• 01 Jun 2023
  • 06: 39 PM
Latest News arrow

ഇവര്‍ കേരളത്തെ നടുക്കിയ സ്ത്രീ കുറ്റവാളികള്‍

കൊള്ളയ്ക്കും കൊലയ്ക്കും തട്ടിപ്പിനുമൊന്നും ലിംഗഭേദമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് കേരളത്തിന്റെ സമകാലീന ചരിത്രം. സ്ത്രീ കുറ്റവാളികളുടെ എണ്ണം താരതമ്യേന കുറവാണെന്നിരിക്കെ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ തീവ്രതയ്ക്ക് കുറവൊന്നുമില്ല. സ്ത്രീകള്‍ കൂട്ടക്കൊലകള്‍ നടത്തിയതിന്റെയും കൊന്ന് വെട്ടിനുറുക്കിയതിന്റെയുമൊക്കെ വാര്‍ത്തകള്‍ മലയാളി മനസ്സുകളെ മരവിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി കാമുകനൊപ്പം പോകാനൊരുങ്ങിയ സൗമ്യ എന്ന സ്ത്രീയുടെ ക്രിമിനല്‍ ബുദ്ധിയില്‍ ഞെട്ടിയിരിക്കുകയാണ് കേരള സമൂഹം. ഈ സാഹചര്യത്തില്‍ മലയാളി മനസ്സുകളെ അമ്പരപ്പിച്ച ചില സ്ത്രീ കുറ്റവാളികളെ ഒന്ന് ഓര്‍ത്തെടുക്കാം. 

 

ഭര്‍ത്താവിനെ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ

വിദേശത്തുള്ള കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ വെച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെയാണ് ഭാര്യയും വണ്ടന്‍മേട് പഞ്ചായത്തംഗവുമായ സൗമ്യ അബ്രഹാം (33) ബൈക്കില്‍ അഞ്ച് ഗ്രാം എംഡിഎംഎ വെച്ച് കേസില്‍ കുടുക്കാന്‍ നോക്കിയത്. സൗമ്യയെയും കാമുകന്‍ വിനോദ് ചന്ദ്രന്റെ കൂട്ടാളികളായ ശാസ്താംകോട്ട സ്വദേശി ഷാനവാസിനെയും (39) കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിനെയും (24) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനോദ് ചന്ദ്രനും ഉടന്‍ അറസ്റ്റിലാകും.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ അബ്രഹാം 11-ാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം സൗമ്യയും നാട്ടുകാരനായ വിനോദും തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. പ്രണയം ശക്തമായതോടെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സൗമ്യ തീരുമാനിച്ചു. ഭാര്യയെ ഉപേക്ഷിക്കാന്‍ വിനോദും. 

സുനിലിനെ വാഹനം ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിടിക്കപ്പെട്ടേക്കാമെന്ന് ഭയന്നതോടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ പദ്ധതിയിട്ടു. എന്നാല്‍ കൂടത്തായി കേസ് സൗമ്യയെ ഭയപ്പെടുത്തി. തുടര്‍ന്നാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ തീരുമാനിച്ചത്. വിനോദ് മയക്കുമരുന്നിനായി സുഹൃത്തായ ഷാനവാസിനെ ബന്ധപ്പെട്ടു. ഷെഫീന്‍ വഴി ഷാനവാസ് മയക്കുമരുന്ന് സംഘടിപ്പിച്ചു. ഫെബ്രുവരി 16ന് വിനോദ് ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തി. തുടര്‍ന്ന് 18-ാം തിയതി ഷാനവാസും വിനോദും ആമയാറില്‍ എത്തി സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറി.

ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച സൗമ്യ അതിന്റെ ചിത്രം പകര്‍ത്തി വിനോദിനും ഷാനവാസിനും അയച്ചുകൊടുത്തു. തുടര്‍ന്ന് ഭര്‍ത്താവ് പോകുന്ന റൂട്ടും പറഞ്ഞുകൊടുത്തു. ഷാനവാസ് ഇതെല്ലാം പൊലീസിന് രഹസ്യവിവരമായി കൈമാറി.

ഇതനുസരിച്ച് സുനിലിനെ പിടികൂടിയ വണ്ടന്‍മേട് സിഐ നവാസിന് അയാളുടെ പെരുമാറ്റത്തില്‍ നിന്നും അയാളെ കുടുക്കിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസും ഡാന്‍സാഫും സൈബര്‍സെല്ലും ഒത്തൊരുമിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിലെ ഗൂഢാലോചന പുറത്തുവന്നത്. 

ഒന്നര വയസ്സുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊന്ന ശരണ്യ

കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുള്ള മകനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊന്ന കേസ് നാടിനെ നടുക്കിയ ഒന്നാണ്. 2020 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ മുറിയ്ക്കുള്ളില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തൊട്ടടുത്ത ദിവസം കാണാതായി. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മ ശരണ്യയുടെ വസ്ത്രത്തിന്റെ ഫൊറന്‍സിക് പരിശോധനാ ഫലമാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പ് വെള്ളത്തിന്റെ സാന്നിധ്യം കൂടുതലായിരുന്നു. ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ കാമുകന്‍ നിധിന്‍ 17 തവണ ശരണ്യയെ വിളിച്ചതും കേസില്‍ വഴിത്തിരിവായി. പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിച്ചു. കാമുകനോടൊത്ത് ജീവിക്കാനായി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കടല്‍ക്കരയിലെത്തിയ ശരണ്യ രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് മരണം ഉറപ്പാക്കിയത്. കേസില്‍ ശരണ്യയെയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച കാമുകന്‍ നിധിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ വിജി 

നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച കൊലപാതകം. കാമുകനുമായുള്ള ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ അമ്മ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമുടുകയായിരുന്നു. തോട്ടിന്‍കര കുന്നിന്‍പുറത്ത് വീട്ടില്‍ വിജിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന വിജിയ്ക്ക് 9ഉം 6ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ ഉണ്ട്. ഇവര്‍ അച്ഛനോടും സഹോദരനോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടയില്‍ മറ്റൊരാളുമായി പ്രണയത്തിലായ വിജി അയാളില്‍ നിന്നും ഗര്‍ഭിണിയായി. എന്നാല്‍ വയറ്റില്‍ ഒരു മുഴയുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞ് വിജി ഇക്കാര്യം മറച്ചുവെച്ചു. ഒടുവില്‍ 2020 നവംബര്‍ 29ന് രാവിലെ ചില പച്ചമരുന്നുകള്‍ അരച്ച് കുടിച്ച് കൃത്രിമമായി വിജി കുഞ്ഞിനെ പുറത്തെടുത്തു. എന്നിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ് കിടപ്പുമുറിയില്‍ സൂക്ഷിച്ച ജഡം രാത്രിയില്‍ വീടിന് പിറകിലായി കുഴിച്ചിട്ടു. പിന്നീട് വീടിന് പിറകിലെ പപ്പായ മരത്തിന്റെ ചുവട്ടില്‍ ഈച്ച ശല്യം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയാണ് മൃതദേഹം കണ്ടെത്തിയത്. 

സുഹൃത്തിനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഡോക്ടര്‍ ഓമന 

1996 ല്‍ ആണ് കേരളമനസ്സാക്ഷിയെ ഞെട്ടിച്ച സ്യൂട്ട്‌കേസ് കൊലപാതകം നടന്നത്. പ്രതി പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധ ഡോ. ഓമന. ഊട്ടിയില്‍ വച്ച് ഇവരുടെ അടുത്ത സുഹൃത്തും പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയുമായ കെ.എം. മുരളീധരനെ സുഹൃത്തിനെ കൊലപ്പെടുത്തിയ ഓമന മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി പുഴയില്‍ തള്ളിയെന്നാണ് കേസ്. 

1996 ജൂലായ് 11 നാണ് സംഭവം. കൊല നടക്കുമ്പോള്‍ ഓമനയ്ക്ക് പ്രായം 43. ഭര്‍ത്താവില്‍നിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്ന ഇവര്‍ മലേഷ്യയിലായിരുന്നു. കൊലപാതകത്തിന് ഒരാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് മുരളീധരനെ ഫോണില്‍ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് യാത്ര തിരിച്ചു. 

ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് ഡോ. ഓമന മുരളീധരന്റെ ശരീരത്തില്‍ വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജിലെ മുറിയില്‍ വെച്ച് ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങള്‍ ഒരു സ്യൂട്ട് കെയ്‌സില്‍ പായ്ക്ക് ചെയ്തു. ശേഷിച്ചത് ഒരു ബാഗിലാക്കിയിട്ട് മുറി കഴുകി വൃത്തിയാക്കി. തുടര്‍ന്ന് ടാക്സി വിളിച്ച് അവ ഡിക്കിയില്‍ കയറ്റി. ടാക്സി കാറില്‍ കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിയിലേക്കും യാത്രചെയ്യവെ തമിഴ്‌നാട്ടിലെ ദിണ്ടികലില്‍വെച്ചാണ് ഡോ. ഓമന പിടിയിലാവുന്നത്. കാറിന്റെ ഡിക്കിയിലെ സ്യൂട്ട്കെയ്‌സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ടാക്സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്നാട് പൊലീസിനെ ഏല്പിക്കുകയായിരുന്നു. 

തന്റെ കുടുംബം തകര്‍ത്ത, തനിക്ക് ശല്യമായി മാറിയ മുരളീധരനെ താന്‍ കൊന്നുവെന്നാണ് ഓമന പൊലീസിനോട് പറഞ്ഞത്. കേസില്‍ പിടിയിലായ ഡോ. ഓമന 2001 ജനുവരി 21ന് ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. അവര്‍ ഇപ്പോഴും മലേഷ്യയില്‍ത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്.

 

ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുണ്ടായ കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ദേവിക അന്തര്‍ജനം എന്ന റംല 

ഭര്‍ത്താവിന് ആദ്യ ഭാര്യയിലുണ്ടായ കുഞ്ഞിനെ ക്രൂര മര്‍ദ്ദനത്തിരയാക്കിയ സ്ത്രീയായിരുന്നു ദേവിക അന്തര്‍ജനം എന്ന റംല. ക്രൂരമര്‍ദ്ദനം ഏറ്റ അദിതി എന്ന ആറ് വയസ്സുകാരി പെണ്‍കുട്ടി 2013 ഏപ്രില്‍ 28ന് ആശുപത്രിയില്‍ വെച്ച് മരിച്ചു. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മാരകമായി പൊള്ളിച്ചും മര്‍ദ്ദിച്ചും അടിമയെപ്പോലെ പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അദിതിയുടെ അച്ഛന്‍ തിരുവമ്പാടി തട്ടേക്കാട് കുറ്റിവട്ടം ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയെയും രണ്ടാനമ്മയായ ദേവിക അന്തര്‍ജനത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അദിതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു ദേവികയും സുബ്രഹ്‌മണ്യനും പറഞ്ഞത്. ഡോക്ടര്‍മാര്‍ വിവരം നടക്കാവ് പൊലീസ് അറിയിച്ചതോടെയാണ് അദിതിയ്ക്കും ജ്യേഷ്ഠന്‍ അരുണിനും ഏല്‍ക്കേണ്ടി വന്ന കൊടിയ പീഢനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. 

കൊടുംപട്ടിണിയും ക്രൂരമായ മര്‍ദ്ദനവുമാണ് അദിതിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടം മാത്രമായിരുന്നു കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്താനായത്. ജനനേന്ദ്രിയത്തില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചിരുന്നു. മലമൂത്രവിസര്‍ജനത്തിന് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊള്ളല്‍. മര്‍ദ്ദനത്തില്‍ കുട്ടിയുടെ മസിലുകള്‍ ഉടഞ്ഞ് പോയിരുന്നു. കൈക്കുഴയില്‍ നിന്ന് മാംസം തെന്നിമാറിയിരുന്നു. ഉരുട്ടിക്കൊലയ്ക്ക് വിധേയരാകുന്നവരുടെ ശരീരത്തിലെ ക്ഷതങ്ങള്‍ പോലെയായിരുന്നു അദിതിയുടെ ശരീരത്തിലെ ക്ഷതങ്ങള്‍ എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദീകരണം.

 

സ്വത്തിനായി ഭര്‍ത്തൃപിതാവിനെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് കൊല്ലിച്ച ഷെറിന്‍

അമേരിക്കയില്‍ നിന്നെത്തി വിശ്രമജീവിതം നയിക്കുകയായിരുന്ന ചെങ്ങന്നൂര്‍ കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷെറിന്‍. 2009 നവംബര്‍ എട്ടിനാണ് ഭാസ്‌കര കാരണവര്‍ വധിക്കപ്പെടുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു കാണപ്പെട്ടത്. ചുറ്റും മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. കേസ് അന്വേഷിച്ച പൊലീസിന് സംഭവം നടന്ന ദിവസം കാരണവേഴ്‌സ് വില്ലയിലെ പട്ടി കുരയ്ക്കാത്തതില്‍ സംശയം തോന്നി. അന്വേഷണത്തില്‍ മുറിയ്ക്കകത്ത് കണ്ട മുളകുപൊടി ആ വീട്ടിലെ അടുക്കളയില്‍ നിന്ന് തന്നെയാണെന്ന് കണ്ടെത്തി. കാരണവരുടെ മരുമകളായ ഷെറിന്റെ പെരുമാറ്റവും മൊഴികളും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെറിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫോണ്‍ നമ്പരുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ബാസിത് അലി, നിധിന്‍, ഷാനു റഷീദ് എന്നിവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു.

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന് പ്രതികള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനെയെല്ലാം പൊലീസ് തെളിവുകള്‍ സഹിതം ഖണ്ഡിച്ചു. തന്റെയും ഭര്‍ത്താവിന്റെയും മകളുടെയും പേരില്‍ സ്വത്തുക്കള്‍ എഴുതി വെച്ചുകൊണ്ടുള്ള ആധാരം റദ്ദാക്കിയതാണ് ഭര്‍ത്തൃപിതാവിനോട് ഷെറിന് പകയുണ്ടാകാന്‍ കാരണം. ഇതിനായി ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കാരണവരെ ഷെറിന്‍ വകവരുത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്ന ഇടപാടുകള്‍ നടത്തുന്ന ഈ സംഘവുമായി ഷെറിന് വലിയ ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നു.

 

കാമുകനെക്കൊണ്ട് മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ അനുശാന്തി

2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാന്‍ കാമുകനായ നിനോ മാത്യു അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രതികളില്‍ ആരോപിക്കപ്പെട്ട ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിനിടെ അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി നിനോ മാത്യു കോടതിയില്‍ പറഞ്ഞു. എന്നാല്‍ നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവും കോടതി വിധിച്ചു.

 

കൂടത്തായി കൂട്ടക്കൊല നടപ്പാക്കിയ കൊടുംക്രിമിനല്‍ ജോളി

18 വര്‍ഷങ്ങള്‍, ആറ് കൊലപാതകങ്ങള്‍. കൂടത്തായിയിലെ ജോളി എന്ന സ്ത്രീ കേരളത്തെ ഞെട്ടിച്ചത് അങ്ങിനെയാണ്. ഇടുക്കിയിലെ കട്ടപ്പനയില്‍ നിന്നും കോഴിക്കോട്ടെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തിലേക്ക് ജോളി മരുമകളായി എത്തിയത് അവിടെയുള്ള മനുഷ്യരുടെ ജീവനെടുക്കാനായിരുന്നുവെന്ന് കാലങ്ങള്‍ കഴിഞ്ഞപ്പോഴാണ് വ്യക്തമായത്. 

ജോളിയുടെ വിദ്യാഭ്യാസയോഗ്യത, പെരുമാറ്റങ്ങള്‍, ജോലിക്ക് പോകുന്ന രീതികള്‍ എന്നിവയിലെല്ലാം സംശയം പ്രകടിപ്പിച്ച ഭര്‍ത്തൃമാതാവ് അന്നാമ്മയെ ജോളി ആദ്യം വകവരുത്തി-2002ല്‍. പൊന്നാമറ്റം തറവാട്ടിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന അന്നാമ്മയില്‍ നിന്നും താക്കോല്‍ കൈക്കലാക്കാനുള്ളതായിരുന്നു ആ കൊലപാതകം. പിന്നീട് 2008ല്‍ സ്വത്തുക്കള്‍ തന്റെ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റാനായി ഭര്‍ത്തൃപിതാവ് ടോം തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി. സയനൈഡ് നല്‍കിയത് സുഹൃത്ത് എംഎസ് മാത്യു. അയാള്‍ക്ക് സയനൈഡ് കൊടുത്തത് സ്വര്‍ണപ്പണിക്കാരന്‍ പ്രിജുകുമാര്‍. 

2011ല്‍ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍ത്താവ് റോയ് തോമസിനെയും ജോളി കൊലപ്പെടുത്തി. അതും സയനൈഡ് ഉപയോഗിച്ച്. റോയ് തോമസിന്റെ മരണത്തില്‍ അസ്വാഭാവികത പ്രകടിപ്പിച്ച അമ്മാവനായ മാത്യു മഞ്ചാടിയിലായിരുന്നു ജോളിയുടെ അടുത്ത ഇര. 2014ലായിരുന്നു ആ കൊലപാതകം. ആ വര്‍ഷം തന്നെ ഷാജുവെന്നയാളെ സ്വന്തമാക്കാനായി അയാളുടെ ഒരു വയസ്സുള്ള കുഞ്ഞിനെയും ജോളി കൊലപ്പെടുത്തി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഷാജുവിന്റെ ഭാര്യ സിലിയെയും ജോളി വകവരുത്തി. 

ആറ് കൊലപാതകങ്ങള്‍. ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ജോളിയെന്ന ക്രിമിനല്‍ ബുദ്ധി. ഏറെ വെല്ലുവിളികള്‍ നേരിട്ട കേസന്വേഷണം പൊലീസ് വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ ഇതുവരെയും ജോളിയുടെ ശിക്ഷാ വിധി നടപ്പിലാക്കിയിട്ടില്ല. 

 

മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ പിണറായിയിലെ സൗമ്യ

സമീപകാലത്ത് കേരളത്തെ ഏറെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കണ്ണൂർ ജില്ലയിലെ പിണറായിയിൽ നടന്നത്. ഇവിടെയും വില്ലനായത് വിവാഹേതര ബന്ധം. ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾ നടത്തിയത് സൗമ്യ എന്ന ഒരു യുവതി. സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം പല കാലങ്ങളിലായി വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇത്. 2012 സെപ്തംബർ മുതൽ നടന്ന കൊലപാതകങ്ങൾക്കൊടുവിൽ 2018ൽ കേസിലെ പ്രതിയായ സൗമ്യ പിന്നീട് ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്തു.

 

ഭര്‍ത്താവിന്റെ വൃദ്ധരായ മാതാപിതാക്കളെ കൊന്ന ഷീജ

പാലക്കാട് തോലന്നൂർ പൂളക്കൽപറമ്പിൽ സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടെയും ജീവൻ കവർന്നതും മരുമകൾ ഷീജയുടെ വഴിവിട്ട ബന്ധമായിരുന്നു. സദാനന്ദൻ എന്നയാളുമായുള്ള അവിഹിത ബന്ധം ഭർതൃപിതാവ് സ്വാമിനാഥൻ ഭർത്താവ് പ്രദീപിനെ അറിയിക്കുമെന്ന് ഭയന്നാണ് ഷീജ വൃദ്ധ ദമ്പതിമാരെ കൊലപ്പെടുത്തിയത്.

സൈനിക ഉദ്യോഗസ്ഥനായ ഭർത്താവ് പ്രദീപ്കുമാർ നാട്ടിലില്ലാത്ത സമയത്താണ് അയൽവാസിയായ സദാനന്ദനുമായി ഷീജ അടുപ്പത്തിലായത്. പ്രദീപ്ഷീജ ദമ്പതിമാർക്ക് 17 വയസുളള ഒരു മകനുണ്ടായിരിക്കെയായിരുന്നു ഇത്. സദാനന്ദനും ഷീജയും തമ്മിലുളള അവിഹിത ബന്ധം ഭർതൃപിതാവ് സ്വാമിനാഥൻ ഭർത്താവ് പ്രദീപിനെ അറിയിക്കുമെന്ന് ഭയന്നാണ് ഷീജ വൃദ്ധ ദമ്പതിമാരെ കൊല്ലാൻ നിർദേശിച്ചതെന്ന് സദാനന്ദൻ പിന്നീട് പൊലീസിന് മൊഴി നൽകി.

ഷീജയുടെ നിരവധി ചിത്രങ്ങൾ സദാനന്ദന്റെ മൊബൈലിലുണ്ട്. ഇത് മകന്റെ സുഹൃത്ത് കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യത്തിൽ ഏറ്റവുമധികം പ്രതിഷേധം പ്രകടിപ്പിച്ചത് ഭർതൃപിതാവ് സ്വാമിനാഥനായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളെ കൊല്ലാൻ ഷീജ തീരുമാനിക്കുകയും സദാനന്ദൻ നടപ്പിലാക്കുകയും ചെയ്തത്.

ഷീജയെ ബലാത്സംഗം ചെയ്യാനുളള ശ്രമത്തിനിടെയാണ് കൊലപാതകം എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഷീജയെ അടുക്കളയിൽ കെട്ടിയിട്ടു. എന്നാൽ കൊലയാളി എങ്ങനെ വീട്ടിനകത്തു കടന്നുവെന്ന അന്വേഷണമാണ് വീട്ടിനുളളിലെ ആരോ കൊലയാളിയെ സഹായിച്ചിട്ടുണ്ടെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. തേനൂരിൽ നിന്ന് തോലന്നൂരിലേക്ക് സദാനന്ദൻ പുറപ്പെട്ടപ്പോൾ ഷീജയെ വിളിച്ചിരുന്നതായി കണ്ടെത്തിയതും നിർണായകമായി.

 

ഭർത്താവിന് സൈനേഡ് നൽകി കൊന്ന സോഫിയ

കാമുകന് വേണ്ടി ഭർത്താവിനെ ഉറക്കത്തിൽ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സോഫിയയാണ് മറ്റൊരു വില്ലത്തി. കോളജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി. രണ്ടു കാമുകന്മാരാണ് സോഫിയക്ക് ഉണ്ടായിരുന്നത്. ഇതിൽ ഒരു കാമുകനെ വിവാഹം കഴിച്ചു. മറ്റേ കാമുകനേ വിവാഹം കഴിക്കാതെ രഹസ്യ ബന്ധം നിലനിർത്തി. എന്നിട്ട് ഒടുവിൽ ഭർത്താവായ സാമിനെ കൊല ചെയ്തു.

2015 ഒക്ടോബർ 13നാണ് പുനലൂരുകാരൻ സാം എബ്രഹാം മെൽബണിൽ കൊല്ലപ്പെട്ടത്. ഒരു കൊലകേസിൽ ലഭിക്കാവുന്ന പരവാവധി ശിക്ഷയാണ് ഓസ്‌ട്രേലിയൻ കോടതി ഇവരിൽ ചാർത്തിയത്. സോഫിയയ്ക്ക് 22 വർഷവും കാമുകൻ അരുൺ കമലാസനന് 27 വർഷവുമാണ് തടവുശിക്ഷ.