• 08 Jun 2023
  • 05: 55 PM
Latest News arrow

ഭൂതകാലക്കുളിരില്‍ റഷ്യ; ഉക്രെയ്‌നെ സ്വന്തമാക്കിയേ മതിയാകൂ

ഏത് ദിവസവും റഷ്യന്‍ സൈന്യം ഉക്രെയ്നില്‍ അധിനിവേശം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം കൂടുതല്‍ ആസന്നമായിരിക്കുകയാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അറിയിക്കുന്നു. അതിനിടയില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തുള്ള അമേരിക്കന്‍ പൗരന്‍മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് അമേരിക്ക നിര്‍ദേശിച്ചു. തങ്ങളുടെ എംബസിയും അമേരിക്ക ഉടനെ ഒഴിപ്പിക്കും. റഷ്യന്‍ സേനയുടെ കര ആക്രമണം ഭയന്ന്, യുഎസ് നേതൃത്വത്തിലുള്ള നാറ്റോ രാജ്യങ്ങള്‍ ഉക്രെയ്‌നിലേക്ക് കൂടുതല്‍ സൈനികരെയും സൈനിക ഉപകരണങ്ങളെയും അയച്ച് പിന്തുണ നല്‍കി. നിലവില്‍ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ 100,000 സൈനികര്‍ എന്തിനും തയ്യാറായി നിലയുറപ്പിച്ചിട്ടുണ്ട്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇരുപക്ഷത്തോടും അഭ്യര്‍ത്ഥിച്ചു. ഇതെല്ലാം കാണുമ്പോള്‍ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കടക്കുകയാണോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്.

റഷ്യയും ഉക്രെയ്‌നും പഴയ സോവിയറ്റ് യൂണിയനില്‍ അംഗങ്ങളായിരുന്നു. 1991ലെ ശീതയുദ്ധത്തിന്റ അവസാനത്തില്‍ തങ്ങള്‍ യൂറോപ്പിന്റെ ഭാഗമാകുമെന്ന് റഷ്യ കരുതി. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യ അവഗണിക്കപ്പെട്ടു. യൂറോപ്പിലെ ഒരു സ്വാധീന ശക്തിയായി വളരാനാണ് റഷ്യ എപ്പോഴും ആഗ്രഹിച്ചത്. ഇതിനായി പഴയ സോവിയറ്റ് യൂണിയനെ മറ്റൊരു രൂപത്തില്‍ തിരികെ കൊണ്ടുവരാനാണ് റഷ്യയുടെ നീക്കം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് അടുത്തിടെ പുടിന്‍ സമ്മതിച്ചിരുന്നു. 

ഭൂതകാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തില്‍ ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനമാണ് ഉക്രെയ്‌നുള്ളത്. അതുകൊണ്ടാണ് ഉക്രെയ്‌ന്റെ കാര്യത്തില്‍ പുടിന്‍ ഭരണകൂടം ആക്രമണാത്മക നിലപാട് സ്വീകരിക്കുകയും മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയും ചെയ്യുന്നത്. ഉക്രെയ്ന്‍ പാശ്ചാത്യരാജ്യങ്ങളോട് മമത പുലര്‍ത്തുന്നത് തടയാന്‍ റഷ്യ ഏത് മാര്‍ഗങ്ങളും സ്വീകരിക്കാന്‍ തയ്യാറുമാണ്.

ഉക്രെയ്‌നിന്റെ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിന്റെ ദുര്‍ഭരണത്തിനെതിരായ യൂറോപ്പ് അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമായി അടിച്ചമര്‍ത്തപ്പെട്ടതോടെ അദ്ദേഹം 2014-ല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതനായി. അവിടം മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 2014 ലെ ഈ സംഘര്‍ഷം മുതലെടുത്ത്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, തെക്ക് ഉക്രെയ്നിലെ തന്ത്രപ്രധാന തുറമുഖ പ്രദേശമായ ക്രിമിയന്‍ പെനിന്‍സുലയുടെ ഒരു ഭാഗം ആക്രമിച്ച് കീഴടക്കി. തുടര്‍ന്ന് ആ പ്രദേശം റഷ്യയോട് കൂട്ടിച്ചേര്‍ക്കാന്‍ ഒരു റഫറണ്ടം സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ റഷ്യയുടെ നിരീക്ഷണത്തില്‍ നടന്ന ആ റഫറണ്ടം അന്താരാഷ്ട്ര സമൂഹം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അന്ന് മുതല്‍ റഷ്യ-ഉക്രെയ്ന്‍ പിരിമുറുക്കം ആരംഭിച്ചു. ശീതയുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധികളിലൊന്നായി അത് മാറി.  

ഒരു തന്ത്രപ്രധാനമായ സ്ഥലമാണ് ക്രിമിയന്‍ പെനിന്‍സുല. കാരണം ഇത് കരിങ്കടലിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ്. കരിങ്കടലിന് മേല്‍ തങ്ങളുടെ നിയന്ത്രണമുണ്ടാകാന്‍ പുടിന്‍ വളരെ അധികം ആഗ്രഹിച്ചിട്ടുണ്ട്. അതിനായിട്ടാണ് ക്രിമിയന്‍ പെനിന്‍സുലയുടെമേല്‍ അധിനിവേശം നടത്തിയത്. 

ക്രിമിയന്‍ പെനിന്‍സുലയുടെമേലുള്ള റഷ്യന്‍ അധിനിവേശം അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്കും റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധത്തിനും പ്രദേശം തിരികെ നല്‍കാനുള്ള നിരന്തരമായ ആഹ്വാനത്തിനും കാരണമായി. അതൊരിക്കലും നടക്കില്ലെന്നും പുടിന്‍ പറഞ്ഞു. കിഴക്കന്‍ ഉക്രെയ്‌നില്‍ ഉക്രേനിയന്‍ സൈന്യത്തിനെതിരെ പോരാടുന്ന റഷ്യന്‍ അനുകൂല വിഘടനവാദികള്‍ക്ക് 2014 മുതല്‍ അദ്ദേഹം രാഷ്ട്രീയവും സൈനികവുമായ പിന്തുണ നല്‍കി വരികയാണ്.

നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) ഉക്രെയ്ന്‍ ചേര്‍ന്നാല്‍ ഈ മേഖലയിലെ സ്വാധീനം നഷ്ടപ്പെടുമെന്ന് റഷ്യ ഭയപ്പെടുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളില്‍ ഒരാളെന്ന നിലയില്‍, ഉക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ അത് മോസ്‌കോയ്ക്ക് വലിയ ഭീഷണിയാകുമെന്ന് റഷ്യ വാദിക്കുന്നു. എന്നാല്‍ നാറ്റോ ഇതുവരെ ഉക്രെയ്‌നിന് വേണ്ടി വാതില്‍ തുറന്നിട്ടില്ല. 

റഷ്യയുടെ അതിര്‍ത്തിക്കടുത്തുള്ള നാറ്റോ പരിശീലനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്ന് സഖ്യസേനയെ പൂര്‍ണമായി പിന്‍വലിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോ ഇനി കിഴക്കോട്ട് നീങ്ങില്ലെന്ന് റഷ്യക്ക് നിയമപരമായ ഉറപ്പ് വേണമെന്ന് ഡിസംബറില്‍ പുടിന്‍ ആവശ്യപ്പെട്ടു. റഷ്യന്‍ പ്രദേശത്തിന് സമീപം ആയുധ സംവിധാനങ്ങള്‍ വിന്യസിക്കില്ലെന്ന് നിയമപരമായ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറുവശത്ത്, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യകക്ഷികള്‍ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

റഷ്യയുടെ ശിഥിലീകരണത്തിനുശേഷം, റഷ്യയേക്കാള്‍ വളരെ ശക്തവും സ്വാധീനവുമുള്ള രാജ്യമായി അമേരിക്ക മാറിയിട്ടുണ്ട്. ഒരു ദുര്‍ബ്ബല രാജ്യത്തിന്റെ പെരുമാറ്റം എന്നാണ് റഷ്യയുടെ നടപടികളെ പ്രസിഡന്റ് ഒബാമ വിശേഷിപ്പിച്ചത്. എന്നാല്‍ യൂറോപ്പിന് ഗ്യാസ് വിതരണം ചെയ്യുന്ന റഷ്യ അതിന്റെ ഭൂതകാല പ്രതാപം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ പാശ്ചാത്യ ലോകത്തിന് ഒരു നിയമാനുസൃത എതിരാളിയായി സ്വയം അവരോധിക്കാന്‍ ശ്രമിക്കുന്നു. അധികാരത്തിനും ശക്തിയ്ക്കും വേണ്ടിയുള്ള ഈ പോരാട്ടമാണ് യുദ്ധത്തിലേക്ക് വഴി തെളിക്കാന്‍ പോകുന്നത്.

റഷ്യയും യുഎസും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം യൂറോപ്പിനെ പടിഞ്ഞാറും കിഴക്കും എന്ന രീതിയില്‍ വേര്‍തിരിക്കുക മാത്രമല്ല, ലോകരാജ്യങ്ങളെ രണ്ട് ഭാഗത്തായി അണിനിരത്തുകയും ചെയ്തിരുന്നു. രക്തരൂക്ഷിതമായ പ്രോക്‌സി യുദ്ധങ്ങള്‍ നടക്കുകയും ആഗോള തെര്‍മോ ന്യൂക്ലിയര്‍ യുദ്ധത്തിലേക്ക് കടക്കുന്ന ഗുരുതരമായ സാഹചര്യമുണ്ടാവുകയും ചെയ്തു. ആ ഒരു സ്ഥിതിവിശേഷം കൂടുതല്‍ തീവ്രതയോടെ ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. എന്നിരുന്നാലും, ഈ മത്സരം മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ മാത്രമായി ഒതുങ്ങുമെന്ന് കരുതുന്നവരുമുണ്ട്. പഴയ ശീതയുദ്ധത്തിന്റെ ആഗോള സംഘര്‍ഷത്തിന് തുല്യമായ അവസ്ഥ ഒരുക്കില്ലെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.