• 01 Jun 2023
  • 06: 46 PM
Latest News arrow

അതിജീവിത നല്‍കുന്ന പാഠമെന്ത്?

താന്‍ ഇരയല്ല, അതിജീവിതയാണെന്ന് നടന്‍ ദിലീപ് പ്രതിയായ പീഡനക്കേസിലെ അതിജീവിത ഇന്നലെ തലയുയര്‍ത്തിപ്പിടിച്ച് ലോകത്തോട് പറഞ്ഞു. തന്റെ ജീവിതത്തിലെ ആ കറുത്ത അധ്യായവും അതിന് ശേഷമുണ്ടായ അനുഭവങ്ങളും സമൂഹത്തില്‍ നിന്നുണ്ടായ പ്രതികരണങ്ങളും എപ്രകാരം തന്നെ ബാധിച്ചുവെന്നും അവര്‍ വ്യക്തമാക്കി. കൊലപാതകത്തേക്കാള്‍ ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ള ഒരു കുറ്റകൃത്യത്തിന് ഇരയാകേണ്ടി വന്നതിന് ശേഷം കോടതി മുറിയില്‍ താന്‍ നേരിട്ട രണ്ടാം പീഡനം എത്ര ഭീകരമായിരുന്നുവെന്ന അവരുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നീതികേടിനെ പുറത്തുകൊണ്ടുവരുന്നതാണ്. തട്ടിക്കൊണ്ടുപോകലും ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടി വന്ന ഒരു സ്ത്രീയ്ക്ക് അതിന്റെ പേരില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ ചലച്ചിത്ര ലോകത്തിന് മാത്രമല്ല മലയാളികള്‍ക്കാകെ അപമാനമാണ്. അങ്ങേയറ്റം ദയനീയമായ അവസ്ഥയിലൂടെ കടന്നുപോയ ഒരു സഹപ്രവര്‍ത്തകയ്ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാഹചര്യം പോലും നല്‍കാത്തവരാണ് ആദര്‍ശ സിനിമകളുമായി സമൂഹത്തിന് മുമ്പിലേക്ക് വരുന്നതെന്നത് എത്ര കഷ്ടം! ഇത്ര ഇടുങ്ങിയതാണോ മലയാള ചലച്ചിത്ര ലോകം?

നീതി കിട്ടിയില്ലെന്ന് അതിജീവിത പറയുന്നു. നീതി നല്‍കേണ്ട നീതിപീഠത്തിന് മുമ്പിലാണ് 15 ദിവസം അവര്‍ രണ്ടാം പീഡനത്തിന് ഇരയായത്. ഓരോ ദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ കോടതിയില്‍ ഒരു പറ്റം ആളുകള്‍ക്ക് മുമ്പില്‍ ഒറ്റയ്ക്ക് നിന്നുകൊണ്ട് വിചാരണ നേരിട്ടു. ഏഴോളം വക്കീലന്‍മാര്‍ അവരെ ചോദ്യം ചെയ്തു. കഠിനമായ യാതനയാണ് ആ നിമിഷങ്ങള്‍ തനിക്ക് നല്‍കിയതെന്ന് അവര്‍ വെളിപ്പെടുത്തുന്നു. കഷ്ണങ്ങളായി നുറുങ്ങിപ്പോകുന്ന അവസ്ഥയായിരുന്നുവെന്ന് പറയുന്നു. ആ കഠിന യാതനകളില്‍ നിന്നാണ് ഇപ്പോള്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അവര്‍ ഉയര്‍ന്ന് വന്നത്. 

കേസിലെ ഒരു സാക്ഷി, 'ഈ സംഭവം അറിഞ്ഞയുടന്‍ താന്‍ അവിടെ എത്തി' എന്ന് പറഞ്ഞപ്പോള്‍, എവിടെ റേപ്പ് നടന്നാലും താന്‍ അവിടെ എത്തുമോ എന്നാണ് കോടതി അയാളോട് ചോദിച്ചത്. എവിടെ ലൈഫ്‌ബോയ് അവിടെ ആരോഗ്യം എന്ന് പറഞ്ഞുകൊണ്ട് കോടതി അയാളെ പരിഹസിക്കുകയും ചെയ്തു. ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീ കോടതിയില്‍ വിചാരണ നേരിടുമ്പോള്‍ വിറയ്ക്കുകയായിരുന്നു. ഇരകളെ ഇങ്ങിനെ വിറപ്പിക്കുന്ന കോടതിയുടെ ഈ മനോഭാവം എന്താണ്? ഇത്രയും ജനസ്വാധീനമുള്ള അതിജീവിതയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ സ്ത്രീകള്‍ക്ക് എങ്ങിനെയാണ് ഇത്തരം വിറപ്പിക്കലുകളെ നേരിടാനാകുന്നത്?

കോടതിയില്‍ വികാരങ്ങള്‍ക്കല്ല തെളിവുകള്‍ക്കാണ് പ്രാധാന്യം എന്നാണ് പറയുന്നത്. എന്നിട്ടും നമ്മള്‍ വനിതാ ജഡ്ജിനെ എന്തുകൊണ്ട് ആവശ്യപ്പെടുന്നു, ഇന്‍ ക്യാമറ പ്രൊസീഡീങ്‌സ് എന്തുകൊണ്ട് ആവശ്യപ്പെടുന്നു? അത് ഇരയുടെ വികാരത്തെ മാനിക്കുന്നത് കൊണ്ട് തന്നെയാണ്. പ്രോസിക്യൂഷന്‍ കൃത്യമായി കേസ് നടത്തുകയും പ്രതിഭാഗം വക്കീലന്‍മാര്‍ മര്യാദയോടെ വിചാരണ നടത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഈ സ്ത്രീ ഇത്രമാത്രം നുറുങ്ങിപ്പോകില്ലായിരുന്നു. എന്തിനാണ് ഒരു ഇരയെ നീതി ന്യായ വ്യവസ്ഥ ഇത്രമാത്രം ഭേദിച്ചത്? 

ഈ കേസില്‍ അതിജീവിതയ്ക്ക് സര്‍ക്കാര്‍ ഇടപെട്ട് പ്രോസിക്യൂട്ടറെ വെച്ചുകൊടുത്തു. ഇത് കൂടാതെ അവര്‍ തന്നെ ഒരു വക്കീലിനെ ഏര്‍പ്പാടാക്കി. ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കാനുണ്ട്. അന്വേഷണം നല്ല രീതിയില്‍ പോകുന്നു. എന്നിട്ട് പോലും നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ അത് അപകടമാണ്. നമ്മള്‍ നീതിയ്ക്കായി അവസാനം എത്തിപ്പെടുന്ന സ്ഥലത്ത് നിന്നും ഇത്രയും വലിയ നീതിനിഷേധം നടക്കുകയും അവിടെ നിരാലംബയായി നില്‍ക്കേണ്ടിയും വരുമ്പോള്‍ എന്തിനാണ് ഇങ്ങിനെ ഒരു നീതിന്യായ വ്യവസ്ഥ എന്ന് തോന്നിപ്പോകും. 

സമൂഹത്തെക്കുറിച്ചും അതിജീവിത കുറേ കാര്യങ്ങള്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം ഒരു സമൂഹ മാധ്യമത്തില്‍ സജീവമായപ്പോള്‍ പോലും 'പോയി ചത്തുകൂടേ' എന്നാണ് ആളുകള്‍ ചോദിക്കുന്നത്. സമൂഹത്തിനാകെ നാണക്കേട് തോന്നേണ്ടതാണ്. 

ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നതോടെ താന്‍ അതുവരെ ഏറ്റവും സജീവമായിരുന്ന തൊഴിലിടത്തേയ്ക്ക് മടങ്ങിയെത്താന്‍ പറ്റാത്ത സാഹചര്യമാണ് അവര്‍ക്കുണ്ടായത്. മറ്റൊരാള്‍ ചെയ്ത കുറ്റകൃത്യത്തിന് അതിന് ഇരയാകേണ്ടി വന്നയാള്‍ക്ക് തൊഴില്‍ അവസരം നിഷേധിക്കുകയാണ്. തെറ്റ് ചെയ്തത് ഇരയാണെന്ന മനോഭാവമാണ് അവിടങ്ങളില്‍ പ്രതിഫലിക്കുന്നത്. അവര്‍ക്കൊപ്പം നിന്ന മറ്റ് അഭിനേത്രികളോടും ക്രൂരമായ രീതിയിലാണ് സിനിമാ മേഖല പെരുമാറിയത്. അവര്‍ക്കും അവസരങ്ങള്‍ നിഷേധിച്ചു. 

സിനിമയെന്ന് പറഞ്ഞാല്‍ ആദര്‍ശത്തിന്റെ പ്രതിരൂപങ്ങളായിട്ടുള്ള കുറേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ലിംഗനീതിയ്ക്ക് വേണ്ടി പോരാടുന്ന ആളുകളെ അവതരിപ്പിക്കുന്ന, സമൂഹത്തിന് വളരെ പോസിറ്റീവായിട്ടുള്ള ഉപദേശങ്ങള്‍ നല്‍കുന്ന ഒരു മാധ്യമമെന്നാണ് കരുതപ്പെടുന്നത്. സമൂഹത്തെ വലിയ തോതില്‍ സ്വാധീനിക്കുന്ന ഒരു മാധ്യമം. എന്നാല്‍ അതില്‍ ജോലി ചെയ്യുന്ന ആളുകള്‍, 'ഇരയോടൊപ്പം' എന്ന് ഹാഷ്ടാഗ് ചെയ്യുകയല്ലാതെ അതിനപ്പുറത്തേയ്ക്ക് അതിജീവിതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഈ അഞ്ച് വര്‍ഷത്തിനിടയില്‍ നടത്തിയിട്ടില്ല. പകരം അവരെ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. 

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാനുള്ള നിയമമുണ്ട്. എന്നാല്‍ സിനിമാ മേഖലയെ ഈ നിയമം ബാധിക്കാത്തത് പോലെയാണ്. എത്രയോ സ്ത്രീകള്‍ ഈ മേഖലയില്‍ ലൈംഗിക ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു. ഇങ്ങിനെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുമ്പോള്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ നിന്നും എത്രമാത്രം ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടാകും! സ്ത്രീകള്‍ക്ക് ചൂഷണങ്ങള്‍ പരാതിപ്പെടാനുള്ള ഒരു ഫോറം രൂപീകരിക്കാന്‍ സിനിമാ മേഖലയിലെ സംഘടനകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ നിയമപ്രകാരം ചൂഷണത്തിന് ഇരയായ സ്ത്രീയ്ക്ക് ചൂഷകനെ അവിടെ നിന്നും മാറ്റണം എന്ന് പറയാനുള്ള അവകാശമുണ്ട്. ഇവിടെ അതിജീവിതയ്ക്ക് അതിനുള്ള അവകാശം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അവരെയാണ് മാറ്റി നിര്‍ത്തുന്നതും. കോടികള്‍ മുടക്കി ഹേമ കമ്മീഷനെക്കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിച്ചു. ഇപ്പോള്‍ അത് കമ്മീഷനാണോ കമ്മിറ്റിയാണോ എന്നതിലാണ് ചര്‍ച്ച നടക്കുന്നത്. എന്തിനാണ് സര്‍ക്കാര്‍ പിന്നെ ഇത്രയും തുക ചെലവഴിച്ചത്?

ഒരു പീഡനം അനുഭവിച്ച സ്ത്രീയെ വീണ്ടും വീണ്ടും സമൂഹത്തിന് മുമ്പില്‍ കുറ്റവാളിയാക്കാനുള്ള ശ്രമം ഇവിടെ കൃത്യമായി നടക്കുന്നു. ഇരയെ  മാറ്റിനിര്‍ത്താനും ഒറ്റപ്പെടുത്താനുമുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടാകുന്നു. ഇവിടെ സ്വയം കരുത്താര്‍ജ്ജിച്ച് പോരാടുക എന്ന ഒറ്റ വഴി മാത്രമേ ഓരോ ഇരകളുടെയും മുമ്പിലുള്ളൂ. നീതി കിട്ടിയാലും ഇല്ലെങ്കിലും ആ പോരാട്ടം തുടരുക. അതിജീവിത നല്‍കുന്ന പാഠമതാണ്.