• 08 Jun 2023
  • 05: 39 PM
Latest News arrow

ആനക്കാര്യത്തിനിടെ ചേനക്കാര്യം!

യില്‍ അനുഭവങ്ങള്‍ പരസ്യപ്പെടുത്താമോ എന്നൊരു സംശയമുണ്ടായിരുന്നു ഇതുവരെ. എം. ശിവശങ്കരന്റെ പുസ്തകം വായിച്ചപ്പോള്‍ അതു തീര്‍ന്നുകിട്ടി. സിവില്‍ സര്‍വീസ് തലപ്പത്തെ ഉദ്യോഗസ്ഥന് എഴുതി പുസ്തകമാക്കാമെങ്കില്‍ അതില്‍ നിയമപരമായ തെറ്റില്ലെന്നാണല്ലോ മനസിലാക്കേണ്ടത്. എന്നാപ്പിന്നെ എന്റെ ജയില്‍ അനുഭവങ്ങളും ഇവിടെ കുറിച്ചുകളയാം എന്നൊരു തോന്നല്‍. ആനക്കാര്യത്തിനിടയില്‍ ചേനക്കാര്യം പറയുംപോലെ. പറയാന്‍ പോകുന്ന കാര്യങ്ങളില്‍ മേമ്പൊടി തീരെയില്ല. ചിലതൊക്കെ അറപ്പോടെ വായിക്കേണ്ടി വരും. അതുകൊണ്ട് ആശ്വത്ഥാമാവിനെയും ആനയെയും കുതിരയെയുമൊന്നും പ്രതീക്ഷിച്ചേക്കരുത്.

മാഫിയ ഡോണ്‍

ജയിലില്‍ എത്തുംവരെ നമ്മളെകുറിച്ചിറങ്ങുന്ന വാര്‍ത്തകളൊക്കെ അവിടെയുള്ളവര്‍ക്കു കിട്ടും. കൊലപാതകി, നിരവധി കേസുകളിലെ പ്രതി, രാഷ്ട്രീയ സ്വാധീനം അങ്ങനെ വാര്‍ത്തകളില്‍ എനിക്ക് ലഭിച്ച വര്‍ണനകള്‍ ജയില്‍ അന്തേവാസികള്‍ക്കിടയിലും സ്വാധീനം ചെലുത്തിയിരുന്നു. ഗുണ്ടകളും ക്രിമിനലുകളുമൊക്കെയായ അവരുടെ കാഴ്ചപ്പാടില്‍ ജയിലിലെത്തുന്നത് ഒരു മാഫിയ ഡോണ്‍ ആണ്. കാഴ്ചക്ക് ഒരു അധോലോക നായകന്റെ പോയിട്ട് സാദാഗുണ്ടയുടെ പോലും ശാരീരിക യോഗ്യതയോ ലുക്കോ ഇല്ലെങ്കിലും അതുക്കുംമേലെയാണ് അവരെന്ന കണ്ടത്. വലിയ ഗുണ്ടാസാമ്രാജ്യം നിയന്ത്രിക്കുന്ന ഡോണ്‍. അവരുടെ കൂട്ടത്തിലെ പ്രമാണി. അതുകൊണ്ടുതന്നെ ആരാധനയാണ് പ്രകടിപ്പിച്ചത്. ഭയ, ഭക്തി, ബഹുമാനം എന്നൊക്കെ പറയാം. എന്തുവേണമെങ്കിലും ചെയ്തു തരാന്‍ തയ്യാര്‍. വെള്ളം കൊണ്ടുതരുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍. സത്യത്തില്‍ അവരുടെ ബഹുമാനവും സഹായവും എന്നെ വല്ലാതെ പേടിപ്പിക്കുകയാണ് ചെയ്തത്. അന്നേവരെ ഗുണ്ടാബന്ധങ്ങളില്‍ ചെന്നുപെട്ടിട്ടില്ല. ജയിലിലും ആദ്യം. ഭീകര സ്വപ്‌നങ്ങളില്‍ പോലും കാണാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതിനിടയില്‍ അവരുടെ ആരാധനയും ബഹുമാനവുമൊന്നും ആസ്വദിക്കാവുന്ന മാനസീകാവസ്ഥ പോലുമില്ല. ഞാന്‍ ഈ നാട്ടുകാരനേയല്ല എന്ന ഭാവത്തില്‍ അവിടെ കഴിഞ്ഞുകൂടുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു.

കാന്റീനില്‍ ഭക്ഷണം ഉണ്ടാക്കുന്നത് ജയില്‍ അന്തേവാസികളാണ്. അതാണ് ജയില്‍ ചപ്പാത്തിയും ചിക്കനുമൊക്കെയായി വില്‍പ്പനക്കെത്തുന്നതും. ഒരുദിവസം അടുക്കള ജോലിക്ക് പോയ ഒരാള്‍ എനിക്ക് സെല്ലിന്റെ ചെറിയ വിടവിലൂടെ ചപ്പാത്തിയും ചിക്കന്‍കറിയും കൊണ്ടുവന്നു തന്നു. ആരും കാണുന്നില്ലല്ലോ എന്ന് പേടിയോടെ ചുറ്റുംനോക്കി. മറ്റൊരു പുലിവാലു പിടിക്കാന്‍ വയ്യ. ഭക്ഷണം വേണ്ടെന്ന് പറഞ്ഞത് അയാള്‍ക്ക് ഇഷ്ടമായില്ല. അയാള്‍ക്ക് അതൃപ്തി തോന്നേണ്ടെന്ന് കരുതി വാങ്ങി. സെല്ലില്‍ കൂടെ ഉണ്ടായിരുന്നവര്‍ക്ക് അത് നല്‍കിയപ്പോള്‍ അവര്‍ മുഖത്തേക്ക് നോക്കി. എനിക്ക് കഴിക്കാന്‍ വയ്യാഞ്ഞിട്ടാണെന്ന് പറഞ്ഞു. ജയിലില്‍ ചെന്നതില്‍ പിന്നെ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ് സത്യം.

 

ചപ്പാത്തിയും ചോറും

രാവിലെയും വൈകീട്ടും ചപ്പാത്തിയാണ് ജയില്‍ ഭക്ഷണം. ഒരാള്‍ക്ക് ആറെണ്ണമൊ/ എട്ടെണ്ണമോ ഒക്കെ വെച്ച് ധാരാളം ചപ്പാത്തി കിട്ടും. ഉച്ചയ്ക്ക് ചോറും. മീന്‍, ഇറച്ചി, പച്ചക്കറി, കടല എന്നിങ്ങനെ ദിവസവും കറി മാറും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവായിരുന്നതിനാല്‍ കുറച്ച് പഞ്ചസാര വാങ്ങി കടലാസില്‍ പൊതിഞ്ഞ് വെച്ചിരുന്നു. രാവിലെ ഒരു ചപ്പാത്തി കുറച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കും. കറി വാങ്ങാറില്ല. ബാക്കി ചപ്പാത്തി സഹതടവുകാര്‍ക്ക് കൊടുക്കാറാണ് പതിവ്. ഉച്ചയ്ക്കും ഒന്നോ രണ്ടോ സ്പൂണ്‍ ചോറ് എടുത്ത് ബാക്കിയും കൈമാറും. വൈകീട്ടും ഒരു ചപ്പാത്തി. ചിലപ്പോള്‍ അതും ഒഴിവാക്കി അത്താഴപട്ടിണി കിടക്കും. ജയിലിലെ സാഹചര്യത്തില്‍ ഭക്ഷണം തൊണ്ടയില്‍ നിന്നിറങ്ങണ്ടേ. എന്തായാലും ആഹാരം ക്രമപ്പെടുത്തിയതിനാല്‍ യാതൊരു ശാരീരിക അദ്ധ്വാനവുമില്ലാതെ കഴിഞ്ഞിട്ടും ശരീരത്തില്‍ ദുര്‍മേദസ് കൂടിയില്ല. ജയിലില്‍ പോകുമ്പോഴുണ്ടായിരുന്ന 68 കിലോ ശരീരഭാരം തിരിച്ചെത്തിയപ്പോള്‍ 55 കിലോയായി കുറഞ്ഞു. ഭക്ഷണം നിയന്ത്രിച്ചാല്‍ തന്നെ അമിതഭാരം കുറയ്ക്കാനാവുമെന്ന് ഇതില്‍പരമൊരു അനുഭവസാക്ഷ്യം വേറെയില്ല.

 

പലതരത്തിലുള്ള ക്രിമിനലുകളായ സഹതടവുകാര്‍ക്കൊന്നും യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍ നല്‍കരുതെന്ന് ജയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ചോദിച്ചവരോടൊക്കെ ഇല്ലാത്ത നമ്പറുകള്‍ പറഞ്ഞു. എന്നിട്ടും ജയിലില്‍ നിന്നിറങ്ങിയശേഷം ഒരു അന്തേവാസിയുടെ ഫോണ്‍ വന്നു. അയാള്‍ എങ്ങനെയാണ് എന്റെ നമ്പര്‍ തപ്പിയെടുത്തതെന്ന് അറിയില്ല. എനിക്ക് സെല്ലിന്റെ വിടവിലൂടെ ചപ്പാത്തിയും ചിക്കനും കൊണ്ടുതന്നയാളാണ്. റിയല്‍എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട കാര്യത്തിന് നേരിട്ട് കാണണം എന്നതായിരുന്നു ആവശ്യം. എങ്ങനെ ഒഴിവാക്കണമെന്നായി എന്റെ ചിന്ത. വീണ്ടും വിളി വന്നപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. എന്നിട്ടും അയാള്‍ എന്നെ കാണാന്‍ രണ്ടുതവണ പാലക്കാട്ടെത്തി. ഭാഗ്യത്തിന് അയാള്‍ വന്നപ്പോഴൊന്നും ഞാന്‍ പാലക്കാട്ട് ഉണ്ടായിരുന്നില്ല. നേരെ അയാളുടെ മുന്നില്‍ ചെന്ന് പെട്ടിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്ന കാര്യത്തില്‍ ഒരുനിശ്ചയവുമില്ല.

 

പൊറോട്ട കടത്തിയ വഴി

പുറമെനിന്നുള്ള ഭക്ഷണത്തിന് ജയിലില്‍ വിലക്കുണ്ട്. ഒരിക്കല്‍ കഞ്ചാവുകേസില്‍ റിമാന്‍ഡിലായ ഒരാള്‍ സെല്ലിലെത്തി. ഒരിടത്തിരുന്ന് മുക്കി അയാള്‍ മലദ്വാരത്തില്‍ നിന്നും ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു. അതില്‍ പൊറോട്ടയും ഇറച്ചിയുമാണ് പൊതിഞ്ഞുവെച്ചിരുന്നത്. യാതൊരു അറപ്പുമില്ലാതെ അയാളത് കഴിച്ചത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഓക്കാനം വരും. രസികനായി തോന്നിയ മറ്റൊരു കഥാപാത്രം തമിഴ്‌നാട്ടുകാരനാണ്. തെളിച്ചുപറഞ്ഞാല്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രം. എങ്ങനെയും ജയിലില്‍ വന്ന് ഭക്ഷണം കഴിച്ച് കഴിയണമെന്നതാണ് അയാളുടെ ജീവിതവൃതമെന്ന് തോന്നിയിട്ടുണ്ട്. ജയിലില്‍ കയറാന്‍ വേണ്ടി അയാള്‍ അടിപിടി കേസെങ്കിലും ഉണ്ടാക്കിയെടുക്കും. ജയിലില്‍ കയറിയാല്‍ ജാമ്യത്തിനുപോലും ശ്രമിക്കില്ല. സ്വാഭാവിക ജാമ്യം കിട്ടിയാല്‍ മാത്രം പുറത്തിറങ്ങും. അല്ലെങ്കില്‍ ജയില്‍ ഭക്ഷണവും സേവിച്ച് അവിടെ കഴിഞ്ഞുകൂടും.

 

ആശ്വാസ കണ്ണീര്‍

റിമാന്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അക്കാലത്ത് ജയിലിലെത്തും. അവര്‍ എന്റെ സെല്ലില്‍ വരും. മുതിര്‍ന്നയാള്‍ നേരത്തെ കിടക്കും. മറ്റേയാള്‍ രാത്രിവൈകുവോളം സംസാരിച്ചിരിക്കും. എല്ലാം മനസുതുറന്നു പറയും. എന്നെ ആശ്വസിപ്പിച്ചുകൊണ്ടാണ് പറഞ്ഞു തുടങ്ങുക. വ്യക്തിപരമായ കാര്യങ്ങളൊക്കെ പറഞ്ഞ് കുടുംബവിശേഷത്തിലേക്ക് കടന്നാല്‍ പൊട്ടിക്കരയും. പിന്നെ അദ്ദേഹത്തെ ഞാന്‍ ആശ്വസിപ്പിക്കേണ്ടതായി വരും. അവിടെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരുന്ന പേരുകേട്ട മറ്റൊരാള്‍ ഉണ്ടായിരുന്നു. ഈ രാഷ്ട്രീയ നേതാക്കളില്‍ നിന്നും എന്റെ നിരപരാധിത്വം മനസിലാക്കിയിട്ടോ എന്തോ എന്നോട് വലിയ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു.

ഏകാന്ത തടവുകാരന്റെ സെല്ലിന് സമീപത്തുകൂടിയാണ് കുളിക്കാന്‍ പോവുക. എന്നെ കാണുന്നമാത്രയില്‍ സെല്ലില്‍ നിന്നും രാധാകൃഷ്‌ണേട്ടാ... എന്നു നീട്ടി വിളിക്കും. ഏകാന്ത തടവായതിനാല്‍ അവിടെ പോയി കാണാന്‍ പാടുണ്ടോ എന്നത് നിശ്ചയമില്ലായിരുന്നു. പക്ഷേ, അവിടെ പോയാലും ജയില്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കാനെ തരമുള്ളു എന്ന് മനസിലാക്കിയിരുന്നു. കാരണം, ആ ഏകാന്ത തടവുകാരനെ അവര്‍ ഭയപ്പെട്ടിരുന്നു. സെല്ലിന് അടുത്തെത്തിയാല്‍ ആദ്യം ചോദിക്കുക, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നാണ്. ജയിലില്‍ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ എന്നും തിരക്കും. രാധാകൃഷ്‌ണേട്ടന് എന്തെങ്കിലും പ്രയാസം ഉണ്ടാക്കിയാല്‍ ഞാന്‍ വന്ന് കൈകാര്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥരോട് ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ധൈര്യം തരും. അന്നവിടെ കഴിയുമ്പോള്‍ ആ വാക്കുകള്‍ മാനസിക പിന്തുണ നല്‍കിയിരുന്നോ എന്ന് ഞാന്‍ ഇപ്പോഴും മനസിനോട് ചോദിക്കാറുണ്ട്. ഒരു പ്രശ്‌നങ്ങളുമില്ലെന്ന് മറുപടി നല്‍കി ക്ഷേമാന്വേഷണം നടത്തിയാണ് അവിടെ നിന്നും തിരിച്ചുപോരാറ്.

വേനല്‍കാലത്ത് പാറമടയിലെ പച്ചനിറമുള്ള വെള്ളമാണ് പ്രാഥമികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ജയിലില്‍ എത്തിക്കുക. ലോറിയില്‍ കൊണ്ടുവരുന്ന വെള്ളം ടാങ്കുകളില്‍ നിറയ്ക്കും. കുളിക്കാനും വസ്ത്രം അലക്കാനും ശുചിമുറിയിലും ആ വെള്ളമാണ് ഉപയോഗിക്കേണ്ടത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ചൊറിയും ചിരങ്ങും വരാതിരുന്നാല്‍ ഭാഗ്യമെന്നേ കരുതാന്‍ പറ്റൂ.

 

എ.സി. സെല്ല് എവിടെ?

 

രാഷ്ട്രീയക്കാര്‍ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരും അന്താവാസികളായെത്തി. ഇതര സംസ്ഥാനക്കാരനായ ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു സി.ബി.ഐ. കേസില്‍ പ്രതിയായെത്തിയത്. മറ്റാരെയോ കുടുക്കിയ കൂട്ടത്തില്‍ കേസിലേക്ക് വലിച്ചിഴച്ചതായാണ് തോന്നിയത്. കാഴ്ചയിലും സംസാരത്തിലും പെരുമാറ്റത്തിലും അത്രയേറെ മാന്യനും സത്യസന്ധനുമായിരുന്നു അയാള്‍. വെറുമൊരു കൈക്കൂലിക്കാരന്റെ രീതികളായിരുന്നില്ല അയാളില്‍ ഞാന്‍ കണ്ടത്. വടക്കേഇന്ത്യന്‍ സംസ്ഥാനത്തുള്ള ബന്ധുക്കള്‍ സന്ദര്‍ശകരായി എത്താനുള്ള പ്രാപ്തിപോലും ഇല്ലാത്തവരായിരുന്നു. അദ്ദേഹത്തിന്റെ സങ്കടങ്ങള്‍ കേള്‍ക്കാനായി കുറേയേറെ സമയം നീക്കിവെച്ചു. റിമാന്‍ഡ് തടവുകാരനായെത്തിയ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ വന്ന ഉടനെ ചോദിച്ചത് ഈ സെല്ലിലാണോ കിടക്കുന്നതെന്നാണ്. അതെ എന്ന് മറുപടി പറഞ്ഞപ്പോള്‍ എ.സി.യുള്ള സെല്ലൊന്നും കിട്ടിയില്ലേയെന്നായി. ഞാന്‍ ഇവിടെയാണെന്നും എ.സി. സെല്ലിന്റെ കാര്യം അറിയില്ലെന്നും പറഞ്ഞൊഴിഞ്ഞു.

 

എ.സി. സെല്ലില്‍ ഇടാന്‍ നിര്‍ദേശിച്ചാണ് തന്നെ കൊണ്ടുവന്നിട്ടുള്ളതെന്നും ഉടനെ അവിടേക്ക് മാറ്റുമെന്നും അപ്പോള്‍ എന്റെ കാര്യംകൂടി പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ മറുപടി നല്‍കിയില്ല. രാത്രി പത്തുമണിയായിട്ടും എ.സി. സെല്ലിന്റെ കാര്യത്തില്‍ നടപടിയാവാതെ വന്നത് അദ്ദേഹത്തെ രോഷാകുലനാക്കി. തനിക്ക് സൗകര്യപ്രദമായ മുറി അനുവദിക്കാന്‍ വൈകിക്കുന്നവരെ പാഠംപഠിപ്പിക്കുമെന്നായി. വളരെ സാവകാശത്തില്‍ ഇടപെട്ടു. ഇവിടെ അങ്ങനെയൊരു സംവിധാനമില്ലെന്നും ഇനി ഇതുമായി പൊരുത്തപ്പെടാന്‍ നോക്കണമെന്നും പറഞ്ഞു മനസിലാക്കിച്ചു. അപ്പോഴാണറിഞ്ഞത് അദ്ദേഹത്തെ പറഞ്ഞുപറ്റിച്ചത് സ്വന്തം അഭിഭാഷകനാണെന്നത്. ജയിലില്‍ എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു ധരിപ്പിച്ചിരുന്നു. പാവം അത് വിശ്വസിച്ചാണെത്തിയത്. പിന്നീടങ്ങോട്ട് വാതിലില്ലാത്ത / പാതി വാതിലോട് കൂടിയ ശുചിമുറിയില്‍ പോകുമ്പോഴും പച്ചനിറമുള്ള പാറമടയിലെ വെള്ളത്തില്‍ കുളിക്കുമ്പോഴുമൊക്കെ അദ്ദേഹം തന്നെതന്നെയും അഭിഭാഷകനെയും ശാപവാക്കുകളാല്‍ പൊതിഞ്ഞ് കഴിഞ്ഞുകൂടി.

 

ഓര്‍മ്മ ശരിയാണെങ്കില്‍ പതിനഞ്ചുദിവസം കൂടുമ്പോള്‍ ഡോക്ടര്‍ എത്തി പരിശോധിക്കുമായിരുന്നു. എന്റെ രക്തസമ്മര്‍ദ്ദം 70-110 നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നത് അവരെ വല്ലാതെ അത്ഭുതപ്പെടുത്തി. ജയിലിലെ സാഹചര്യങ്ങളും മാനസിക സംഘര്‍ഷവും, സ്വാഭാവികമായും ബി.പി. കൂടണം. ഇനി എനിക്ക് ഹൃദയം തന്നെ ഇല്ലാത്ത സ്ഥിതിയാണോ എന്നൊരു സംശയം ഞാന്‍ തന്നെ മുന്നോട്ട് വെച്ചു. തികഞ്ഞ അനുകമ്പയായിരുന്നു അവര്‍ എന്നോട് പ്രകടിപ്പിച്ചത്. മനസിന്റെ ശുദ്ധിയാണ് ഇത് കാണിക്കുന്നതെന്നായി അവര്‍. എല്ലാം അതിജീവിക്കാന്‍ കഴിയുമെന്നും ഇതേനില തുടരണമെന്നും ചഞ്ചലപ്പെടരുതെന്നും അവര്‍ പറഞ്ഞു. അവരുടെ വാക്കുകള്‍ വല്ലാത്ത ആശ്വാസം പകരുന്നതായിരുന്നു. എന്റെ നിരപരാധിത്വം തിരിച്ചറിയപ്പെടുന്നതിന്റെ ആശ്വാസം.

 

വാല്‍ക്കഷ്ണം: ജനാധിപത്യത്തിന്റെ നാലാംനെടുതൂണിനെ പരസ്യമായി വിമര്‍ശിച്ച് പല ഉന്നതരും രംഗത്ത് സജീവമാണ്. മീഡിയ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്, വിഷയങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്നു, തെറ്റായ കാര്യങ്ങള്‍ വരെ പ്രചരിപ്പിക്കുന്നു, ശത്രുതാമനോഭാവം പുലര്‍ത്തി വേട്ടയാടുന്നു, മീഡിയ പ്രചാരണത്തിന് പിന്നില്‍ താല്‍പര്യങ്ങളുണ്ട് അങ്ങനെ നീളുന്നു ആക്ഷേപങ്ങളുടെ പട്ടിക. ഇങ്ങനെ പറയുന്നവരോട് ചോദിക്കാനുള്ളത്, നിങ്ങളാരും ഒരിക്കലും മീഡിയയെ ദുരുപയോഗപ്പെടുത്തിയിട്ടില്ലേ? മീഡിയയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാത്ത എത്രപേരുണ്ട്? മീഡിയ വാര്‍ത്തയുടെ പേരില്‍ ഒരു വിശദീകരണത്തിനുള്ള അവസരം പോലും നല്‍കാതെ നിങ്ങള്‍ ഒറ്റപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും കുറ്റപ്പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തവരില്ലേ? വാര്‍ത്തയ്ക്കപ്പുറം വസ്തുതാന്വേഷണത്തിന് പോലും മുതിരാതെ ക്രൂശിച്ചിട്ടില്ലേ? ഇനി താല്‍പര്യമുള്ള വിഷയമാണെങ്കിലോ, മീഡിയ പറഞ്ഞാലും കേള്‍ക്കാത്ത ഭാവത്തില്‍ ഇരിക്കാറല്ലേ പതിവ് ? ഇതൊക്കെ ചെയ്തിട്ടും ഇവര്‍ക്കൊക്കെ മീഡിയയെ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നാണ് സംശയം. വേട്ടയാടപ്പെടുമ്പോഴെ ഇരയുടെ വേദനയും മനസും സ്വയം മനസിലാക്കാന്‍ കഴിയൂ. അതിനുള്ള അവസരം വന്നുചേരുമ്പോഴേ ചെയ്തുകൂട്ടിയ നീതികേടിലേക്ക് തിരിഞ്ഞു നോക്കാന്‍ തോന്നൂ.

 

 

(മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നാളുകളെക്കുറിച്ചാണ് പ്രമുഖ വ്യവസായി വി എം രാധാകൃഷ്ണൻ ഈ ബ്ലോഗില്‍ ഓര്‍ത്തെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതു വരെ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. വിശ്വസനീയമായ ഒരു തെളിവ് പോലും സിബിഐ ഹാജരാക്കിയിട്ടില്ല. നിരപരാധിയായ തന്നെ വേട്ടയാടിയെന്നാണ് പരാതി.)