• 04 Oct 2023
  • 07: 30 PM
Latest News arrow

കനല്‍വഴികള്‍ താണ്ടിയ വിസ്മയം; ഡോ മുഹമ്മദ് അഷ്റഫിന്റെ പുസ്തകം പ്രകാശനം ചെയ്തു

ലോകകപ്പ് ഫുട്ബാളിന്റെ ഇതുവരെയുള്ള ചരിത്രവും ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഇരുപത്തിരണ്ടാമതു ലോകകപ്പിന്റെ വിശേഷങ്ങളും പങ്കുവെക്കുന്ന ഡോ മുഹമ്മദ് അഷ്റഫിന്റെ പുസ്തകം- 'കനല്‍ വഴികള്‍ താണ്ടിയ വിസ്മയം' പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് സിന്‍ഡിക്കേറ്റ് അംഗം കെ കെ ഹനീഫക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം നാസര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ടോം കെ തോമസ് പുസ്തകം പരിചയപ്പെടുത്തി. രജിസ്ട്രാര്‍ ഡോ ഇ കെ സതീഷ്, സെനറ്റ് അംഗം വിനോദ് നീകാംപുറത്തു, വി സ്റ്റാലിന്‍, ആര്‍ എസ് പണിക്കര്‍, ഡോ വി പി അബ്ദുല്‍ ഹമീദ് എന്നിവര്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു. യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ . സക്കീര്‍ ഹുസ്സൈന്‍ സ്വാഗതവും ഡോ. പി കെ ശശി നന്ദിയും പറഞ്ഞു. ഡോ. മുഹമ്മദ് അഷ്റഫ് ജര്‍മനിയില്‍ നിന്ന് ഓണ്‍ലൈനില്‍ മറുപടി പ്രസംഗം നടത്തി. 

ഒളിമ്പിക്സും ലോകകപ്പ് ഫുട്‌ബോളും വിംബിള്‍ഡണ്‍ ടെന്നിസും അടക്കം നിരവധി അന്താരാഷ്ട്ര  മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഡോ അഷ്റഫിന്റെ എട്ടാമത്തെ സ്‌പോര്‍ട്‌സ് പുസ്തകമാണിത്. 2016 ല്‍ മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള ജി വി രാജ പുരസ്‌കാരം അഷ്‌റഫിനാണ് ലഭിച്ചത്. ജര്‍മനിയിലെ ലൈപ് സിഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്സ്, ഡോക്ടര്‍ ബിരുദങ്ങള്‍ നേടിയ അദ്ദേഹം ജര്‍മന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്‍ സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി,  സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റിക് കോച്ച് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

1930ല്‍ ഉറുഗ്വായില്‍ ആരംഭിച്ച ലോകകപ്പ് ഫുട്ബാള്‍ 2022 ല്‍ മധ്യപൂര്‍വ ഏഷ്യയിലെ ഖത്തറില്‍ എത്തുമ്പോള്‍ കാല്‍പ്പന്തു കളിയെ സ്‌നേഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന സമഗ്ര റഫറന്‍സ് ഗ്രന്ഥമാണ് കനല്‍വഴികള്‍ താണ്ടിയ വിസ്മയം. യൂറോപ്യന്‍ താരങ്ങളുടെ പേരുകള്‍ തെറ്റ് കൂടാതെ ഉച്ചരിക്കാന്‍ മലയാളികളെ  പഠിപ്പിച്ച  ഡോ .മുഹമ്മദ് അഷ്റഫിന്റെ സ്‌പോര്‍ട്‌സ് ജേര്‍ണലിസത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുസ്തകം.