ചരക ശപഥത്തിന് പിന്നില്‍ ഗൂഢലക്ഷ്യം?

ഗ്രീക്ക് തത്ത്വചിന്തകനും ഭിഷഗ്വരനും ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവുമായ ഹിപ്പോക്രാറ്റസിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബിരുദദാന ചടങ്ങില്‍ എടുക്കുന്ന പ്രതിജ്ഞയ്ക്ക് പകരം ആയുര്‍വേദാചാര്യന്‍ മഹര്‍ഷി ചരകന്റെ പേരിലുള്ള പ്രതിജ്ഞ നടപ്പാക്കാന്‍ ആലോചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനെതിരെ ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ല ആയുര്‍വേദത്തിന്റെ ആചാര്യന്‍ മഹര്‍ഷി ചരകന്റെ പ്രതിജ്ഞയെന്നാണ് ഐഎംഎ പറയുന്നത്. ഇപ്പോള്‍ ബിരുദദാന ചടങ്ങില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റസ് പ്രതിജ്ഞ പഴയകാലത്ത് എഴുതപ്പെട്ടതുമല്ല. കാലികപ്രസക്തിയ്ക്ക് അനുസരിച്ച് ഓരോ അഞ്ച് വര്‍ഷത്തിലും പ്രതിജ്ഞ പരിഷ്‌കരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
ഹിപ്പോക്രാറ്റിക് പ്രതിജ്ഞ വളരെ പവിത്രമായ കാര്യമാണ്. ഇത് ഡോക്ടര്‍മാരുടെ തൊഴിലിന്റെ അടിസ്ഥാനമാണ്. ചില ധാര്‍മ്മിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ചികിത്സയിലെ രഹസ്യാത്മകത കാത്തുപാലിച്ച് ദുരുപയോഗം തടയാനുമൊക്കെയാണ് ലോകമെമ്പാടുമുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഈ പ്രതിജ്ഞയെടുക്കുന്നത്. വംശം, മതം, സമ്പത്ത്, സാമൂഹിക പദവി എന്നിവ പരിഗണിക്കാതെ രോഗികളെ വളരെ ശ്രദ്ധയോടെ തുല്യമായും അന്തസ്സോടെയും പരിഗണിക്കുമെന്നും പ്രതിജ്ഞയിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ പ്രതിജ്ഞ സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ ചരക ശപഥത്തില്‍ എന്താണ് എഴുതിയിട്ടുള്ളതെന്ന് നമ്മുക്കറിയില്ല. ചരകന്‍ അങ്ങിനെയൊരു പ്രതിജ്ഞ രൂപീകരിച്ചിട്ടുണ്ടോ എന്ന് പോലും നമ്മുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയിലുള്ള കാര്യങ്ങള്‍ തന്നെയാണോ അതിലുള്ളതെന്നും വ്യക്തമല്ല. അങ്ങിനെയാണെങ്കില്‍ തന്നെ എന്തിനാണ് പ്രതിജ്ഞ മാറ്റി സമയം കളയുന്നത്? മെഡിക്കല്‍ വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള നടപടികളല്ലേ സ്വീകരിക്കേണ്ടത്? പ്രതിജ്ഞ മാറ്റിയത് കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസം മെച്ചപ്പെടുമോ?
ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന മിക്ക ഡോക്ടര്‍മാരും പുരാതന ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ സംഭാവനകളെ പൂര്‍ണമായും തിരസ്‌കരിക്കാത്തവരാണ്. ചരകന്റെയും ശുശ്രുതന്റെയുമെല്ലാം സംഭാവനകളെ മൂല്യമുള്ളതായി പരിഗണിക്കുന്നുമുണ്ട്. പക്ഷേ, പ്രതിജ്ഞ മാറ്റുന്നത് മൂലം മെഡിക്കല്‍ കോളേജ് ക്യാമ്പസുകളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അവരുടെ ആശങ്ക.
ആധുന വൈദ്യശാസ്ത്രത്തിന്റെ പഠനശാലകളിലേക്ക് ഹിന്ദുത്വ ആശയങ്ങള്‍ കൊണ്ടുവരാനുള്ള ആര്‍എസ്എസിന്റെ കൃത്യമായ അജണ്ടയാണ് ഇവിടെ നടപ്പാകുന്നതെന്ന് സംശയിക്കാം. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നത് മുതലാണ് ചരക ശപഥം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് എടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം രാജ്യത്തിനകത്ത് നിന്നുള്ള എന്തെങ്കിലും കൊണ്ടുവരിക എന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന പരിപാടികള്‍ വരെ മുമ്പ് ആര്‍എസ്എസ് നടത്തിയിട്ടുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിന് 200 വര്‍ഷത്തിലധികം പഴക്കമില്ല. ഇന്ത്യയുടെ വൈദ്യശാസ്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പിന്നെ എന്തിനാണ് നാം ഗ്രീക്ക് വൈദ്യന്റെ പേരില്‍ പ്രതിജ്ഞയെടുക്കുന്നത് എന്നാണ് ദേശീയ മെഡിക്കല്‍ കമ്മീഷനിലെ ഒരു അംഗം ചോദിക്കുന്നത്. ഈ ഒരു മനോഭാവത്തില്‍ നിന്ന് തന്നെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രധാന്യത്തെ അപ്രസക്തമാക്കാനുള്ള ഒരു നീക്കമായി ചരക ശപഥത്തെ വ്യാഖാനിക്കാന്‍ കഴിയും.
ചരക ശപഥത്തോടൊപ്പം തന്നെ മറ്റ് പല നിര്‍ദേശങ്ങളും വന്നിട്ടുണ്ട്. അതിലൊന്ന് എംബിബിഎസ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് മുമ്പ് പത്ത് ദിവസം ദിവസേനെ ഓരോ മണിക്കൂര്‍ വെച്ച് യോഗ അഭ്യസിക്കണം എന്നതാണ്. ഇത് നിര്‍ബന്ധമാക്കുന്നത് വഴി ഇഷ്ടമുള്ള വ്യായാമം തെരഞ്ഞെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ഹനിക്കുകയാണ് ചെയ്യുന്നത്.
ശരിക്കും ഇത് അനാവശ്യമായ ഒരു നടപടിയാണ്. എന്തുകൊണ്ട് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റണം എന്നതിന് കൃത്യമായ ഒരു ഉത്തരമില്ല. ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, പതിറ്റാണ്ടുകളായി തുടരുന്ന ഒരു ശീലം പെട്ടെന്ന് മാറ്റേണ്ടതിന്റെ ആവശ്യകതയെന്താണ്? എല്ലാത്തിനെയും കാവിവല്‍ക്കരിക്കാനുള്ള കൃത്യമായ അജണ്ട ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിസ്സംശയം പറയാം.
ഹിപ്പോക്രാറ്റിക് പ്രതിജ്ഞ
മനുഷ്യരാശിയുടെ സേവനത്തിനായി എന്റെ ജീവിതം സമര്‍പ്പിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതിജ്ഞ ചെയ്യുന്നു.
ഭീഷണി നേരിടുമ്പോഴും, മാനവികതയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഞാന്‍ എന്റെ മെഡിക്കല്‍ അറിവ് ഉപയോഗിക്കില്ല.
ഗര്‍ഭധാരണം മുതല്‍ മനുഷ്യജീവനോട് അങ്ങേയറ്റം ആദരവ് ഞാന്‍ കാത്തുസൂക്ഷിക്കും.
എന്റെ കടമയ്ക്കും രോഗിക്കും ഇടയില്‍ ഇടപെടാന്‍ മതം, ദേശീയത, വംശം, കക്ഷി രാഷ്ട്രീയം അല്ലെങ്കില്‍ സാമൂഹിക നില എന്നിവയുടെ പരിഗണനകള്‍ ഞാന്‍ അനുവദിക്കില്ല.
മനസ്സാക്ഷിയോടും മാന്യതയോടും കൂടി ഞാന്‍ എന്റെ തൊഴില്‍ ചെയ്യും.
എന്റെ രോഗിയുടെ ആരോഗ്യമാണ് എന്റെ പ്രഥമ പരിഗണന.
എന്നില്‍ ഒതുങ്ങുന്ന രഹസ്യങ്ങളെ ഞാന്‍ ബഹുമാനിക്കും.
എന്റെ അധ്യാപകര്‍ക്ക് അര്‍ഹമായ ആദരവും നന്ദിയും ഞാന്‍ നല്‍കും.
എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് വൈദ്യശാസ്ത്രത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ നിലനിര്‍ത്തും.
ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് എല്ലാ ബഹുമാനത്തോടും മാന്യതയോടും കൂടി പെരുമാറും.
2002 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (പ്രൊഫഷണല്‍ പെരുമാറ്റം, മര്യാദകള്‍, ധാര്‍മ്മികത) റെഗുലേഷനുകളില്‍ പറഞ്ഞിട്ടുള്ള മെഡിക്കല്‍ നൈതികത കോഡ് ഞാന്‍ പാലിക്കും.
ഞാന്‍ എന്റെ അഭിമാനത്തിന്‍മേല്‍ ഗൗരവത്തോടെയും സ്വതന്ത്രമായും ഈ വാഗ്ദാനങ്ങള്‍ നല്‍കുന്നു.