• 01 Jun 2023
  • 05: 11 PM
Latest News arrow

പി ജയരാജനെ എന്തിനാണ് ഇരുട്ടത്തു നിർത്തിയത് ?

സിപിഎമ്മിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജില്ലയാണ് കണ്ണൂര്‍. അവിടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു അടുത്ത കാലം വരെ പി. ജയരാജന്‍. കണ്ണൂരില്‍ പാര്‍ട്ടി വളര്‍ത്തിയതില്‍ നിര്‍ണായക പങ്കു വഹിച്ച സഖാവ്. രണ്ട് വ്യാഴവട്ടക്കാലം സംസ്ഥാന കമ്മിറ്റി അംഗമായും ഒന്‍പതു കൊല്ലം  ജില്ലാ സെക്രട്ടറിയായും മൂന്നു തവണ നിയമസഭാംഗം ആയും പ്രവര്‍ത്തിച്ചയാള്‍. ജില്ലയില്‍ ആര്‍എസ്എസിനെ തടഞ്ഞു നിര്‍ത്തിയെന്ന ഖ്യാതി നേടിയ ആള്‍. ഇരുപത്തിമൂന്നു കൊല്ലം മുന്‍പ് ഒരു തിരുവോണ ദിനത്തില്‍ ആര്‍എസ്എസുകാരുടെ കൊലക്കത്തിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വിഭാഗീയത കൊടുമ്പിരിക്കൊണ്ടപ്പോള്‍ അതിനെതിരെ ഉറച്ച നിലപാട് എടുത്തു പാര്‍ട്ടി പക്ഷത്തു പാറ പോലെ നിന്നയാള്‍. ഇങ്ങിനെ പി ജയരാജനെ കുറിച്ച് വിശേഷണങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. 

കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ കൂടുതല്‍ സ്‌നേഹിച്ചതിന്റെ തിക്താനുഭവങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പി  ജയരാജന്‍ അനുഭവിക്കുന്നത്.  ജയരാജനെ കുറിച്ച് പാട്ട്, നാടകം, സംഗീത ശില്‍പം, പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക് പേജ് എന്നിങ്ങനെ ജയരാജനോട് ആരാധന അതിരു കടന്നപ്പോള്‍ പാര്‍ട്ടിയിലെ സമകാലീനര്‍ക്കു ഇരിക്കപ്പൊറുതിയില്ലാതായി. വ്യക്തിപൂജാ ആരോപണവുമായി അവര്‍ രംഗത്ത് വന്നു. 2018 ലെ പാര്‍ട്ടി സമ്മേളന കാലത്തു ജയരാജനെതിരെ കുറ്റാരോപണങ്ങള്‍ ഉയര്‍ന്നു. വ്യക്തിപൂജയില്‍ ജയരാജന്‍ അഭിരമിക്കുന്നതിനെക്കുറിച്ചു പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതി അന്വേഷിക്കാന്‍ കമ്മിഷനെ വെച്ചു. കമ്മിഷന്‍ ജയരാജന്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയെങ്കിലും അതിനിടയില്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ ചിറകുകള്‍ അരിഞ്ഞു. ജില്ലാ സെക്രട്ടറി ആയിരിക്കെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത ഒട്ടും ഇല്ലാതിരുന്ന വടകര സീറ്റില്‍ മത്സരിപ്പിച്ചു. അതിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. തെരഞ്ഞെടുപ്പില്‍  തോറ്റ മറ്റു ജില്ലാ സെക്രട്ടറിമാര്‍ക്ക് സ്ഥാനം തിരിച്ചു കൊടുത്തപ്പോള്‍ ജയരാജനെ തഴഞ്ഞു. പാര്‍ട്ടി തന്നെ മൂലക്കിരുത്തുകയാണെന്നു ബോധ്യപ്പെട്ടിട്ടും പാര്‍ട്ടിക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല ഇന്നേവരെ പി ജയരാജന്‍. ഒടുവില്‍ ഖാദിബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കി അവിടെ കുടിയിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുമ്പെങ്ങോ അംഗമാകേണ്ടിയിരുന്ന ജയരാജന്‍ ഇത്തവണയും സംസ്ഥാന സമിതി അംഗത്വത്തില്‍ ഒതുങ്ങി.

എന്തിനാണ് സിപിഎം, ജയരാജനെ ഇങ്ങിനെ ഇരുട്ടത്ത് നിര്‍ത്തുന്നത്? കണ്ണൂരിലെ ഓരോ സഖാവിന്റെയും മനസ്സില്‍ പൊന്തിവരുന്ന ചോദ്യമാണിത്. എന്നാല്‍, പാര്‍ട്ടി അച്ചടക്കത്തിന്റെ ഖഡ്ഗം ഭയന്ന് ഒരാളും അത് ചോദിക്കുന്നില്ല. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് വേണ്ടി വന്നു പിതാവിന് പിന്തുണ അര്‍പ്പിക്കാന്‍. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും ഇപ്പോഴും ഇടനെഞ്ചില്‍ തന്നെ. മകന്‍ ഫേസ്ബുക്കില്‍ കുറിച്ച ഈ ഒരൊറ്റ വാചകത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ജെയിന്‍ രാജ് പോസ്റ്റിട്ടു  മിനിറ്റുകള്‍ക്കുള്ളില്‍ കമന്റുകളുടെ പ്രവാഹമായി. സഖാക്കള്‍ ഈ മനുഷ്യനെ എത്രമേല്‍ ഹൃദയത്തില്‍ ഏറ്റുന്നുവെന്നതിന്റെ പ്രതിഫലനമാണത്. ജയരാജനോട് പാര്‍ട്ടി നീതി കാണിച്ചില്ല എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. പണ്ട് വി എസിനോട് പാര്‍ട്ടി അനീതി കാണിച്ചപ്പോള്‍ എ കെ ജി സെന്ററിലേക്ക് സഖാക്കള്‍ പ്രകടനം നടത്തി. സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ അനുബന്ധമായി പ്രകടനം നടന്നു. ജയരാജന് വേണ്ടി പക്ഷേ, സഖാക്കള്‍ അത് ചെയ്യില്ല. ചെയ്താല്‍ ജയരാജനാകും ആദ്യം തള്ളിപ്പറയുക എന്ന് അവര്‍ക്കറിയാം. അവഗണനകള്‍ ഏറെ ഉണ്ടായിട്ടും പാര്‍ട്ടിക്കെതിരെ ജയരാജന്‍ ഇതുവരെ ഒരു വാക്ക് ഉരിയാടിയിട്ടില്ല. എന്നാല്‍, പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ ജയരാജന്‍ ശബ്ദിച്ചിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഒരു കമ്മ്യുണിസ്റ്റിന്റെ കടമയായാണ് അതിനെ ജയരാജന്‍ കാണുന്നത്. അതിന്റെ തിരിച്ചടികളാണ് അദ്ദേഹം നേരിട്ട് കൊണ്ടിരിക്കുന്നത്. 

എന്തിനാകും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പി ജയരാജന്റെ കൊടിയിറക്കത്തിന് പാര്‍ട്ടി താല്പര്യമെടുത്തത്? കണ്ണൂരില്‍ സിപിഎം- ആര്‍ എസ് എസ് കൊലപാതക രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ പി ജയരാജന്‍ നേതൃസ്ഥാനത്തു നിന്ന് മാറണമെന്ന് ആരെങ്കിലും ഉപാധി വെച്ചിരുന്നോ? ആര്‍ എസ് എസിന്റെ ദൂതനായി പിണറായിയേയും കോടിയേരിയെയും സമീപിച്ച ശ്രീ എം ഇങ്ങനെയൊരു നിര്‍ദേശം വെച്ചിരുന്നോ? ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍പ് ജയരാജനെ തന്ത്രപൂര്‍വം ഇറക്കിവിട്ടപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇങ്ങനെയൊരു സന്ദേഹം ഉയര്‍ന്നിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഒട്ടേറെ അക്രമ സംഭവങ്ങള്‍ ജയരാജനുമായി ബന്ധപ്പെട്ടതാണ്. രണ്ടു കൊലക്കേസുകളില്‍ അദ്ദേഹം പ്രതിയുമാണ്. എന്നാല്‍, ജയരാജന്‍ മാറിയിട്ടും കൊലകളും അക്രമങ്ങളും ബോംബ് രാഷ്ട്രീയവും അവസാനിക്കുന്നില്ല. വിവാഹ ആഘോഷ ചടങ്ങില്‍ വരെ യുവാക്കള്‍ ബോംബുമായി പോകുന്നു. 

കണ്ണൂരില്‍ നിന്ന് കൂടുതല്‍ പേരുണ്ട്. എല്ലാ ജില്ലകള്‍ക്കും അവസരം നല്‍കണം. അതിനാലാണ് ജയരാജനെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് മൂന്നാം തവണ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ജയരാജനെ അനുകൂലിക്കുന്ന പോസ്റ്റുകള്‍ ഇടുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഭീഷണിയുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും ഇതിനിടെ രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ പക്ഷേ അതൊന്നും മുഖവിലക്കെടുത്തിട്ടില്ല. അവരുടെ മനസ്സിലെ വിങ്ങലാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. പാര്‍ട്ടിക്കെതിരെ പി ജയരാജന്‍ ഒരക്ഷരം ഉരിയാടാത്ത  സാഹചര്യത്തില്‍ ചായക്കോപ്പയിലെ കൊടുംകാറ്റായി ഇതു അസ്തമിക്കുമെന്നാണ് കരുതേണ്ടത്. കണ്ണൂരിലെ ചെന്താരകത്തിനു പാര്‍ട്ടി ഏല്‍പിച്ച ഖാദി വിപണനവുമായി മുന്നോട്ടു പോകാം.