• 23 Sep 2023
  • 04: 12 AM
Latest News arrow

കേരളത്തെക്കുറിച്ച് പറയാന്‍ യോഗിയ്ക്ക് എന്ത് യോഗ്യത?

ഉത്തര്‍പ്രദേശ് കേരളമാകാതിരിക്കാന്‍ വോട്ട് ചോദിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്തുകൊണ്ട് ഉത്തര്‍പ്രദേശ് കേരളമാകരുത്? ആരോഗ്യ വിദ്യാഭ്യാസ വികസന സൂചികയിലെല്ലാം കേരളം മുന്‍പന്തിയിലാണ്. അതൊന്നും ഉത്തര്‍പ്രദേശില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണോ യുപി മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്? 

പാര്‍ലമെന്റില്‍ കഴിഞ്ഞയാഴ്ച വെച്ച സാമ്പത്തിക സര്‍വ്വേയില്‍ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക ചേര്‍ത്തിട്ടുണ്ട്. അതില്‍ ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. ഉത്തര്‍പ്രദേശ് 25-ാം സ്ഥാനത്താണ്. അപ്പോള്‍ സുസ്ഥിര വികസനം യുപിയില്‍ പാടില്ല! അതിനും ഒരു മാസം മുമ്പ് നീതി ആയോഗ് ദേശീയ ആരോഗ്യ സൂചിക പ്രസിദ്ധീകരിച്ചിരുന്നു. 80 പോയിന്റുള്ള കേരളത്തിനാണ് അതിലും ഒന്നാം സ്ഥാനം. 30 പോയിന്റുള്ള യുപി ഏറ്റവും അവസാന സ്ഥാനത്തും. അപ്പോള്‍ യുപിയിലെ ജനങ്ങള്‍ക്ക് ആരോഗ്യമുണ്ടാകാന്‍ പാടില്ല! ആയിരത്തില്‍ 4.4 മാത്രമാണ് കേരളത്തിലെ ശിശുമരണ നിരക്ക്. മാതൃമരണ നിരക്കും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവ്. ശരാശരി ആയുര്‍ദൈഘ്യവും സാക്ഷരതയും ഏറ്റവും കൂടുതല്‍. ഇതൊക്കെയുള്ള കേരളത്തെ മാതൃകയാക്കുവാനും കേരളം പോലെ ആകാനുമല്ലേ ഒരു ഭരണാധികാരി പ്രയത്‌നിക്കേണ്ടത്? ബീഫ് കഴിച്ചതിന്റെ പേരില്‍ കേരളത്തില്‍ ആരും കൊല ചെയ്യപ്പെടുന്നില്ല. തലമറച്ചതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം വിലക്കപ്പെടുന്നില്ല. യോഗി ആദിത്യനാഥിന് മാതൃകയാക്കാം കേരളത്തെ. 

കേരളത്തെയും യുപിയെയും താരതമ്യം ചെയ്യുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകും. കാരണം പരമ്പരാഗതമായി കേരളം സാമൂഹിക വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശ് അവസാന സ്ഥാനങ്ങളിലുമാണ്. അതുകൊണ്ട് ഈ അഞ്ച് കൊല്ലം കൊണ്ട് യോഗി ആദിത്യനാഥ് എന്ത് മാജിക്ക് കാണിച്ചുവെന്ന് ചോദിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷവും അതിന് മുമ്പുള്ള അഞ്ച് വര്‍ഷവും തമ്മില്‍ താരതമ്യം ചെയ്യാമല്ലോ. 

കഴിഞ്ഞ അഞ്ച് വര്‍ഷം ഉത്തര്‍പ്രദേശ് ഭരിച്ച യോഗി ആദിത്യനാഥിന് എന്ത് നേട്ടമാണ് മുന്‍പോട്ട് വെയ്ക്കാനുള്ളത്? യുപിയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഉയര്‍ന്നത് 0.43 ശതമാനം മാത്രമാണ്. 2012-17 കാലഘട്ടത്തില്‍ അഖിലേഷ് യാദവ് ഭരിച്ച സമയത്ത് ജിഎസ്ഡിപി വളര്‍ച്ച 6.92 ശതമാനമായിരുന്നു. യോഗി ഭരിച്ച സമയത്താകട്ടെ 1.95 ശതമാനവും. നിര്‍മ്മാണ മേഖലയില്‍ അഖിലേഷ് യാദവിന്റെ കാലത്ത് 14.64 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. അതിപ്പോള്‍ 3.34 ശതമാനം മാത്രമാണ്. തൊഴിലില്ലായ്മ വര്‍ധിച്ചത് രണ്ടര ഇരട്ടിയാണ്. അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ അഞ്ചിരട്ടിയും. ഇത്രമാത്രം ഒരു സംസ്ഥാനത്തെ നശിപ്പിച്ചിട്ട് നിന്ന് കേരളത്തെ കുറ്റം പറയുകയാണ്. കഷ്ടം! 

തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെയ്ക്കാന്‍ യോഗി സര്‍ക്കാരിന് നേട്ടങ്ങളൊന്നുമില്ല. അതുകൊണ്ട് വര്‍ഗീയ ദ്രുവീകരണം അദ്ദേഹം ആയുധമാക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് തുടങ്ങിയത് മുതല്‍ 80 ശതമാനവും 20 ശതമാനവും തമ്മിലാണ് പോരാട്ടമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ ഹിന്ദു-മുസ്ലീം പോരാക്കി മാറ്റിക്കൊണ്ടുവരികയാണ് യോഗി ആദിത്യനാഥ്. കേരളത്തെയും ബംഗാളിനെയും കശ്മീരിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം ജാട്ട് മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായിട്ടുള്ള വെസ്‌റ്റേണ്‍ യുപിയില്‍ ആദ്യഘട്ട പോളിങ് നടക്കുമ്പോഴാണ്. ഇത് കൃത്യമായും വര്‍ഗീയ ദ്രുവീകരണം ലക്ഷ്യം വെച്ചാണെന്ന് കരുതാം. 

മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലീം സമുദായത്തിന് ജനസംഖ്യാപരമായും ഭരണത്തിലെ പങ്കാളിത്തത്തിലും മികച്ച സാന്നിധ്യമുള്ള മൂന്ന് സംസ്ഥാനങ്ങളാണ് കശ്മീരും ബംഗാളും കേരളവും. ഈ സംസ്ഥാനങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ട് യോഗി ആദിത്യനാഥ് ഇങ്ങിനെയൊക്കെ പറയുമ്പോള്‍ അതില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടെന്ന് മനസ്സിലാക്കാം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ഉയര്‍ത്തിയ മുസ്ലീം ലീഗ് പതാകകളുടെ ചിത്രം ഉപയോഗിച്ച് പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റമുണ്ടെന്ന് ഉത്തരേന്ത്യയിലാകമാനം ബിജെപി നടത്തിയ പ്രചാരണത്തിന് സമാനമാണ് ഇന്ന് യോഗി ആദിത്യനാഥിന്റെ പ്രസ്താവനയും. 

ബിജെപിയുടെ ഹിന്ദുത്വ ആശയം പോരാ എന്ന് പറഞ്ഞുകൊണ്ട് സ്വന്തമായൊരു തീവ്ര ഹിന്ദുത്വം പ്രസംഗിച്ച് നടന്നയാളാണ് ഖോരക്പൂരിലെ പൂജാരി കൂടിയായ യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം മതദ്രുവീകരണം തന്നെയാണ്. അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ ഒരു വികസനവും ഉണ്ടാക്കാത്ത യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ വാദങ്ങളില്ല. ഈ സാഹചര്യത്തില്‍ ബിജെപി ഭരണമില്ലാത്ത കേരളത്തിലും കശ്മീരിലും ബംഗാളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു എന്ന് വിളിച്ചുപറയുകയാണ്. വെറുപ്പും വര്‍ഗീയതയും പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. 

2017ല്‍ ഉത്തര്‍പ്രദേശില്‍ മാത്രം 44,000 പേര്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടുവെന്ന് ലോക്‌സഭയില്‍ കണക്കുണ്ട്. 90കളിലെ റുവാണ്ടന്‍ വംശഹത്യയ്ക്ക് തൊട്ടുമുമ്പ് മുന്നറിയിപ്പ് നല്‍കിയ ജിനോസൈഡ് വാച്ച് എന്ന സംഘടനയില്‍പ്പെട്ട ഒരാള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്, ഇന്ത്യയെക്കുറിച്ചോര്‍ത്ത് പുലര്‍ച്ചെ നാല് മണിയ്ക്കും താന്‍ ഉറങ്ങാതിരിക്കുന്നുവെന്നാണ്. തെറ്റായ വിവരങ്ങളും വര്‍ഗീയ പ്രചാരണങ്ങളും ഇന്ത്യയുടെ അന്തരീക്ഷത്തെ അത്രമാത്രം കലുഷിതമാക്കിയിരിക്കുകയാണ്. കേരളത്തെയും ഇപ്പോള്‍ വര്‍ഗീയതയ്ക്കായി ഉപയോഗിക്കുന്നു.

 

RECOMMENDED FOR YOU
Editors Choice