൽ പാർലമെന്ററി പദവിയിൽ എത്താത്ത ഏക ആളും.