ബോറാകുന്നുണ്ട് ഈ ബാബു പുരാണം
പാലക്കാട് മലമ്പുഴ ചെറാട് ബാബു എവറസ്റ്റ് കീഴടക്കിയ മലയാളിയല്ല. കുമ്പാച്ചി മല കയറുന്നതിനിടയില്‍ അപകടം പറ്റി മലയിടുക്കില്‍ രണ്ടു ദിവസം കുടുങ്ങിക്കിടന്ന ശേഷം സര്‍ക്കാരിന്റെ ഇടപെടലില്‍ സൈന്യം രക്ഷിച്ചു കൊണ്ടുവന്ന ചെറുപ്പക്കാരനാണ്. ബാബുവിനെ രക്ഷിക്കാന്‍ ചുരുങ്ങിയത് 75 ലക്ഷം രൂപയെങ്കിലും സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയിട്ടുണ്ട്. സ്റ്റേറ്റിനെ സംബന്ധിച്ചടത്തോളം അതൊരു ഉത്തരവാദിത്തമാണ്. ഏതൊരു ജീവനും വിലപ്പെട്ടതാണ് എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേത്.
മലയില്‍ കുടുങ്ങിക്കിടന്ന രണ്ടു ദിവസം ലോകമെങ്ങുമുള്ള മലയാളികള്‍ ബാബു തിരിച്ചു വരുന്നതു കാണാന്‍ ഉല്‍ക്കണ്ഠയോടെ കാത്തിരുന്നു. സംസ്ഥാനത്തെ വാര്‍ത്താ മാധ്യമങ്ങള്‍ മുഴുവന്‍ അയാള്‍ക്കുവേണ്ടി പ്രതീക്ഷാനിര്‍ഭരമായി വാര്‍ത്ത നല്‍കി. ഒടുവില്‍ സൈന്യം അയാളെ രക്ഷിച്ചെടുക്കുന്ന ദൃശ്യം ലൈവായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. സാധാരണ നിലയില്‍ ഈ അധ്യായം ഇവിടെ അവസാനിക്കേണ്ടതാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഒരു കാരണവുമില്ലാതെ ഈ റീല്‍ നീട്ടിക്കൊണ്ടു പോകുകയാണ്. അടുത്ത ഇരയെ കിട്ടുന്നതു വരെ ബാബുവിനെ വിടില്ല എന്ന അവസ്ഥ. സത്യത്തില്‍ നീണ്ടു പോകുന്ന ഈ ബാബു പുരാണം ബോറായി തുടങ്ങിയില്ലേ ?
മലയിടുക്കില്‍ രണ്ടു ദിവസം പെട്ടപ്പോള്‍ അസാമാന്യ ധൈര്യം ബാബു കാണിച്ചിരുന്നു. കയ്യിലുള്ള മൊബൈലില്‍ നിന്ന് ചിത്രം എടുത്തു സുഹൃത്തുക്കള്‍ക്ക് അയാള്‍ അയച്ചു കൊടുത്തതു കൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം എളുപ്പമായത്. ബാബു മലയിറങ്ങി വന്ന ശേഷം നാട്ടിലുള്ള സകലമാന ചാനലുകളും പത്രങ്ങളും ഓണ്‍ലൈനുകളും ഇതൊന്നും പോരാഞ്ഞിട്ട് വ്ളോഗര്‍മാരും അയാളെ വിടാതെ പിന്തുടരുകയാണ്. ഞായറാഴ്ച പതിപ്പുകള്‍ അയാള്‍ക്ക് വേണ്ടി ഒഴിച്ചിടുന്നു.
മതവും വര്‍ഗീയതയുമൊക്കെ ഇതിനിടയില്‍ ആരുമറിയാതെ കളത്തിലിറങ്ങി. ബാബു മലയില്‍ കുടുങ്ങിയപ്പോള്‍ അയാളുടെ ജാതിയും മതവും അന്വേഷിക്കാനാണ് ചിലര്‍ പുറപ്പെട്ടത്. ബാബു എന്ന പേരിന്റെ ഏറ്റവും വലിയ പ്രശ്‌നം ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഇതേ പേരുണ്ടെന്നതാണ്. അതിനാല്‍ പേര് കൊണ്ട് തിരിച്ചറിയാന്‍ കഴിയില്ല. മുസ്ലിം ആണെന്ന് ബോധ്യപ്പെട്ട ശേഷം ഉണ്ടായ മറ്റൊരു പ്രശ്‌നം ബാബുവിനെ രക്ഷിച്ച സൈനികര്‍ക്കിടയില്‍ നിന്ന് അയാള്‍ ഭാരത് മാതാ കീജയ് എന്ന് വിളിച്ചതെന്തിനാണെന്നാണ്. ഇത് ചോദിക്കുന്നവരുടെ ആവശ്യം അയാള്‍ അവിടെ വെച്ച് ബോലോ തക്ബീര്‍ എന്ന് വിളിക്കണമെന്നായിരിക്കാം.
ബാബു മുസ്ലിം ആണെങ്കിലും അയാള്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ഇതിനിടെ പ്രചാരണം ഉയര്‍ന്നു. ബാബു ആര്‍ എസ് എസ് ശാഖയില്‍ പോകുന്നയാളാണെന്നു ചിലര്‍. അതല്ല, അയാളുടെ അനുജന്‍ ആണ് ശാഖയില്‍ പോയിരുന്നതെന്നു മറ്റു ചിലര്‍. സൈന്യം അയാളെ രക്ഷപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.. 'മലയില്‍ കുടുങ്ങിയ ബാബുവിന് സംഘബന്ധം ഉണ്ടെന്നും അയാളുടെ അച്ഛന്‍ ഹിന്ദു ആണെന്നും പുള്ളി മലമ്പൊത്തില്‍ ഇരിക്കുമ്പോഴേ അറിയാമായിരുന്നു. ഇനി പുള്ളി ഐടിസി അല്ല ഓടിസി കഴിഞ്ഞ സേവകനായാലും വേണ്ടാത്തിടത്തു വലിഞ്ഞു കേറരുതെന്ന അഭിപ്രായത്തില്‍ തെല്ലും മാറ്റമില്ല. ട്രക്കിങ് നിയമങ്ങള്‍ പാലിച്ചു നടത്തേണ്ട ഒന്നാണ്. അല്ലാതെ ഉണ്ടിരിക്കേണ്ട പഹയന്മാര്‍ക്കു പെട്ടെന്നുണ്ടാകേണ്ട വെളിപാടല്ല.
ശശികല ടീച്ചര്‍ പറഞ്ഞതില്‍ അവസാന രണ്ടു വരികളില്‍ കാര്യമുണ്ട്. ട്രക്കിങ് പെട്ടെന്ന് ഉണ്ടാകേണ്ട വെളിപാടല്ല. എന്നാലും ഒരു മനുഷ്യന്‍ ദുരന്തത്തില്‍ പെട്ടു കിടക്കുമ്പോള്‍ അയാളുടെ മതം അന്വേഷിക്കുന്നതു വല്ലാത്ത ദുരന്തം തന്നെ. ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില ചാനല്‍ അവതാരകര്‍ കൊണ്ടുപിടിച്ചു നടത്തിയ ശ്രമങ്ങളും ഇതിനിടെ ഉണ്ടായി. കേരളാ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ റെസ്‌ക്യൂ ടീം എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അടിയന്തിര ഫലം കാണാതിരുന്നപ്പോഴാണ് കരസേനയുടെ സഹായം മുഖ്യമന്ത്രി തേടിയത്. സൈന്യത്തിനു മലകയറി ബാബുവിനെ രക്ഷപ്പെടുത്താന്‍ എല്ലാ വിധ പിന്തുണയും അവര്‍ നല്‍കി. അതുകൊണ്ടാണ് പോലീസിന്റെയും എന്‍ഡിആര്‍എഫിന്റെയും ഫയര്‍ റെസ്‌ക്യൂ ടീമിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തങ്ങള്‍ ബാബുവിനെ രക്ഷപ്പെടുത്തിയതെന്നു ലഫ്. കേണല്‍ ഹേമന്ത് രാജ് ഒരു ടിവി ചാനലിനോട് പറഞ്ഞത്. സംസ്ഥാന ഏജന്‍സികളെ ഇകഴ്ത്തിക്കാട്ടാന്‍ ചാനല്‍ അവതാരകന്‍ നടത്തിയ ശ്രമം പരസ്യമാവുകയും അയാള്‍ നാണം കെടുകയും ചെയ്തു.
ബാബുവിനെ അയാളുടെ പാട്ടിനു വിടുകയാണ് ഇനി മീഡിയ ചെയ്യേണ്ടത്. അയാള്‍ അധ്വാനിച്ചു ജീവിക്കുന്ന ചെറുപ്പക്കാരനാണ്. അല്ലാതെ പര്‍വ്വതാരോഹകന്‍ ഒന്നുമല്ല. അതിനു അയാള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അതുവഴി തിരിയട്ടെ. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം ബാബു ചെയ്തത് കുറ്റകരമായ പ്രവര്‍ത്തിയാണ്. അതിന്റെ പേരില്‍ അയാള്‍ക്കെതിരെ കേസെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയുടെ അഭിപ്രായം അറിഞ്ഞ ശേഷം വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടാണ് തടഞ്ഞത്. കൂടെ ഉണ്ടായിരുന്നവര്‍ പകുതി കയറിയപ്പോള്‍ പേടിച്ചു തിരിച്ചിറങ്ങിയിട്ടും മലയുടെ മുകള്‍ഭാഗത്തു എത്തിയ ശേഷമേ തിരിച്ചു വരൂ എന്ന വാശിയിലായിരുന്നു ബാബു. കേസെടുക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ മക്കള്‍ പണിക്കു പോയാണ് വീട് പുലരുന്നതെന്നും അതിനാല്‍ കേസെടുക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നുമുള്ള ബാബുവിന്റെ ഉമ്മ റഷീദയുടെ അപേക്ഷ മാനിച്ചായിരുന്നു ഇത്.