• 08 Jun 2023
  • 04: 41 PM
Latest News arrow

യുദ്ധമുഖത്ത് നിന്നും തല്‍സമയം കവിത ശര്‍മ്മ

കവിത ശര്‍മ്മ... ഉക്രൈന്‍ യുദ്ധത്തിന്റെ നടുങ്ങുന്ന നേര്‍ക്കാഴ്ച്ചകള്‍ അതിസാഹസികമായി ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് ഈ ഇന്ത്യക്കാരിയാണ്. ജര്‍മ്മന്‍ ടെലിവിഷന്‍ ചാനല്‍ ആര്‍ടിഎലിന്റെ വിദേശ കാര്യലേഖികയാണ് കവിത ശര്‍മ്മ.

റഷ്യ ഉക്രൈനെ ആക്രമിച്ചത് മുതല്‍ അവര്‍ യുദ്ധമുഖത്തുണ്ടായിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഹോട്ടലില്‍ നിന്നും ഒരു ഭൂഗര്‍ഭ അറയിലേക്ക് കവിത താമസം മാറി. ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ഒരു ജനവാസ കേന്ദ്രവും ജനങ്ങള്‍ താമസിക്കുന്ന വലിയ കെട്ടിടവും വ്യോമാക്രമണത്തില്‍ തകരുന്നതിന്റെ വാര്‍ത്തയും ചിത്രവും ആദ്യമായി പുറത്തു വിട്ടുകൊണ്ട് അവര്‍ യുദ്ധത്തിന്റെ ഭീകരത ലോകത്തെ ബോധ്യപ്പെടുത്തി. ഇന്ന് റഷ്യയുടെ ടാങ്ക് തടഞ്ഞു നിര്‍ത്തി പുടിന്റെ പട്ടാളക്കാരോട് തിരിച്ചുപോകണമെന്ന് ജനങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന രംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തത് കവിത ശര്‍മ്മയാണ്. 

ഇന്ത്യന്‍ മാതാപിതാക്കള്‍ക്കു ബെര്‍ലിന്‍ നഗരത്തില്‍ ജനിച്ച കവിത ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. ബ്രിട്ടീഷ് ടി വി യുടെ ചാനല്‍ 4 ല്‍ പ്രായോഗിക പരിശീലനത്തിന് ശേഷം ആദ്യം അവതാരിക ആയി ജോലി നോക്കിയത് ദുബായിലെ അല്‍ അറബിയയുടെ ഇംഗ്ലീഷ് വിഭാഗത്തിലാണ്. തുടര്‍ന്ന് ജര്‍മന്‍ ന്യൂസ് സര്‍വീസ് ഡോയിച്ചവെല്ലിലെ കുറഞ്ഞൊരുകാല സേവനത്തിന് ശേഷം അല്‍ ജസീറയില്‍. 

2015 ലെ പാരിസ് ഭീകരാക്രമണം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തതും കവിത ശര്‍മ്മയാണ്. 2016 നവംബര്‍ മുതല്‍ 'ആര്‍ടിഎല്‍' വിദേശ കാര്യ വിഭാഗത്തിലാണ് കവിത. ഇപ്പോള്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭീകരമുഖം അതേ പടി ലോകത്തിനു കാണിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്  ഈ സാഹസിക പത്ര പ്രവര്‍ത്തക.