തട്ടം പിടിച്ചു വലിച്ചത് മൈലാഞ്ചിച്ചെടിയല്ല

സിന്ദൂര രേഖയില്‍നിന്ന് ഇടത്തോട്ടും വലത്തോട്ടും മുടി ചീകിവെച്ച് നെറ്റിയ്ക്കും മൂര്‍ദ്ധാവിനുമിടയില്‍, രണ്ടോ മൂന്നോ പിന്നു കൊണ്ടു കുത്തിവെച്ച ഒരു കഷ്ണം തുണി, പുള്ളികളും പൂക്കളും നിറം ചാര്‍ത്തിയ തുണി- അതായിരുന്നു തട്ടം. ആ തട്ടമിട്ട മാപ്പിള മൊഞ്ചത്തിമാരെ കണ്ട ഓര്‍മയുണ്ടോ. ചിപ്പോള്‍ തട്ടത്തിനു പിന്നുണ്ടാകില്ല, വെറുതെ തലയില്‍ തൂങ്ങിനില്‍ക്കും. അത് മാറിലേക്ക് തൂക്കിയിട്ടിരുന്നില്ല. തട്ടമിട്ട
ആ മൊഞ്ചത്തികളെ മറക്കാന്‍ മാത്രം കാലമായിട്ടില്ല. അവരിപ്പോഴും കാറ്റില്‍ പാറുന്ന പൂന്തട്ടങ്ങളുമായി വെള്ളിക്കൊലുസ് കിലുക്കി ഓര്‍മയില്‍ ഓടിക്കളിക്കുന്നുണ്ട്.
മാപ്പിളപ്പെണ്ണുങ്ങളുടെ തലയില്‍നിന്ന് തട്ടം പിടിച്ചു വലിച്ച്, എറിഞ്ഞു കളഞ്ഞത് റഫീഖ് അഹമ്മദിന്റെ പാട്ടില്‍ പറയുന്നതുപോലെ, മൈലാഞ്ചിച്ചെടിയല്ല. അതിനു പിന്നില്‍ ആസൂത്രിതമായ ഒരു നീക്കമുണ്ട്. മുസ്ലിം സ്ത്രീയൂടെ മുടിയെ ലൈംഗികാവയമാക്കിയത് ആ നീക്കമാണ്.
തൊണ്ണൂറുകളുടെ മധ്യം വരെ ഈ തട്ടം കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പല മുസ്ലിംവീടുകളിലേയും അലമാരകളില്‍ പൊടിപിടിച്ചു കിടപ്പുണ്ടാകും. ആ പുള്ളിത്തുണിക്കഷ്ണങ്ങള്‍. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍, തലയില്‍നിന്ന് കാറ്റത്തു പറന്നുപോയതല്ല ആ തട്ടങ്ങള്‍. വളരെ പതുക്കെ, സമയമെടുത്തു, ബോധപൂര്‍വം പറിച്ചെറിഞ്ഞു കളഞ്ഞതു തന്നെയാണ്.
സുന്നി മദ്രസയിലാണ് ഞാന്‍ ദീനിന്റെ അലിഫ് പഠിക്കാന്‍ തുടങ്ങിയത്. നാലാം ക്ലാസുവരെയേ സുന്നി മദ്രസകളില്‍ പഠിച്ചുള്ളു. ആ മദ്രസയില്‍ ഏഴാം ക്ലാസ് വരെയുണ്ട്. ആ മദ്രസയില്‍ വരുന്ന പെണ്‍കുട്ടികളുടെ തലയില്‍ ഒരു കഞ്ഞു തുണികൊണ്ടുള്ള തട്ടമേ ഉണ്ടായിരുന്നുള്ളുൂ. ആമിനയും ഫാത്തിമയും ജമീലയും സുലൈഖയുമൊക്കെ കുഞ്ഞിത്തട്ടങ്ങളില്‍ സുന്ദരികളായി വന്നു അറബി മലയാളത്തില്‍ ദീന്‍ പഠിച്ചു.
അഞ്ചാം ക്ലാസിലായപ്പോഴാണ് ഞാന്‍ യതീംഖാനയിലെത്തുന്നത്. അത് മത മൗലികവാദികളുടെ മേല്‍ക്കയ്യിലുള്ളതായിരുന്നു. അവിടെ യതീംഖാനയിലെ പെണ്‍കുട്ടികള്‍ മദ്രസയില്‍ വന്നിരുന്നത് മക്കനയിട്ടാണ്. അതെ, അന്ന് അതിനു മക്കനയെന്ന ഒരോമനപ്പേരായിരുന്നു. ഹിജാബ് എന്ന് അന്ന് നമ്മള്‍ കേട്ടിട്ടില്ല. പിന്നീട് പത്താം ക്ലാസ് വരെ ഈ വിഭാഗത്തിന്റെ മദ്രസയിലാണ് പഠിച്ചത്. അവിടയൊക്കെ ഈ മുഖമക്കനയിട്ട പെണ്‍കുട്ടികളായിരുന്നു മദ്രസയിലെ സഹപാഠികള്‍. പെണ്‍കുട്ടികളെ, ആണ്‍കുട്ടികളുടെ കണ്ണില്‍നിന്നും തിരിച്ചും മറച്ചു പിടിക്കുന്ന മറകള്‍ പ്രത്യക്ഷപ്പെടുന്നതും ഈ മദ്രസകളിലാണ്.
ജമാഅത്തെ ഇസ്ലാമിയുടേയും കേരള നദവത്തുല്‍ മുജാഹിദീന്റെയും മദ്രസകളിലേയും അറബിക്/ഇസ്ലാമിക് കോളേജുകളിലേയും പെണ്‍കുട്ടികളാണ് വ്യാപകമായി മുഖമക്കന ഉപയോഗിക്കാന്‍ തുടങ്ങിയത്. അവരുടെ മദ്രസകളില്‍ പോകുമ്പോള്‍ മക്കനയിടുകയും സ്‌കൂളുകളില്‍ വരുമ്പോള്‍ സാധാരണ തട്ടമിടുകയും ചെയ്യുന്നവരായിരുന്നു മിക്കവാറും പെണ്‍കുട്ടികള്‍. കടുത്ത പ്രസ്ഥാന കുടുംബങ്ങളില്‍ നിന്നു വരുന്ന പെണ്‍കുട്ടികള്‍ മാത്രം, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും മക്കന നിര്‍ബന്ധപൂര്‍വം ധരിച്ചു.
ഈ മക്കനക്കാലത്തു തന്നെയാണ്, ഗള്‍ഫില്‍നിന്ന് മഫ്ത ഇറക്കുമതി ചെയ്യപ്പെടുന്നത്. ആദ്യകാലത്ത് മഫ്ത മാത്രമാണ് വന്നത്. ഗള്‍ഫ് മേഖലകളില്‍ സത്യത്തില്‍ അതൊരു ഫാഷനായാണ് വന്നത്. ഷാള്‍ വരുന്നത് പിന്നെയാണ്. ഇടക്കാലത്ത് ഷാളും മഫ്തയും ഒന്നിച്ചണിയുന്നവരുണ്ടായിരുന്നു. മതമൗലികവാദികള്‍ കൈതൊട്ടതോടെ അത് ഇസ്ലാമിക വേഷമെന്ന പരിവേഷത്തിലേക്ക് മാറി. തൊട്ടുപിന്നാലെ പര്‍ദയുമെത്തി. അതോടെ, മത മൗലികവാദികള്‍ പതുക്കെ തുടങ്ങിയ ആ നീക്കം കേരളത്തെ പെട്ടെന്നു മുച്ചൂടും ബാധിച്ചു കളഞ്ഞു. തലയില്‍ നേരിട്ടു തൊടുന്നതു കൊണ്ടാകും, ആ മസ്തിഷ്‌ക പ്രക്ഷാളനം മുസ്ലിം പെണ്‍കുട്ടികളുടെ തലകള്‍ക്ക് അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാതിരുന്നത്. വളരെ നിഷ്‌കളങ്കമായി പെണ്‍കുട്ടികള്‍, പല ഫാഷനുകളിലും മോഡലുകളിലും മാറിമാറി തലയിലിട്ട ഒരു കഷ്ണം തുണി ഇന്ന് മതതീവ്രതയുടെ പതാകയായി മാറുകയാണ്.
തമാശ കിടക്കുന്നത് അവിടെയല്ല, ജമാഅത്തെ ഇസ്ലാമിയുടേയും മുജാഹിദിന്റേയും സ്ഥാപനങ്ങളില്‍ തട്ടം, മുഖമക്കനയിലേക്കേ മാറിയുള്ളു. കാന്തപുരം വിഭാഗം രംഗം കയ്യടക്കിയതോടെ, അത് അസ്സല്‍ മുഖം മൂടിയായി. നിഖാബ്, ബുര്‍ഖ എന്നൊക്കെ പറയുന്ന ആ സാധനം തന്നെ. പിന്നീട് സമസ്തയുടെ മദ്രസകളിലേക്കും സ്ഥാപനങ്ങളിലേക്കും അത് പടര്‍ന്നു പിടിച്ചു. അതും എട്ടും പൊട്ടും തിരിച്ചറിയാത്ത കുരുന്നു പെണ്‍കുട്ടികള്‍ മുഖം മൂടി മദ്രസകളിലേക്കു പോകുന്ന കാഴ്ച പരിഷ്‌കൃത കേരളത്തിനു ഞെട്ടലോടെ കാണേണ്ടി വന്നു.
അവിടെയാണ് ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലിക വാദികളുടെ കാപട്യം തിരിച്ചറിയേണ്ടത്. മുഖാവരണം നിര്‍ബന്ധമാണെന്ന് പുസ്തകത്തില്‍ എഴുതിവെച്ചത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅലാ മൗദുദിയാണ്. അനിവാര്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ മുഖാവരണം മാറ്റാന്‍ സ്ത്രീക്കു അനുവാദമില്ലെന്നും അതും മുഖ സൗന്ദര്യം വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാകാന്‍ പാടില്ലെന്നും മൗദൂദി അദ്ദേഹത്തിന്റെ പര്‍ദ എന്ന പുസ്തകത്തില്‍ എഴുതിവെച്ചിട്ടുണ്ട്. (പര്‍ദ -ഇംഗ്ലീഷ് പരിഭാഷ -പേജ് 129, 130). ഈ പുസ്തകം ഇതുവരെ മലയാളത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും വിപുലമായ ഒരു പ്രസിദ്ധീകരണ വിഭാഗമുള്ളവരാണ് ഇവരെന്ന് ഓര്‍ക്കണം. എണ്‍പതുകളുടെ അവസാനം മാധ്യമം ദിനപത്രത്തിന്റെ ലേബലില്‍, മതേതര, പരിഷ്‌കൃത മുഖംമൂടി എടുത്തണിയാന്‍ തുടങ്ങിയ അവര്‍ക്ക്, പെണ്ണുങ്ങളുടെ മുഖംമൂടി മുഖത്തടിയാകുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെയുണ്ട്. മൗദൂദിയുടെ പര്‍ദ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാകട്ടെ, ജമാഅത്തെ ഇസ്ലാമിയോട് കട്ടക്കലിപ്പില്‍ കഴിയുന്ന കാന്തപുരം വിഭാഗത്തിന് സ്വാധീനമുള്ള ഒരു പ്രസാധക സംഘമാണ്. അവരാണ് അത് പ്രചരിപ്പിച്ചതും പ്രാവര്‍ത്തികമാക്കിയതും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല, പൊതു സ്ഥലങ്ങളില്‍ പോലും അവരുടെ പെണ്ണുങ്ങള്‍ മുഖംമൂടാതെ ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല.
ഇസ്ലാമിലെ നാല് പ്രധാന ചിന്താധാരകളാണ് ശാഫ്, ഹനഫി, ഹംബലി, മാലികി സ്‌കൂളുകള്‍. ഇതില്‍ ശാഫീ വിഭാഗത്തിലെ ഒരു വിഭാഗം മാത്രമേ മുഖംമുടല്‍ നിര്‍ബന്ധമാണെന്നു വാദിക്കുന്നുള്ളു എന്നാണ് മനസ്സിലാക്കുന്നത്.
പറഞ്ഞു വന്നത് ഇതാണ്. ഹിജാബ് സ്വാഭാവിക വസ്ത്രമല്ല, അത് മുസ്ലിംപെണ്ണിന്റെ തലയില്‍ അടിച്ചേല്‍പിച്ചതാണ്. അങ്ങിനെ അടിച്ചേല്‍പിച്ചവര്‍ ഇപ്പോള്‍, ഭാരതത്തിലെ മുസ്ലിം പെണ്ണിന്റെ ഒരേയൊരു പ്രശ്നം, ഈ ഹിജാബാണെന്നു വരുത്തിത്തീര്‍ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.
തലയിലൊരു കുഞ്ഞു തട്ടമിട്ട്, അഞ്ചു നേരം നിസ്‌കരിച്ച്, റമദാനില്‍ നോമ്പെടുത്ത് നിസ്സാരമായി ജീവിച്ചാലും സ്വര്‍ഗം കിട്ടുമെന്ന് പാവപ്പെട്ട മുസ്ലിംകള്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തുനിന്ന് പെണ്ണുങ്ങളെ പിടിച്ചു വലിച്ചു പിന്നോട്ടു കൊണ്ടുപോയി, നിഖാബില്‍ മൂടിയവരെയും പുരുഷന്മാരുടെ കൈകളില്‍ ജിഹാദിന്റെ വാളെടുത്തു കൊടുത്തുവരേയും തിരിച്ചറിയണം. പുതിയ കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, കാമ്പസുകള്‍ ഹിജാബിന്റെ പേരില്‍ പൊരിയുന്നത് കാണുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനമാകുമോ എന്നാണ് ഭയം. കാരണം ഇന്ത്യയിലെ മതങ്ങളെ ഇപ്പോള്‍ നയിക്കുന്നത് വിശ്വാസമല്ല, രാഷ്ട്രീയമാണ്.