• 18 Aug 2022
  • 02: 24 PM
Latest News arrow

നമ്മുടെ ആരോഗ്യ മേഖലയെ നശിപ്പിക്കുന്ന അദൃശ്യ ശക്തികൾ ആരൊക്കെ?

എന്നെ പതിറ്റാണ്ടുകളായി അലട്ടികൊണ്ടിരിക്കുന്ന ഒരു വലിയ വിഷയമാണിത്. അവര്‍ എന്നും അദൃശ്യരായി തുടരുന്നു. കേരളത്തിലായാലും, മറ്റു സംസ്ഥാനങ്ങളിലായാലും, കേന്ദ്രത്തിലായാലും, എവിടെയും ആരോഗ്യനയങ്ങള്‍ രൂപപ്പെടുത്തുന്നത് അവരാണ്. ആരോഗ്യനയങ്ങള്‍ അല്ല മറിച്ചു രോഗചികിത്സാ നയങ്ങള്‍ മാത്രമാണ് അവരുണ്ടാക്കുന്നത് എന്നത് വേറൊരു ഭീകര വിഷയമാണ്. അവരുടെ ഇടപെടല്‍ മൂലം കേരളത്തിലെയോ, കേന്ദ്രത്തിലെയോ പോയിട്ട്, പ്രദേശിക നേതാക്കളെപ്പോലും ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്താനും, കുറഞ്ഞത് കേരളത്തിലെയെങ്കിലും ആരോഗ്യമേഖല ലോകോത്തരമാക്കണമെന്ന എന്റെ സ്വപ്നങ്ങള്‍ സഫലമാക്കാനും സാധിക്കുന്നില്ല. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തും ഞാന്‍ എത്തുകയില്ല എന്നവര്‍ ഉറപ്പു വരുത്തിക്കോളും എന്നതായിരുന്നു അവസ്ഥ. അത് പലപ്പോഴും എനിക്ക് നേട്ടമായി മാറിയിട്ടുമുണ്ട്. അക്കാദമിക് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവരുടെ ഇടപെടല്‍ എന്നെ സഹായിച്ചിട്ടേ ഉള്ളു. അതിനു അവരോടു നന്ദി പറയേണ്ടതുണ്ട് താനും. പക്ഷെ ഇനിയെങ്കിലും എന്നെ ഒതുക്കാനും നശിപ്പിക്കാനും ഒളിഞ്ഞിരുന്നു പ്രവര്‍ത്തിക്കുന്ന, ആ അദൃശ്യശക്തികളെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ നഷ്ടം എന്റെ വരും തലമുറക്കാണ് എന്ന് എല്ലാവരും തീരിച്ചറിയണം.

മെഡിക്കല്‍ കോളേജിലായിരുന്നപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള നിരവധി പദ്ദതികള്‍ ഉണ്ടാക്കിയിരുന്നു. അതെല്ലാം ഓരോന്നായി വളരെ ആസൂത്രിതമായി ഈ ദുഷ്ടശക്തികള്‍ ഇല്ലാതാക്കി. അവിടെ നിന്ന് വിരമിച്ച ശേഷം അധികാരത്തിലുള്ള ഒരു ജനപ്രതിനിധിയെ വളരെ പണിപ്പെട്ടു കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചു. അതുവഴി കേരളത്തിന്റെ ആരോഗ്യനയരൂപീകരണ കമ്മിറ്റിയില്‍ ഞാന്‍ മെമ്പര്‍ ആവുന്ന ഒരു ഘട്ടം വരെ എത്തി. എന്നാല്‍ എന്റെ നിര്‍ദേശങ്ങളൊന്നും ആരോഗ്യ നയത്തിന്റെ രൂപരേഖയില്‍ വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ ഇതേ അദൃശ്യ ശക്തികള്‍ നടത്തിയത്. കേരളത്തില്‍ ഏതു സര്‍ക്കാര്‍ നിലവില്‍ വന്നാലും അവര്‍ക്കു ഞാന്‍ എതിരാണ് എന്ന് ഈ അദൃശ്യശക്തികള്‍ എങ്ങനെയെങ്കിലും പ്രചരിപ്പിക്കും. 

യുഡിഎഫ് ഗവണ്മെന്റുകളുടെ കാലത്തു ഒക്കെ എന്നെ എല്‍ഡിഎഫിന്റെ ആളായി ചിത്രീകരിച്ചു മാറ്റിനിര്‍ത്തും. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴൊക്കെ എന്റെ അഭിപ്രായങ്ങള്‍ പോലും അധികാര സ്ഥാനങ്ങളിലെത്താതിരിക്കാന്‍ ഈ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിച്ചു. എനിക്കെതിരെ നടന്നത് ഒക്കെ സ്വാഭാവികമാണെന്ന് പലപ്പോഴും ഞാന്‍ വിശ്വസിച്ചു. അവരുടെ സാന്നിധ്യം ഞാന്‍ തിരിച്ചറിയുന്നത് എന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെടുകയോ തഴയപ്പെടുകയോ ചെയുമ്പോള്‍ മാത്രമാണ്. എന്നാല്‍ അവര്‍ ആരാണെന്നു ഒരിക്കലും മനസിലാകാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുന്ന ഈ അഭിപ്രായത്തെ ഒതുക്കാന്‍ വേണ്ടി അവര്‍ സ്വീകരിക്കുന്ന പ്രചാരണം എന്തായിരിക്കും എന്ന് ഇതുവരെയുള്ള അവരുടെ രീതി വെച്ച് എനിക്ക് പ്രവചിക്കാന്‍ കഴിയും. അവര്‍ പറയാന്‍ പോകുന്നത് ഇങ്ങനെയായിരിക്കും ''എന്റെ മാനസിക നില തെറ്റിയിട്ടുണ്ടെന്നും, ഇതൊക്കെ ഡെല്യൂഷണല്‍ ആശയങ്ങള്‍ ആണെന്നു''മായിരിക്കും. 

എന്നെ സമൂഹ മധ്യത്തില്‍ നിന്നും, മെഡിക്കല്‍ പ്രൊഫെഷനില്‍ നിന്ന് പോലും ഉന്മൂലനം ചെയ്യാനുള്ള ഇത്തരം ദുഷ്പ്രചാരണം നടക്കുന്നുണ്ട് എന്ന് എനിക്ക് ഒരുപാടു കാലമായി അറിയാം. കഴിഞ്ഞ ആഴ്ച എന്റെ ഒരു പഴയ വിദ്യാര്‍ത്ഥി എന്നെ വിളിച്ചു ഒരുപാടു നേരം സംസാരിച്ചു, അയാള്‍ പറഞ്ഞതിതാണ്, ''സാറിനെ ചിലര്‍ കുറ്റം പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ട് വിളിച്ചതാണ്, സാറിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സാറിനെ മനസ്സിലായിട്ടുള്ളു, ബാക്കിയുള്ളവരെയെല്ലാം, ചില തല്പര കക്ഷികള്‍ സാറിനെതിരെ തിരിച്ചു വിടുകയാണ് എന്നായിരുന്നു'' അത്. ''മെഡിക്കല്‍ രംഗത്തുള്ളവര്‍ ആരും സാറിനെ സപ്പോര്‍ട്ട് ചെയ്ത് പരസ്യമായി ഒന്നും പറയാത്തത് അവരെ പേടിച്ചിട്ടാണ്''.

ഇപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. എനിക്കെതിരെ അരങ്ങേറിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, അവര്‍ ആരായാലും, അവരുടെ ആഗ്രഹം പോലെ നടക്കുന്നില്ല എന്നുള്ള തിരിച്ചറിവാണ് ഇപ്പോള്‍ എന്റെ ശക്തി. അടുത്ത കാലത്തു ഒരു പിജി വിദ്യാര്‍ത്ഥി പറഞ്ഞതിങ്ങനെയാണ് - ''സാറിന്റെ ഒപ്പം ജോലി ചെയ്യാന്‍ വന്നാല്‍ മാത്രമേ സാറിനെപ്പറ്റി ചിലര്‍ പറയുന്ന അഭിപ്രായങ്ങളും ദുഷ്പ്രചാരണങ്ങളും തെറ്റാണെന്നു വിദ്യാര്‍ത്ഥികള്‍ക്ക് പോലും മനസിലാവുന്നുള്ളു''. മെഡിക്കല്‍ കോളേജിലായിരുന്നപ്പോള്‍ ഒരു പിജി വിദ്യാര്‍ത്ഥി തോല്‍ക്കാന്‍ കാരണം ഞാന്‍ ആണെന്ന് ആരോ പറഞ്ഞു കൊടുത്ത ഒരു കഥയുണ്ട്. അതിനു ആ വിദ്യാര്‍ത്ഥി എന്റെ കാറ് കേടാക്കി. എന്നാല്‍ അത് കയ്യോടെ പിടിച്ചു. 

രോഗികളുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ ഉപയോഗിച്ച് തെറ്റായ പരാതി കൊടുപ്പിക്കുക ഇത്തരക്കാരുടെ പ്രവര്‍ത്തന ശൈലിയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം മനുഷ്യമൃഗങ്ങളെത്തന്നെയാണ് (മൃഗങ്ങളെക്കാളും മോശമായവരെ) എല്ലാ സര്‍ക്കാരുകളും അധികാരത്തില്‍ വന്നാല്‍ വിശ്വാസത്തിലെടുക്കുന്നതു എന്നതാണ് ഇന്നത്തെ നാട്ടുനടപ്പ്. കോവിഡ് നയരൂപീകരണ കമ്മിറ്റിയില്‍ ഞാന്‍ വരാതിരിക്കാന്‍ ഈ അദൃശ്യ ശക്തികള്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ അതും എന്നെ സഹായിച്ചു എന്ന് പറയാം. അതുകൊണ്ട് മാത്രം ഒരു പുസ്തകം എഴുതി തീര്‍ത്തു. ജനങ്ങള്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍, എന്നെ മനസിലാക്കിയ ജനങ്ങളും വിദ്യാര്‍ത്ഥികളും ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് എന്റെ കാഴ്ചപ്പാടുകള്‍ പരസ്യമായി പറയേണ്ടി വന്നത്. അതിന്റെ പേരില്‍ എന്നെ മോഹനന്‍ വൈദ്യരായി അല്ലെങ്കില്‍ വടക്കാഞ്ചേരിയായും ഒക്കെ മാധ്യമങ്ങളില്‍ ചിലരെക്കൊണ്ട് എഴുതിക്കാനും ഈ അദൃശ്യ ശക്തികള്‍ക്കായി. എഴുതുന്ന ആളല്ല അതിന്റെ പിന്നില്‍ എന്ന് വ്യക്തമായി അറിയുന്നത് കൊണ്ടാണ് ഞാന്‍ അധികം പ്രതികരിക്കാത്തത്. ഒരാളെ കൊല്ലുന്നതിനു തുല്യമാണ് ഇത്തരം ചാപ്പ കുത്തി ഒരാളെ സമൂഹത്തില്‍ നിന്ന് മാറ്റി നിറുത്തുന്നത് എന്ന് ഇനിയെങ്കിലും ഈ എഴുതുന്ന വ്യക്തികള്‍ എങ്കിലും മനസ്സിലാക്കണം.

ഇതൊക്കെയായിട്ടും എന്റെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഞാനുണ്ട് എന്ന് അറിയുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. അത് കൂടാതെ വളരെ മുതിര്‍ന്ന മെഡിക്കല്‍ കോളേജ് അധ്യാപകര്‍, ഒരുപാടു ഡോക്ടര്‍മാര്‍, എന്റെ സഹപാഠികള്‍ എല്ലാം വിളിച്ചു എന്റെ അഭിപ്രായത്തോട് യോജിക്കുന്നു എന്ന് പറയാറുണ്ട്. അതിനു തെളിവുകള്‍ ദിനം പ്രതി കിട്ടികൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് എന്റെ എല്ലാ ശക്തിയും. അതോടൊപ്പം എന്റെ കുടുംബത്തിന്റെ പിന്തുണയും കൂടി ഉള്ളപ്പോള്‍ ഇന്നും എന്റെ പ്രവര്‍ത്തനങ്ങളെ നിശബ്ദമായിട്ടാണെങ്കിലും മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുന്നു.

Unfortunately we have a unique problem in India There is a group rejoicing whenever we criticise our system of medical practice for improving it

Some of those who come with support are deceptive, they may be promoting the quick fix remedies

 
(കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി ആയിരുന്ന ഡോ പി കെ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ച ലേഖനം)