സൈബര്‍ ഇടത്തിലെ ചട്ടമ്പികള്‍

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മലീമസമാക്കുന്നതില്‍ രണ്ടു ഇടതു എല്‍എമാര്‍ വഹിക്കുന്ന പങ്കു ചെറുതല്ല. തവനൂര്‍ എംഎല്‍എ കെടി ജലീലും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും ഫേസ്ബുക്കില്‍ തെറിയഭിഷേകം നടത്തുന്നതില്‍ മത്സരിക്കുകയാണ്. ഒരാള്‍ക്ക് ഡോക്ടറേറ്റ് ഉണ്ട്, രണ്ടാമന് അതില്ല എന്ന വ്യത്യാസമേയുള്ളൂ. കെ ടി ജലീല്‍ മുസ്ലിം ലീഗില്‍ നിന്നും പി വി അന്‍വര്‍ കോണ്‍ഗ്രസില്‍ നിന്നുമാണ് ഇടതു പക്ഷത്തേക്ക് വന്നത്. അന്‍വര്‍ രണ്ടാം തവണയും ജലീല്‍ നാലാം തവണയും നിയമസഭാംഗം ആയവരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ നടത്തുന്ന വ്യക്തിഗത അധിക്ഷേപങ്ങള്‍ അവരെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങള്‍ക്കു മാത്രമല്ല, നാടിനൊന്നാകെ അപമാനമാണ്.
ബന്ധുനിയമന കേസിലെ പ്രതികൂല വിധിയെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന ജലീല്‍, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ കുറച്ചായി വിടാതെ പിടികൂടിയിരിക്കുകയാണ്. സിറിയക് ജോസഫിന്റെ ബന്ധുക്കളുടെ ഉദ്യോഗങ്ങള്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചു അതിനെല്ലാം കാരണഭൂതന്‍ സിറിയക് ജോസഫ് ആണെന്നാണ് ജലീല്‍ പറയുന്നത്. വെറും പറച്ചിലല്ല, ഫേസ്ബുക്കിലൂടെ അധിക്ഷേപങ്ങളുടെ മലവെള്ളപാച്ചിലാണ് ജലീല്‍ തുറന്നു വിട്ടത്. എല്ലാം കേട്ട് മിണ്ടാതിരുന്ന സിറിയക് ജോസഫ് കഴിഞ്ഞ ദിവസം ജലീലിന്റെ ആക്ഷേപങ്ങളോട് പ്രതികരിച്ചു സ്വയം ചെറുതാകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേ ജലീലിനെ ഉന്നം വെച്ച് ചില അധിക്ഷേപ പരാമര്‍ശങ്ങള്‍ സിറിയക് ജോസഫും നടത്തി. ഉരുളക്കുപ്പേരി പോലെ അതിനു ജലീല്‍ മറുപടിയും നല്‍കി. അതോടെ ഈ വിവാദത്തിലേക്ക് പട്ടിയും പന്നിയും അടക്കം മൃഗങ്ങളും കയറി വന്നു.
പി വി അന്‍വറിനെതിരെ ബാങ്കിന്റെ ജപ്തി നടപടി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റിലെ ഷാജഹാനെതിരെ ഫേസ്ബുക്കില്‍ നടത്തിയ തെറി അഭിഷേകത്തില്‍ പൊമറേനിയന്‍ പട്ടിയാണ് കടന്നു വന്നത്. ജലീല്‍ അടുത്ത കാലത്താണ് ഈ പ്രവര്‍ത്തി തുടങ്ങിയതെങ്കില്‍ അന്‍വര്‍ കുറേക്കാലമായി ഇത് ചെയ്തു കൊണ്ടിരിക്കുകയാണ്. താനൊരു സൈബര്‍ ഗുണ്ടയാണെന്നു അഭിമാനത്തോടെ പറയുന്ന എം എല്‍ എ യാണ് അന്‍വര്‍. കക്കാടംപൊയിലിലെ അനധികൃത റോപ്വേയും ചീങ്കണ്ണിപ്പാറയിലെ തടയണയും കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അന്‍വറിനു ഒട്ടും രസിക്കുന്നില്ല. അന്‍വറിന്റെ ബുദ്ധിയില്‍ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്. അങ്ങനെയൊരു വിഭാഗം ഇല്ലായിരുന്നെങ്കില്‍ അന്‍വറിനു വനഭൂമി തോന്നുംപോലെ കയ്യേറി റിസോര്‍ട്ടുകളും തടയണകളും റോപ്പ്വേകളും നിര്‍മിക്കാമായിരുന്നു. റെസ്റ്ററന്റിനുള്ള ലൈസന്‍സിന്റെ മറവിലാണ് കക്കാടംപൊയിലില്‍ വനഭൂമിയോട് ചേര്‍ന്ന മൂന്നു മലകളെ ബന്ധിപ്പിച്ചു അനുമതിയില്ലാതെ റോപ്വേ നിര്‍മിച്ചത്. അത് പൊളിക്കുന്നത് മാധ്യമ പ്രവര്‍ത്തകരല്ല, പഞ്ചായത്താണ്.
ജലീലിന്റെ വ്യക്തിഗത ആക്ഷേപങ്ങളെ അവഗണിച്ച സിറിയക് ജോസഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ നടത്തിയ പ്രസ്താവനയോടെയാണ് അദ്ദേഹവും വിവാദത്തില്‍ കക്ഷിയായത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ഉപലോകായുക്ത ഉന്നയിച്ച സംശയത്തിന്, മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ട, വഴിയരികില്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലു എടുക്കാനാണെന്നു അത് കരുതും. പട്ടി എല്ലു കടിച്ചു കൊണ്ടേയിരിക്കും. നമുക്ക് അതില്‍ കാര്യമില്ല എന്നായിരുന്നു സിറിയക് ജോസഫിന്റെ പ്രതികരണം.
ലോകായുക്ത പട്ടിയെ ഉപമയാക്കിയപ്പോള്‍ എം എല്‍ എ പന്നിയെ കൂട്ട് പിടിച്ചു. പുലി എലിയായ കഥ; അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടില്‍ ഒരാളെ എങ്ങിനെയൊക്കെ അധിക്ഷേപിക്കാമോ അതിന്റെ അങ്ങേയറ്റത്തെ തെറിയഭിഷേകം ജലീല്‍ നടത്തി. പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോടല്ല താല്പര്യം. പണ്ടേക്കു പണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണ് പഥ്യം. അധ്വാനിച്ചു തിന്നുന്ന ഏര്‍പ്പാട് മുന്‍പേ പന്നികള്‍ക്കില്ല. കാട്ടു പന്നികള്‍ക്കു ശുപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കള്‍ക്കും തഥൈവ. ജലീലിന്റെ ഫേസ് ബുക്ക് കുറിപ്പിലെ ഏതാനും വരികളാണിവ. ഇദ്ദേഹം ഡോക്ടറേറ്റ് നേടിയത് തെറിയെഴുത്തിലാണോ എന്നു സംശയം. കുട്ടികളെ പഠിപ്പിക്കുന്ന ആളാണെ.
പി വി അന്‍വര്‍ ബാങ്കില്‍ നിന്ന് എടുത്ത വായ്പയില്‍ ഒരു കോടിക്ക് മുകളില്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസ് അയച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനു ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാന്‍ കാളിയത്തിനെ പൊമറേനിയന്‍ നായയോടാണ് അന്‍വര്‍ ഉപമിച്ചത്. 'ജപ്തി ചെയ്യുന്നെങ്കില്‍ ഞാന്‍ സഹിച്ചോളാം. എന്റെ ഭൂമിയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കോ സര്‍ക്കാരിനോ അതുകൊണ്ടൊന്നും സംഭവിക്കാനില്ല. അതിനു നീ രാവിലെ ഇങ്ങനെ കിടന്നു കുരയ്ക്കാതെ. നിന്റെ സൂക്കേട് നീ തന്നെ എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പൊമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ? വെറുതെ കിടന്നു കുരയ്ക്കും. അതിനപ്പുറം ഒരു ചുക്കും അവയ്ക്കു ചെയ്യാന്‍ പറ്റില്ല. ആ വിലയേ നിനക്ക് ഞാന്‍ ഇട്ടിട്ടുള്ളൂ. പി വി അന്‍വറിനു മലബന്ധത്തിന്റെ പ്രശ്നമുണ്ട്. നീ നാളെ രാവിലെ ഇത് വാര്‍ത്തയായി കൊടുത്തോ. ഒന്ന് പോയിനെടാ.' ഇങ്ങനെ പോകുന്നു അന്‍വറിന്റെ പോസ്റ്റ്.
വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ 1.18 കോടി രൂപ ഈടാക്കാന്‍ സര്‍ഫാസി നിയമ പ്രകാരം അന്‍വറിനെതിരെ ആക്‌സിസ് ബാങ്ക് ജപ്തി നടപടിക്കൊരുങ്ങുന്നു എന്നതാണ് വാര്‍ത്ത. സാധാരണക്കാരനെതിരെയാണെങ്കില്‍ ഇതൊരു വാര്‍ത്തയേ അല്ല. പി വി അന്‍വര്‍ ജനപ്രതിനിധിയും ബിസിനസുകാരനും ആയതു കൊണ്ടാണ് അതൊരു വാര്‍ത്തയായി മാറുന്നത്.
സമൂഹ മാധ്യമത്തില്‍ ഈ രണ്ടു എം എല്‍ എ മാരും എഴുതുന്ന കുറിപ്പുകള്‍ സമൂഹത്തിന്റെ പൊതുബോധത്തിനു ചേര്‍ന്നതല്ല. ഗുണ്ടായിസവും ധാര്‍ഷ്ട്യവും ധിക്കാരവുമാണ് അതില്‍ നിറഞ്ഞു കാണുന്നത്. അന്തസ്സ് കെടുത്തുന്ന പ്രവര്‍ത്തികളാണ് ഇരുവരുടേതും. ഇത് രാഷ്ട്രീയമല്ല. ഊച്ചാളിത്തരമാണ്. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തതിനാല്‍ അവരുടെ പ്രവര്‍ത്തികളില്‍ സി പി എമ്മിന് പങ്കില്ലെന്ന് പറഞ്ഞു ഒഴിയുകയാണ് കോടിയേരി ബാലകൃഷ്ണന്‍. രണ്ടു പേരെയും നിയമസഭയില്‍ എത്തിച്ചത് സിപിഎമ്മാണ്. അപ്പോള്‍ അവരുടെ കാര്യത്തില്‍ ഒരുത്തരവാദിത്തവും ഇല്ലെന്നു പറഞ്ഞു കയ്യൊഴിയാന്‍ പറ്റുമോ? അതോ അവര്‍ കുറച്ചു കൂടി പറഞ്ഞു കൊള്ളട്ടെ എന്ന നിലപാടാണോ കൊടിയേരിയുടേത്. അദ്ദേഹവും ഇത് ആസ്വദിക്കുകയാണോ?
ഏഷ്യാനെറ്റ് ലേഖകനെതിരെ പി വി അന്‍വര്‍ നടത്തിയ അധിക്ഷേപത്തെ അപലപപിച്ചു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ പി റജി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിനെതിരെയും അന്‍വര്‍ രംഗത്ത് വന്നിരിക്കുകയാണ്. കെ യു ഡബ്ലിയു ജെ സംഘടനാപരമായി ഇങ്ങനെ ഒരു ചര്‍ച്ച നടത്തുകയോ പ്രസ്താവന നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് അന്‍വറിന്റെ അവകാശവാദം. പ്രസിഡന്റ് വ്യക്തിപരമായി ഇട്ട കുറിപ്പാണത്രെ അത്. പി വി അന്‍വര്‍ എന്ന വ്യക്തിക്ക് സംഘടനാ ബോധം എത്രയുണ്ടെന്നതിനു ഇതില്‍പരം തെളിവ് വേണോ? കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ നടത്തുന്ന പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളുമെല്ലാം പാര്‍ട്ടി നിലപാടാണെന്നാണ് സാമാന്യബോധം ഉള്ളവര്‍ മനസ്സിലാക്കുന്നത്. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരുന്നു പറയുന്നത് കോണ്‍ഗ്രസിന്റെ അഭിപ്രായമാണ്. കെ യു ഡബ്ലിയു ജെയുടെ കാര്യത്തിലും അതാണ് ശരി. ഇതുപോലും അറിയാത്ത ആളാണ് രണ്ടാം തവണയും നിയമസഭയിലെത്തിയ ഇടതു എം എല്‍ എ. വോട്ടു നല്‍കി ജയിപ്പിച്ചു വിടുന്നവരെ പാര്‍ട്ടിയില്‍ എടുത്തില്ലെങ്കിലും അവര്‍ക്കു സാമാന്യ ബോധവും സംഘടനാ ബോധവും കൈവരിക്കാനുള്ള ക്ളാസുകള്‍ നല്‍കാന്‍ കോടിയേരി തയ്യാറാകണം. പാര്‍ട്ടിക്ക് ബാധ്യതയായി മാറുന്ന സൈബര്‍ ഇടത്തിലെ ഈ ഊച്ചാളി ചട്ടമ്പികളെ നിലയ്ക്ക് നിര്‍ത്തണം.