ഓരോ ജീവനും വിലപ്പെട്ടതാണ്; ഹാറ്റ്‌സ് ഓഫ് ആര്‍മി

ഒരു ജീവന്‍ എത്ര വിലപ്പെട്ടതാണ് എന്ന സന്ദേശമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കില്‍ വീണ ബാബു എന്ന ഇരുപത്തിമൂന്നുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഇന്ത്യന്‍ കരസേന ലോകത്തെ അറിയിച്ചത്. മൂന്നു സുഹൃത്തുക്കളോടൊപ്പം മല കയറിയ ബാബു ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീണു. കൂടെയുള്ളവര്‍ വള്ളിയും വടിയും ഇട്ടു കൊടുത്തെങ്കിലും മുകളിലേക്ക് കയറാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ താഴെ വന്നു പോലീസിലും ഫയര്‍സര്‍വീസിലും വിവരമറിയിച്ചു. കയ്യിലുള്ള മൊബൈല്‍ ഫോണില്‍ നിന്ന് ഫോട്ടോയെടുത്തു താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ചിത്രം ബാബു സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. എന്‍ ഡി ആര്‍ എഫും പോലീസും ഫയര്‍ റെസ്‌ക്യൂ വിഭാഗവും നാട്ടുകാരും അയാളെ രക്ഷപ്പെടുത്താന്‍ തീവ്ര ശ്രമം നടത്തി. ഹെലികോപ്റ്റര്‍ അയച്ചെങ്കിലും ആളെ കണ്ടെത്താനാവാതെ മടങ്ങി. ഒടുവില്‍ ബാബുവിനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടി. പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ കരസേനയുടെ മദ്രാസ് റെജിമെന്റിലെ സംഘവും കമാന്‍ഡോകള്‍ അടങ്ങിയ വ്യോമസേനയുടെ പാരാ റെജിമെന്റില്‍ നിന്നുള്ള സംഘവും ബംഗളുരുവില്‍ നിന്നെത്തി. കരസേനയുടെ ദക്ഷിണ ഭാരത് ഏരിയയിലെ ലഫ്. ജനറല്‍ അരുണ്‍ ആണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
40 മിനിറ്റ് കൊണ്ടാണ് ഇവര്‍ ദൗത്യം വിജയിപ്പിച്ചു ബാബുവിനെ മലയുടെ മുകളില്‍ എത്തിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ലഫ്. കേണല്‍ ഹേമന്ത് രാജാണ് രക്ഷാ സംഘത്തെ നയിച്ചത്. കമാന്‍ഡോ സംഘത്തിലെ ബാലയാണ് വടത്തില്‍ തൂങ്ങിയിറങ്ങി പാറയിടുക്കില്‍ നിന്ന് ബാബുവിനെ പൊക്കിയെടുത്തത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു വ്യക്തിക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷന്‍ ആണിത്. 45 മണിക്കൂര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കഴിഞ്ഞിട്ടും ആത്മധൈര്യം കൈവിട്ടിരുന്നില്ല ഈ ചെറുപ്പക്കാരന്‍. അയാളുടെ ഉമ്മയും സഹോദരനേയും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കഴിഞ രണ്ടു ദിവസം മലയടിവാരത്തു പ്രാര്‍ത്ഥനകളുമായി കഴിയുകയായിരുന്നു.
നമ്മുടെ സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ അപര്യാപ്തത വെളിപ്പെടുത്തുന്നത് കൂടിയാണ് ഈ സംഭവം. നമ്മുടെ പോലീസ്, ഫയര്‍ റെസ്‌ക്യൂ ടീം എന്നിവ മാത്രമല്ല, ദുരന്ത നിവാരണ സംഘവും പരാജയപ്പെട്ടിടത്താണ് 45 മിനുട്ട് കൊണ്ട് സൈന്യം ബാബുവിനെ രേഖപ്പെടുത്തുന്നത്. നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ കാത്തിരിക്കുന്ന നമ്മള്‍ക്ക് ആയിരം അടി ഉയരമുള്ള മലമുകളില്‍ ചെല്ലാന്‍ പറ്റുന്നില്ല. അതിനു പരിശീലനം ലഭിച്ച ധൈര്യശാലികള്‍ പോലീസിലും ഫയര്‍ റെസ്‌ക്യൂവിലുമില്ല. പാരാ ഗ്ലൈഡിങ്ങോ മൗണ്ടനിങ്ങോ അറിയുന്നവരില്ല. പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ വന്നാണ് രക്ഷപ്പെടുത്തിയത്. അപകടങ്ങള്‍ ഇനിയും സംഭവിച്ചു കൊണ്ടേയിരിക്കും. അത് എങ്ങിനെ നേരിടണമെന്ന മുന്നൊരുക്കങ്ങളും അതിനുള്ള പരിശീലനവും ഇന്നത്തെ കാലത്തു അത്യന്താപേക്ഷിതമാണ്. ഓരോ തവണയും സൈന്യത്തെ വിളിച്ചല്ല രക്ഷാ പ്രവര്‍ത്തനം നടത്തേണ്ടത്. അവര്‍ എത്താന്‍ ഉണ്ടാകുന്ന കാലതാമസം ചിലപ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കാം. ധാരാളം മലകളും പുഴകളും ഉള്ള നാടാണ് നമ്മുടേത്. ഇനിയും ബാബുമാര്‍ മലയിടുക്കില്‍ കാലിടറി വീണേക്കാം. പ്രളയം വീണ്ടും വരില്ല എന്നതിനൊരുറപ്പുമില്ല. അതിനാല്‍ എല്ലാം തികഞ്ഞ ഒരു ദൗത്യ സേനയെ വാര്‍ത്തെടുക്കുക സര്‍ക്കാരിന്റെ അടിയന്തിര ലക്ഷ്യം ആകണം. മലമ്പുഴ ഓപ്പറേഷനില്‍ പങ്കെടുത്ത ഓരോ സൈനികനും ബിഗ് സല്യൂട്ട്.