• 01 Jun 2023
  • 07: 01 PM
Latest News arrow

ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസും ഉപ്പില്ലാത്ത കഞ്ഞിയും

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരംഭ കാലം മുതല്‍ അതിന്റെ അവിഭാജ്യ ഘടകമാണ് ഗ്രൂപ്പ്.  ഗ്രൂപ്പ് ഇല്ലാത്ത കോണ്‍ഗ്രസ് എന്നാല്‍, ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് അതിന്റെ പ്രവര്‍ത്തകര്‍ക്ക്. മറ്റു പാര്‍ട്ടികളില്‍ പോകാതെ കോണ്‍ഗ്രസില്‍ പലരെയും ഉറപ്പിച്ചു നിര്‍ത്തുന്നതു ഗ്രൂപ്പാണ്. പാര്‍ട്ടി യോഗം വിളിച്ചാല്‍ പോകാത്തവര്‍ ഗ്രൂപ്പ് യോഗത്തിനു കൃത്യസമയത്തു എത്തി ഹാജര്‍ രേഖപ്പെടുത്തും. മുന്‍പും ഇപ്പോഴും പാര്‍ട്ടി തലപ്പത്തും പാര്‍ലമെന്ററി പദവികളിലും മിക്കവാറും പേരെ എത്താന്‍ സഹായിച്ചിട്ടുള്ളതു ഗ്രൂപ്പാണ്. ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിക്ക് അതത്ര മോശമായ കാര്യവുമല്ല. ഗ്രൂപ്പിന്റെ ഗ്രാഫ് ഏറ്റവും ഉയര്‍ന്നു നിന്ന കാലത്താണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 

കെ കരുണാകരനും എ കെ ആന്റണിയും ഒരു കാലത്തു ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിന്റെയും തലതൊട്ടപ്പന്മാരായിരുന്നു. ആന്റണിയുടെ പേരിലാണ് എ ഗ്രൂപ്പ് അറിയപ്പെട്ടിരുന്നതെങ്കിലും ഉമ്മന്‍ചാണ്ടി ആയിരുന്നു അതിന്റെ സര്‍വ്വസ്വവും. കരുണാകരന്‍ ഇടക്കാലത്തു കോണ്‍ഗ്രസ് പിളര്‍ത്തി ഡി ഐ സി രൂപീകരിച്ചപ്പോള്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം കൂടെപ്പോകാതെ മാതൃസംഘടനയില്‍ തന്നെ നിലയുറപ്പിച്ചു. അന്നത്തെ പ്രതിസന്ധി ഘട്ടത്തിലാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ നിന്നെത്തി കെ പി സി സി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ആദ്യം ഐ ഗ്രൂപ്പുകാരനും പിന്നീട് തിരുത്തല്‍ വാദിയുമായിരുന്ന ചെന്നിത്തല അതോടെ വിശാല ഐ ഗ്രൂപ്പിന്റെ നേതാവായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോഴാണ് വി എം സുധീരനെ ഹൈക്കമാന്‍ഡ് കെ പി സി സി പ്രസിഡന്റ് ആക്കിയത്. മുന്‍പ് എ ഗ്രൂപ്പുകാരന്‍ ആയിരുന്ന സുധീരന്‍  ഗ്രൂപ്പുരഹിതന്‍ എന്ന ഇമേജിലായിരുന്നു പ്രസിഡന്റായത്. കെ പി സി സി തലപ്പത്തിരുന്നു പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ഡാമേജ് വരുത്തി വെച്ചയാളാണ് സുധീരന്‍. സ്വന്തം പ്രതിശ്ചായയുടെ തടവുകാരനായ സുധീരന്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ റോള്‍ സ്വയം ഏറ്റെടുത്തയാളാണ്. സര്‍ക്കാരിന് അദ്ദേഹം ഉണ്ടാക്കിവെച്ച പൊല്ലാപ്പുകള്‍ കുറച്ചൊന്നുമല്ല. കേരളത്തിലെ ബാറുകള്‍ മുഴുവന്‍ അടച്ചു പൂട്ടുക എന്ന ആനമണ്ടന്‍ തീരുമാനത്തിലേക്ക് യു ഡി എഫ്  സര്‍ക്കാരിനെ എത്തിച്ചത് സുധീരന്റെ നിലപാടുകളാണ്. മണ്ഡലം മുതല്‍ കെപിസിസി വരെ ജംബോ കമ്മിറ്റികള്‍ ഉണ്ടാക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി  യോഗം ചേരണമെങ്കില്‍ മൈതാനം ബുക്ക് ചെയ്യണമെന്ന അവസ്ഥാവിശേഷം സൃഷ്ടിച്ചതും സുധീരനാണ്. എ-ഐ ഗ്രൂപ്പുകള്‍ നിര്‍ദേശിക്കുന്നവരെ കൂടാതെ സ്വന്തം ശിങ്കിടികളെ കൂടി കമ്മിറ്റികളില്‍ കയറ്റാന്‍ സുധീരന്‍ കാണിച്ച അത്യുത്സാഹമാണ് ഭാരവാഹികളുടെ എണ്ണം എവറെസ്റ്റ് പോലെ ഉയരാന്‍ കാരണം. നിയമസഭാ  തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് കൊടുക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന്റെ ക്രെഡിറ്റും സുധീരനുള്ളതാണ്. 

സുധീരനെ അപേക്ഷിച്ചു മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ രണ്ടു ഗ്രൂപ്പുകളുമായും സമവായത്തിലെത്തി ഏറ്റുമുട്ടലില്ലാതെ അനുരഞ്ജനത്തില്‍ പോയ ആളാണ്. പണ്ട് കാലത്തു ഐ ഗ്രൂപ്പുകാരന്‍ ആയിരുന്നെങ്കിലും വര്‍ഷങ്ങളായി അദ്ദേഹം ഗ്രൂപ്പ് രഹിതനാണ് .സ്വന്തമായി ഗ്രൂപ്പ് ഇല്ലാത്തതിനാല്‍ പിന്‍ഗാമിയായ കെ സുധാകരനുള്ളതു പോലെ  ചാവേര്‍ സംഘമൊന്നും മുല്ലപ്പള്ളിക്കില്ല. അദ്ദേഹത്തിന്റെ പേരില്‍ ഫേസ്ബുക്കില്‍  മുല്ലപ്പള്ളി ബ്രിഗേഡുമില്ല. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയപ്പോള്‍  മുല്ലപ്പള്ളിക്ക് കസേര തെറിച്ചു. ഒപ്പം പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയും പുറത്തായി. ആകസ്മികമായി സംഭവിച്ചതല്ല ഇതു രണ്ടും. വളരെ ആസൂത്രിതമായി, ഒരു കൊട്ടാര വിപ്ലവത്തിലൂടെ പദവികള്‍ പിടിച്ചെടുക്കുകയാണ് കെ സുധാകരനും വി ഡി സതീശനും ചെയ്തത്. ഐ ഗ്രൂപ്പില്‍ ചെന്നിത്തലയുടെ വിശ്വസ്തരായിരുന്നു ഇരുവരും. പ്രത്യേകിച്ച് വി ഡി സതീശന്‍. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കാര്‍മികത്വത്തിലാണ് ഈ കൊട്ടാര വിപ്ലവം അരങ്ങേറിയത്. പാര്‍ട്ടിയില്‍ വേണുവിന്റെ ബദ്ധ വൈരിയായിരുന്ന സുധാകരന്‍ അതിനുവേണ്ടി ശത്രുത ഉപേക്ഷിച്ചു. വേണുഗോപാലിനു എ ഐ സി സി പദവി ലഭിച്ച ശേഷം അദ്ദേഹത്തിന്റെ പേരില്‍ ഐ ഗ്രൂപ്പിനുള്ളില്‍ രൂപം കൊണ്ട വേണു ഗ്രൂപ്പും ഉമ്മന്‍ചാണ്ടി പക്ഷത്തെ ചിലരും ചേര്‍ന്ന് ചെന്നിത്തലയെ തെറിപ്പിക്കാന്‍ ചരട് വലിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും രാഹുല്‍ ബ്രിഗേഡിന്റെ പിന്തുണയില്‍ പ്രതിപക്ഷ നേതാവാകാന്‍ വി ഡി സതീശന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ശക്തമായി ചെന്നിത്തലക്ക് വേണ്ടി നിലകൊണ്ടു. ഇത്തവണ പക്ഷേ, ടി സിദ്ദിഖ്, ഷാഫി പറമ്പില്‍ തുടങ്ങി ഉമ്മന്‍ചാണ്ടിയുടെ വാത്സല്യം കൊണ്ട് മാത്രം പദവികള്‍ ലഭിച്ച ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു എന്ന കണക്കുകൂട്ടലില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കസേര ആഗ്രഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയെ കൈവിട്ടു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും സതീശന് വേണ്ടി ചെന്നിത്തലക്ക് വഴി  മാറിക്കൊടുക്കേണ്ടി വന്നു. നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന സതീശന്‍ പാലം വലിക്കുമെന്നു ചെന്നിത്തല കരുതിയില്ല. അതിലുള്ള അദ്ദേഹത്തിന്റെ മനോവേദനയാണ്, കാണുമ്പോള്‍ ചിരിക്കുന്നവരെല്ലാം കൂടെയുണ്ടാകുമെന്നു കരുതരുത് എന്ന പരസ്യ വിലാപത്തിലൂടെ പുറത്തു വന്നത്. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത്തരം കാലുമാറ്റങ്ങളും കൂടുമാറ്റങ്ങളുമൊന്നും പുതിയതല്ല. അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉമ്മന്‍ചാണ്ടി കളിച്ച പോലത്തെ ഗ്രൂപ്പ് രാഷ്ട്രീയം മറ്റൊരു കോണ്‍ഗ്രസ് നേതാവും കളിച്ചിട്ടുണ്ടാകില്ല. ഒരുപക്ഷേ, അതിനൊക്കെ കാലം കൊടുത്ത  തിരിച്ചടിയാകാം ഇത്.  

കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പില്ല എന്ന പ്രഖ്യാപനമാണ് കെ പി സി സി അധ്യക്ഷ പദവിയില്‍ എത്തിയ ഉടനെ സുധാകരന്‍ നടത്തിയത്. പൊതുവെ ഗൗരവ പ്രകൃതമുള്ള സുധാകരന് തമാശ പറയാന്‍ അറിയാമെന്നു കേരളം മനസ്സിലാക്കിയത് ഈ പ്രസ്താവന വന്നത് മുതല്‍ക്കാണ്. ഐ ഗ്രൂപ്പിന്റെ ഭാഗമായിരിക്കുമ്പോഴും സ്വന്തമായി ഒരു ഗ്രൂപ്പ് പരിപാലിച്ചു പോന്നയാളാണ് സുധാകരന്‍. അതിപ്പോഴും അങ്ങിനെതന്നെ നില നില്‍ക്കുന്നുമുണ്ട്. ഒരു തോര്‍ത്തുമുണ്ട് എടുത്തു തുടച്ചാല്‍ മാഞ്ഞു പോകുന്ന ഒന്നല്ലല്ലോ ഗ്രൂപ്പ്. സതീശന്‍ പറയുന്നതും കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പില്ല എന്നാണ്. ഇതു പറയുമ്പോഴും കന്റോണ്‍മെന്റ് ഹൗസില്‍, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍, ഗ്രൂപ്പ് യോഗം അനുസ്യൂതം നടക്കുന്നുണ്ട്. രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടായിരുന്ന സ്ഥാനത്തു ഓരോ നേതാവും ഓരോ ഗ്രൂപ്പ് ആയി മാറിയ സ്ഥിതിയാണിപ്പോള്‍.  സതീശന് ഒരു ഗ്രൂപ്പ്, സിദ്ദിഖിന് വേറൊരു ഗ്രൂപ്പ്, കൊടിക്കുന്നിലിന് മറ്റൊരു ഗ്രൂപ്പ്. ഇതിനെല്ലാം മുകളില്‍ വേണുവിന്റെ റോയല്‍ ഗ്രൂപ്പും. ഇക്കാരണത്താല്‍ ഡി സി സി- ബ്ലോക്ക് പുനഃസംഘടന ആകെ താളം തെറ്റിയ മട്ടാണ്. ഓരോ നേതാവും അയാളുടെ സില്ബന്ധികളെ ഭാരവാഹിയാക്കാന്‍ ലിസ്റ്റ് കൊടുക്കുന്നു, സമ്മര്‍ദ്ദം ചെലുത്തുന്നു. മുന്‍പായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് നടത്തിയിരുന്ന കാര്യം ഇപ്പോള്‍ നേതാക്കന്‍മാരുടെയും ഗ്രൂപ്പുകളുടെയും ബാഹുല്യത്താല്‍ അടി തെറ്റിയ മട്ടാണ്. ഒരേ മനഃസ്ഥിതിക്കാരെ കൂട്ടി യോജിപ്പിച്ചു ഗ്രൂപ്പുകളുടെ എണ്ണം കുറയ്ക്കാനോ, അതല്ലെങ്കില്‍ ഗ്രൂപ്പുകളുടെ കോണ്‍ഫെഡറേഷന്‍ ഉണ്ടാക്കാനോ കെപിസിസി മുന്നിട്ടിറങ്ങേണ്ടി വരും.