എന്തുകൊണ്ടാണ് സ്വര്‍ണവില ഇതുപോലെ വര്‍ധിക്കുന്നത്?

ഇന്ത്യന്‍ സംസ്‌കാരത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് സ്വര്‍ണത്തിനുള്ളത്. ജനനം, വിവാഹം എന്ന് വേണ്ട എന്ത് ആഘോഷത്തിലും ഒഴിച്ചുകൂടാനാകാത്ത ഒരു ലോഹമാണ് സ്വര്‍ണം. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഉപയോഗിക്കാവുന്ന നിക്ഷേപ വസ്തുവായാണ് മിക്ക ഇന്ത്യക്കാരും സ്വര്‍ണത്തെ കാണുന്നത്. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. അതുകൊണ്ട് തന്നെ അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന ഏത് തരത്തിലുള്ള ചലനങ്ങളും ഇവിടെ ഇന്ത്യയിലെ വിലകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
രാജ്യത്ത് ഇന്ന് മാത്രം പവന് 800 രൂപയാണ് കൂടിയത്. ഇതോടെ പവന് 37,440 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 200 രൂപ വര്‍ധിച്ച് 36,640 രൂപയായിരുന്നു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1855 ഡോളര്‍ കടന്നപ്പോള്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് അല്ലെങ്കില്‍ എംസിഎക്സ് സ്വര്‍ണ വില 10 ഗ്രാമിന് 49,000 രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നു. ഒരിടവേളക്ക് ശേഷം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന ഉപഭോക്താക്കള്‍ക്കിടയില്‍ തെല്ല് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് സ്വര്‍ണവില പെട്ടെന്ന് ഇതുപോലെ വര്‍ധിക്കുന്നത്?
ആഗോള പണപ്പെരുപ്പം കുതിച്ചുയരുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണമെന്ന് ചരക്ക് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യുഎസ് നാണയപ്പെരുപ്പം കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് എത്തിയിരിക്കുന്നു. അതിന്റെ ഫലമായാണ് ലോകമെമ്പാടും സ്വര്‍ണവില കുതിച്ചുയരുന്നത്. ഇനിയും വില ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. സ്പോട്ട് ഗോള്‍ഡ് വില ഇന്നലെ 1865 ഡോളറിലായിരുന്നു. ഇത് തിങ്കളാഴ്ചയോ അടുത്ത ആഴ്ചയോ പുതിയ നിരക്കിലേക്ക് ഉയരും. ഔണ്‍സിന് 1920 ഡോളര്‍ വരെയായേക്കും. ആഭ്യന്തര വിപണിയില്‍ എംസിഎക്സ് സ്വര്‍ണ വില 50,000 രൂപ വരെ ഉയര്‍ന്നേക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോഴും ബാരലിന് 90 ഡോളറിന് മുകളിലാണ്.
കറന്‍സിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ്ട് സ്ഥിരതയുള്ള സ്വഭാവമാണ് സ്വര്‍ണം കാണിക്കുന്നത്. അതുകൊണ്ടാണ് നിക്ഷേപകര്‍ കറന്‍സിയെക്കാള്‍ സ്വര്‍ണം കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്നത്. തല്‍ഫലമായി, പണപ്പെരുപ്പം ഉയരുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു, തിരിച്ചും. ഉപഭോക്താക്കളില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡിന്റെ ഫലമായി സ്വര്‍ണ്ണത്തിന്റെ വില ഉയരും.
ലോകമെമ്പാടുമുള്ള ഇക്വിറ്റി വിപണിയിലും ഇടിവ് വന്നിട്ടുണ്ട്. അതിനാല്‍ സ്വര്‍ണം നിക്ഷേപകരുടെ അഭയകേന്ദ്രമായി മാറുകയാണ്. റഷ്യ ഉക്രെയ്ന്‍ തര്‍ക്കവുമായി ബന്ധപ്പെട്ട ഏത് നെഗറ്റീവ് വാര്‍ത്തയും ആഗോള ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നതിന് ഇടയാക്കുന്നുണ്ട്. ഇതുവഴി പണപ്പെരുപ്പവും വര്‍ദ്ധിക്കുകയാണ്. റഷ്യന്‍ ഉക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായിട്ടില്ലെങ്കിലും അത് ശാന്തമായിട്ടില്ല.
ഏത് രാഷ്ട്രീയ പ്രക്ഷോഭത്തിനിടയിലും കറന്‍സിയുടെയും വിവിധ സാമ്പത്തിക ഉല്‍പന്നങ്ങളുടെയും മൂല്യം ഇടിഞ്ഞേക്കാം. അപ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ സുരക്ഷിത താവളമായി കാണും. അതിനാല്‍ സമാധാനപരമായ സമയത്തെ അപേക്ഷിച്ച് രാഷ്ട്രീയ അരാജകത്വത്തിന്റെ സമയങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യവും വിലയും വര്‍ദ്ധിക്കുന്നു. സര്‍ക്കാരിലും വിപണിയിലും ഉള്ള വിശ്വാസം കുറയുമ്പോള്‍ സ്വര്‍ണം വാങ്ങാനുള്ള താല്‍പര്യം ഉപഭോക്താക്കളില്‍ ഉയരുകയാണ്. അതുകൊണ്ടാണ് സ്വര്‍ണത്തെ 'പ്രതിസന്ധി ചരക്ക്' (ക്രൈസിസ് കൊമോഡിറ്റി) എന്ന് വിളിക്കുന്നത്. റഷ്യ-ഉക്രൈന്‍ പ്രതിസന്ധി സ്വര്‍ണവിലയെ ബാധിച്ചത് അങ്ങിനെയാണ്.
അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയിൽ പൊടുന്നനെ വർധന ഉണ്ടായതിനു കാരണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദും അഭിപ്രായപ്പെട്ടു. ഉക്രൈനു എതിരെ റഷ്യ യുദ്ധത്തിന് ഒരുങ്ങുന്നതായ റിപ്പോർട്ടുകൾ വരുന്നുണ്ട്. യുഎസിൽ 40 വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ പണപ്പെരിപ്പവും വിപണിയെ സ്വാധീനിച്ച ഘടകങ്ങളാണ്. ഈ പ്രവണത തുടരുമോ എന്നു ഉറപ്പിക്കാൻ വയ്യ. സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഒരു പാട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പല രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും കൈവശം സ്വർണത്തിന്റെ വലിയ സ്റ്റോക്കുണ്ട്. അതവർ വിറ്റഴിക്കാൻ ശ്രമിച്ചാൽ വില താഴോട്ട് വരും. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിയാൽ വില ഉയരുമെന്നും അഹമ്മദ് അഭിപ്രായപ്പെട്ടു.