റഷ്യന്‍ സൈനികര്‍ക്കൊപ്പം ചലിക്കുന്ന ശ്മശാനങ്ങളും... എന്ത് അപഹാസ്യകരമാണിത്!

ഉക്രെയ്‌നെതിരെ റഷ്യ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് നാലാം ദിവസമാണ്. യുദ്ധത്തില്‍ ഇതുവരെ മൂന്ന് കുട്ടികളടക്കം 198 പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യേക സൈനിക നടപടിയെന്ന് റഷ്യ ഓമനപ്പേരിട്ട് വിളിക്കുന്ന ആക്രമണത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് മോസ്‌കോ വ്യക്തമാക്കിയിട്ടില്ല. ആ സാഹചര്യത്തിലാണ് ഒരു സമയത്ത് നിരവധി മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയുന്ന മൊബൈല്‍ ശ്മശാനങ്ങളായ ട്രക്കുകളുടെ വീഡിയോ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മറച്ച് വെയ്ക്കാന്‍ റഷ്യന്‍ ഭരണകൂടം ഇത്തരം ട്രക്കുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ബ്രിട്ടന്റെ ആരോപണം.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ അയല്‍ രാജ്യത്തേക്കുള്ള മുന്നേറ്റം തുടരുന്ന റഷ്യന്‍ സൈനികര്‍ക്കിടയില്‍ മൊബൈല്‍ ശ്മശാനം കണ്ടതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുകയും ഫോക്‌സ് ന്യൂസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണയായി മാലിന്യ നിര്‍മാര്‍ജനത്തിനായാണ് ഇത്തരം ട്രക്കുകള്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ എല്ലാ ജൈവഘടകങ്ങളും കത്തിയെരിഞ്ഞ് ചാരമാകും. റഷ്യ ഇത് വിന്യസിച്ചാല്‍ മനുഷ്യനഷ്ടമുണ്ടായതിന്റെ തെളിവ് നശിപ്പിക്കാനാകും അതെന്ന കാര്യത്തില്‍ സംശയം വേണ്ട.
റഷ്യക്കാര്‍ തങ്ങളുടെ സൈന്യത്തെ എങ്ങിനെയാണ് കാണുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണിതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. യുദ്ധക്കളത്തില്‍ പോരാടുന്ന സൈനികര്‍ക്ക് മൊബൈല്‍ ശ്മശാനം അയച്ചുകൊണ്ട് നല്‍കുന്ന പിന്തുണ അപഹാസ്യകരമാണ്. തങ്ങളുടെ സൈനിക ശക്തിയില്‍ അവര്‍ക്ക് തന്നെ വിശ്വാസമില്ലെന്ന് ഇത് കാണുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.
യുദ്ധത്തിനെതിരെ റഷ്യയില്‍ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കിയാണ് റഷ്യന്‍ ഭരണകൂടം എതിരഭിപ്രായങ്ങളെ നേരിടുന്നത്. അത്രമാത്രം രൂക്ഷമായ വിമര്‍ശനം നേരിടുമ്പോള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ എണ്ണം വര്‍ധിക്കുന്നത്, എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് ഭരണകൂടം കരുതിക്കാണണം. അതുകൊണ്ട് കൊല്ലപ്പെടുന്നവരുടെ എണ്ണം കുറച്ച് കാണിച്ച് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
മകനോ സഹോദരനോ ഭര്‍ത്താവോ അച്ഛനോ യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ അവരുടെ മൃതദേഹമെങ്കിലും ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടാന്‍ അവകാശമുണ്ട്. എന്നാല്‍ കൊല്ലപ്പെട്ട ഉടന്‍ തന്നെ ട്രക്കുകളിലെ ശ്മശാനത്തില്‍ ദഹിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ബന്ധുക്കള്‍ക്ക് അവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും സാധിക്കാതെ വരും. ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ പോലും നടത്തിയാണ് റഷ്യ യുദ്ധവെറിയുമായി മുന്നോട്ട് പോകുന്നത്.
ഉക്രെയ്ന്‍ തലസ്ഥാനമായ കൈവിലും സമീപ പ്രദേശങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇവിടെയുള്ള സൈനിക താവളങ്ങളെയും പ്രധാന സ്ഥാപനങ്ങളെയുമാണ് റഷ്യന്‍ സൈന്യം ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാ ദിശകളില്‍ നിന്നും ഉക്രെയ്‌നിനെ ആക്രമിക്കാനാണ് അവരുടെ പദ്ധതി.
അതിനിടെ ലോകം നീണ്ട ഒരു യുദ്ധത്തിന് തയ്യാറാകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. ഈ സംഘര്‍ഷം നീണ്ടു നില്‍ക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രതിസന്ധികളെല്ലാം ദീര്‍ഘകാല ആഘാതം ഉണ്ടാക്കുന്നതാണ്. നമ്മള്‍ തയ്യാറായിരിക്കണമെന്നും മാക്രോണ്‍ ആഹ്വാനം ചെയ്തു. അതേസമയം തന്നെ ആയുധങ്ങളും മറ്റ് സാമഗ്രികളും അയച്ചു തന്നതിന് ട്വിറ്ററിലൂടെ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി, മാക്രോണിനോട് നന്ദി പറയുകയും ചെയ്തു.