• 01 Jun 2023
  • 06: 05 PM
Latest News arrow

ഹാസ്യനടന്‍ യുദ്ധത്തെ നേരിടുമ്പോള്‍

ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിയര്‍ സെലന്‍സ്‌കി തന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ ഏറ്റവും പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. റഷ്യ അഴിച്ചുവിട്ട യുദ്ധത്തില്‍ ഉക്രൈന്റെ സമാധാനം തന്നെ കെട്ടുപോയി. ജനങ്ങള്‍ ജീവന്‍മരണ പോരാട്ടത്തിലാണ്. ഒരു പക്ഷേ, നിങ്ങള്‍ എന്നെ ഇപ്പോള്‍ ജീവനോടെ കാണുന്നത് അവസാനമായിട്ടാകും എന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് അദ്ദേഹം പറയുകയുണ്ടായി. 

44കാരനായ സെലന്‍സ്‌കിയ്ക്ക് ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ വേണ്ട മുന്‍ പരിചയമൊന്നുമില്ല. നടന്‍, ഹാസ്യനടന്‍ എന്നീ നിലകളില്‍ കിട്ടിയ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രസിഡന്റായ ആളാണ് അദ്ദേഹം. അങ്ങിനെയുള്ള ഒരാളാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയിലൊന്നായ റഷ്യയുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

മധ്യ നഗരമായ ക്രൈവി റിഹില്‍ ജൂത മാതാപിതാക്കളുടെ മകനായി ജനിച്ച വോളോഡിമര്‍ സെലെന്‍സ്‌കി കൈവ് നാഷണല്‍ ഇക്കണോമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഹാസ്യനടനാകാന്‍ ജന്‍മവാസനയുള്ള സെലന്‍സ്‌കിയ്ക്ക് ഒരു നിയമജ്ഞനായി തുടരാന്‍ കഴിയുമായിരുന്നില്ല. 

ചെറുപ്പത്തില്‍, റഷ്യന്‍ ടിവിയിലെ ഒരു കോമഡി ഷോയില്‍ അദ്ദേഹം പതിവായി പങ്കെടുത്തിരുന്നു. 2003-ല്‍, തന്റെ കോമഡി ടീമായ ക്വാര്‍ട്ടല്‍ 95-ന്റെ പേരില്‍ ഒരു  ടിവി പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിക്കുന്നതില്‍ അദ്ദേഹം പങ്കാളിയായി. ഉക്രെയ്‌നിന്റെ 1+1 നെറ്റ് വര്‍ക്കിനായി കമ്പനി നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. 1+1 നെറ്റ് വര്‍ക്കിന്റെ ഉടമയും വിവാദങ്ങളുടെ തോഴനുമായ ഇഹോര്‍ കൊളോമോയ്സ്‌കി പിന്നീട് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സെലെന്‍സ്‌കിയ്ക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. 

2010-കളുടെ പകുതി വരെ ടിവി പരിപാടികളിലും സിനിമകളിലും മാത്രമായിരുന്നു സെലന്‍സ്‌കിയുടെ ശ്രദ്ധ. ലവ് ഇന്‍ ദ ബിഗ് സിറ്റി (2009), റഷെവ്സ്‌കി വേഴ്സസ് നെപ്പോളിയന്‍ (2012) തുടങ്ങിയവയിലെ പ്രകടനം അദ്ദേഹത്തിന്റെ കഴിവിന്റെ മാറ്റുരയ്ക്കുന്നതായിരുന്നു.

സെലെന്‍സ്‌കിയുടെ ജീവിതത്തിലും ഉക്രെയ്നിന്റെ ചരിത്രത്തിലും 2014 ഒരു വഴിത്തിരിവായി. മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം ഉക്രൈനിന്റെ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് പുറത്തായി. ആ വര്‍ഷം തന്നെ റഷ്യ, ക്രിമിയ പിടിച്ചെടുക്കുകയും ഉക്രെയ്‌നിനെതിരായ യുദ്ധത്തില്‍ കിഴക്കന്‍ വിഘടനവാദികളെ പിന്തുണക്കുകയും ചെയ്തു. 

ഒരു വര്‍ഷത്തിനുശേഷം, സെലെന്‍സ്‌കി അഭിനയിച്ച സെര്‍വന്റ് ഓഫ് പീപ്പിള്‍ ഉക്രൈനില്‍ സംപ്രേഷണം ചെയ്തു. ഇതിലൂടെ അദ്ദേഹത്തിന് വലിയ ജനപിന്തുണ ലഭിച്ചു.  44 കാരനായ സ്‌കൂള്‍ അധ്യാപകന്‍ വാസിലി ഗൊലോബോറോഡ്കോ എന്ന കഥാപാത്രത്തെയാണ് സെലന്‍സ്‌കി അവതരിപ്പിച്ചത്. അഴിമതിക്കെതിരെയുള്ള വാസിലിയുടെ ആക്രോശങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹം പ്രസിഡന്റായി മാറുന്നതായിരുന്നു കഥ.  

അഴിമതിയും ക്രിമിയ പിടിച്ചടക്കലിന്റെ അനന്തരഫലങ്ങളും കൊണ്ട് പൊറുതി മുട്ടിയ രാജ്യത്ത് കോമഡി ഷോ വന്‍ ഹിറ്റായി. അങ്ങിനെ വെള്ളിത്തിരയില്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സെലന്‍സ്‌കി യഥാര്‍ത്ഥ ജീവിതത്തിലും പ്രസിഡന്റാകാന്‍ ആഗ്രഹിച്ചു. 2019ല്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രസിഡന്റും വ്യവസായിയുമായ പെട്രോ പൊറോഷെങ്കോയെ നേരിടാന്‍ സെലെന്‍സ്‌കി തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജ്യത്തെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് സെലന്‍സ്‌കി ഒഴിവാക്കി. പകരം നിസ്സാരമായ കോമഡി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തായിരുന്നു സെലന്‍സ്‌കിയുടെ പ്രചാരണം. അദ്ദേഹത്തിന്റെ ചാരുതയില്‍ ഉക്രേനിയന്‍ ജനത വീണു. 70 ശതമാനത്തിലധികം വോട്ടുകള്‍ക്ക് നേടി പെട്രോ പൊറോഷെങ്കോയെ സെലന്‍സ്‌കി പരാജയപ്പെടുത്തി. 

ഇപ്പോള്‍, പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനും മുന്‍ കെജിബി ചാരനുമായ വ്ളാഡിമിര്‍ പുടിനെതിരെയാണ് സെലന്‍സ്‌കി ഏറ്റുമുട്ടുന്നത്. രാഷ്ട്രത്തോടുള്ള ടെലിവിഷന്‍ പ്രസംഗത്തില്‍, റഷ്യയ്ക്കെതിരെ പോരാടുമെന്ന് സെലന്‍സ്‌കി പ്രതിജ്ഞയെടുക്കുകയും ഏത് തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് തന്റെ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ആ സെലന്‍സ്‌കിയാണ് ഇപ്പോള്‍ പറയുന്നത്, നിങ്ങള്‍ ജീവനോടെ എന്നെ കാണുന്നത് അവസാനമായിട്ടായിരിക്കുമെന്ന്.