• 01 Oct 2023
  • 08: 29 AM
Latest News arrow

ബപ്പി ദായ്ക്ക് പകരം ബപ്പി ദാ മാത്രം

അലോകേഷ് ലാഹിരി അഥവാ ബപ്പി ലാഹിരി. പിച്ച വെച്ച് നടക്കുന്ന പ്രായത്തില്‍ തബലയില്‍ വിരലുകള്‍ തട്ടി സംഗീതലോകത്തേയ്ക്ക് വരവറിയിച്ച പ്രതിഭ. മാതാപിതാക്കളായ അപരേഷ് ലാഹിരിയില്‍ നിന്നും ബാംസുരി ലാഹിരിയില്‍ നിന്നും പകര്‍ന്നു കിട്ടിയ സംഗീതത്തിന്റെ ജീവഘടകങ്ങളെ ഉജ്ജ്വലിപ്പിച്ച് മറ്റുള്ളവരില്‍ അതിന്റെ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച സംഗീതജ്ഞന്‍. ഇന്ത്യന്‍ സിനിമാ സംഗീത ധാരയിലേക്ക് ഡിസ്‌കോയുടെ മാസ്മരിക ലഹരി ചേര്‍ത്തുവെച്ച ഡിസ്‌കോ കിങ്. സംഗീതലോകത്ത് തന്റെ ഇതിഹാസം രചിച്ചിട്ടാണ് ആ ജീവിതം അവസാനിക്കുന്നത്.

മാതാപിതാക്കളുടെ ഒറ്റപ്പുത്രനായിട്ടാണ് 1952ല്‍ ബപ്പി ലാഹിരി ജനിക്കുന്നത്. ഇന്ത്യന്‍ സിനിമാ പിന്നണി ഗായകരില്‍ പ്രമുഖനായ കിഷോര്‍ കുമാറിന്റെ അനന്തരവന്‍ കൂടിയായ ബപ്പിയ്ക്ക് സംഗീതത്തെക്കുറിച്ചല്ലാതെ മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. 1973ല്‍ നന്നാ ശിക്കാരി എന്ന സിനിമയിലൂടെയായിരുന്നു ബപ്പി ലാഹിരിയുടെ ബോളിവുഡ് പ്രവേശനം. അന്ന് 21 വയസ്സായിരുന്നു അദ്ദേഹത്തിന്. തുടര്‍ന്ന് ചരിത, ബാസാര്‍ ബന്ധ് കരോ, ഏക് ലഡ്കി ബദ്‌നാമി സി, സഖ്മീ, ചല്‍തേ ചല്‍തേ, ആപ് കി ഖാതിര്‍, ടൂഠേ ഖിലോന, സുരക്ഷ, ആംഗന്‍ കി കലി തുടങ്ങി പത്തിലധികം ചിത്രങ്ങളില്‍ സംഗീത സംവിധായകനായി. സഖ്മിയിലാണ് പിന്നണി ഗായകന്‍ കൂടിയായി അദ്ദേഹം അരങ്ങേറ്റം കുറിയ്ക്കുന്നത്. ചല്‍തേ ചല്‍തേയില്‍ സുലക്ഷണ പണ്ഡിറ്റുമൊത്ത് പാടിയ ജാനാ കഹാം ഹേ എന്ന ഗാനം ബപ്പിയ്ക്ക് ഗായകനെന്ന നിലയില്‍ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു.

1982ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന സിനിമയാണ് ബപ്പിയുടെ പ്രശസ്തി ഉയര്‍ത്തിയത്. മിഥുന്‍ ചക്രവര്‍ത്തിയും കിമ്മും പ്രധാന വേഷങ്ങളിലെത്തിയ ഡിസ്‌കോ ഡാന്‍സര്‍ ആഗോള ഹിറ്റായിരുന്നു. അതിലെ ഗാനങ്ങള്‍ സിനിമയുടെ വിജയത്തിന് പ്രധാന ഘടകമായിരുന്നു. പാര്‍വ്വതി ഖാന്‍ ആലപിച്ച ജിമ്മി ജിമ്മി, വിജയ് ബെനഡിക്ട് പാടിയ ഐആം എ ഡിസ്‌കോ ഡാന്‍സര്‍, ബപ്പി പാടിയ യാദ് ആ രഹാ ഹൈ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. അതില്‍ തന്നെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഡിസ്‌കോ ഡാന്‍സര്‍.

1974ല്‍ ദാദൂ എന്ന സിനിമയിലൂടെ ബപ്പി ബംഗാളിയിലും അരങ്ങേറി. ആ സിനിമയില്‍ ലതാ മങ്കേഷ്‌കറെ കൊണ്ടാണ് അദ്ദേഹം പാടിപ്പിച്ചത്. അമര്‍ സംഘീ, ആമര്‍ തുമീ, അമര്‍ പ്രേം, മന്ദിര തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ബപ്പിയുടെ സംഗീതം ബംഗാളി മനസ്സുകളില്‍ ഇടം പിടിച്ചു. ബപ്പി സംഗീതമിട്ട ധാരാളം ഹിറ്റ് ഗാനങ്ങള്‍ കിഷോര്‍ കുമാറും ലതയുമൊന്നിച്ച് പാടിയിട്ടുണ്ട്. കിഷോറിനൊപ്പം ആശ ഭോസ്ലെയും ബപ്പിയുടെ ഈണത്തില്‍ ഡ്യൂയറ്റുകള്‍ പാടി. ഹിമ്മത്ത് വാല, ഡാന്‍സ് ഡാന്‍സ്, ശരാബി, സത്യമേവ ജയതേ എന്നിവയിലെ ബപ്പിയുടെ ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു. 

1984ലെ ഹിമ്മത് വാല എന്ന ഹിറ്റ് സിനിമയ്ക്ക് പിന്നാലെ ജിതേന്ദ്ര നായകനായ സിനിമകളില്‍ കിഷോര്‍ കുമാറിന് വേണ്ടി ബപ്പി നിരവധി ഹിറ്റുകളൊരുക്കി. 1983-85 വരെ ജിതേന്ദ്ര നായകനായ പന്ത്രണ്ട് സിനിമകള്‍ക്കാണ് ബപ്പി ഈണമിട്ടത്. 1986ല്‍ 33 സിനിമകള്‍ക്ക് വേണ്ടി 180 ഗാനങ്ങള്‍ ചിട്ടപ്പെടുത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ബപ്പി ഇടം നേടി. പുതിയ സംഗീത സംവിധായകര്‍ ബോളിവുഡ് അരങ്ങ് വാഴാനെത്തുമ്പോഴും ബപ്പിയുടെ സംഗീതം ലഹരി പടര്‍ത്തുന്നതില്‍ കുറവുണ്ടാക്കിയില്ല. 2000 ആണ്ടാവുന്നത് വരെ ഇടവേളയില്ലാതെ ബപ്പിയുടെ സംഗീതം ബോളിവുഡ് സിനിമയ്ക്ക് മേമ്പൊടിയായി. 

കിസി നസര്‍ കൊ തേരാ ഇന്തസാര്‍ ആജ് ഭി ഹെ..., ആവാസ് ദി ഹെ..., തുടങ്ങിയ ഗസല്‍ ഗാനങ്ങളും സിനിമയ്ക്ക് വേണ്ടി ബപ്പി ചിട്ടപ്പെടുത്തി. ബപ്പിയുടെ മുന്‍കാല ഗാനങ്ങള്‍ പലതും പിന്നീട് റീമിക്‌സുകളായി സിനിമകളില്‍ പുനരാവിഷ്‌കരിക്കപ്പെട്ടു. 2020ല്‍ ബാഗി 3 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബപ്പി അവസാനം ഈണമിട്ടത്. അതിലെ ബങ്കാസ് എന്ന ഗാനം ദേവ് നാഗിയ്ക്കും ജോനിത ഗാന്ധിയ്ക്കുമൊപ്പം ബപ്പി ആലപിക്കുകയും ചെയ്തു. 2000ലെ ജസ്റ്റിസ് ചൗധരിയ്ക്ക് ശേഷം 2008 ലാണ് ബപ്പി സംഗീത സംവിധായകനായി തിരിച്ചെത്തിയത്. മുദ്രങ്ക് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. 2006ല്‍ ടാക്‌സി നമ്പര്‍ 9211 എന്ന സിനിമയിലെ ബൊംബയ് നഗരിയ എന്ന ഗാനം ബപ്പി ആലപിച്ചു. 

2011ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ദ ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയ്ക്ക് വേണ്ടി ബപ്പി പാടിയ ഊലാലാ ഊലാല എന്ന ഗാനം വന്‍ ഹിറ്റായി. പുതുതലമുറയിലെ പ്രമുഖ ഗായിക ശ്രേയ ഘോഷാലിനൊപ്പമായിരുന്നു ബപ്പിയുടെ ആലാപനം. 2013ല ജോളി എല്‍എല്‍ബി എന്ന സുഭാഷ് കപൂര്‍ ചിത്രത്തിന് വേണ്ടി ബപ്പി ആലപിച്ച എല്‍ലഗ് ഗയേ എന്ന ഗാനം ഹിറ്റാവുക മാത്രമല്ല വര്‍ഷങ്ങള്‍ക്കിപ്പുറം ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാവുകയും ചെയ്തു. 2019ല്‍ വൈ ചീറ്റ് ഇന്ത്യ എന്ന സിനിമയില്‍ ബപ്പിയുടെ ദിന്‍ മേം ഹൊ തും വീണ്ടും കേട്ടു. 2020ല്‍ ആരേ പ്യാര്‍ കര്‍ ലേ എന്ന ബപ്പി ലാഹിരി ഗാനം ശുഭ് മംഗള്‍ സ്യാദാ സാവ്ദാന്‍ എന്ന സിനിമയിലൂടെ സംഗീതാസ്വാദകരെ തേടിയെത്തി. 

2016ല്‍ ഡിസ്‌നിയുടെ മോന എന്ന ത്രീഡി അനിമേറ്റഡ് മൂവിയുടെ ഹിന്ദി വേര്‍ഷനില്‍ റ്റമാറ്റോവയ്ക്ക് ശബ്ദം നല്‍കിയത് ബപ്പിയാണ്. മോനയ്ക്ക് വേണ്ടി ഷോന എന്ന ഗാനവും ബപ്പി ട്യൂണിട്ടു. രാം രത്തന്‍ എന്ന സിനിമയുടെ ഗാനരംഗത്തിലും ടെലിവിഷന്‍ ഷോകളിലും ബപ്പി പ്രത്യക്ഷപ്പെട്ടു. 2014ല്‍ ബിജെപിയുടെ അംഗത്വം സ്വീകരിച്ച ബപ്പി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീറാംപുരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിറയെ സ്വര്‍ണമാലകളണിഞ്ഞ്, വെല്‍വെറ്റ് ഓവര്‍കോട്ടുകളും വിവിധതരത്തിലുള്ള സണ്‍ഗ്ലാസുകളും ധരിച്ച പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലാഹിരി എന്ന ഹിറ്റ് മേക്കര്‍ ഇനിയില്ല. പക്ഷേ, ചല്‍തേ ചല്‍തേയും റംബ ഹോയും ഡിസ്‌കോ ഡാന്‍സറും ഊലാലാ ഊലാലയും സൃഷ്ടിച്ച ലഹരിയുടെ അലകള്‍ ഒരിക്കലും അവസാനിക്കില്ല. ഇന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തില്‍ ബപ്പി ദായ്ക്ക് പകരം ബപ്പി ദാ മാത്രം.