• 01 Oct 2023
  • 08: 08 AM
Latest News arrow

അലിയോ സിസെയുടെ ഈ പുഞ്ചിരിക്കു പിന്നിലെ സങ്കടക്കടല്‍...!

സെനഗല്‍ ഫുട്ബാളിന് എല്ലാമായിരുന്നു അലിയോ സിസെ. 1999 മുതല്‍ 2005 വരെ തെരാന്‍ഗയിലെ സിംഹങ്ങളുടെ പ്രതിരോധം ഈ ഡിഫന്‍സീവ് മധ്യ നിരക്കാരന്റെ കാലുകളില്‍ ഭദ്രമായിരുന്നു. പിന്‍ നിരയില്‍ നിന്ന് മിന്നല്‍ പിണര്‍പോലെ കൊണ്ടെത്തിച്ച പന്തുകള്‍ ഒന്ന് തൊട്ടിടുകയേ വേണ്ടിയിരുന്നുള്ളു, ഡിയോഫിനും കൂട്ടര്‍ക്കും ഗോളുകള്‍ അടിച്ചു കൂട്ടാന്‍.

2002ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ കാമറൂണിന് എതിരെ അഞ്ചാമത്തെ പെനാല്‍റ്റി എടുത്ത അലിയുവിനു പിഴച്ചതോടെ കരഞ്ഞു തളര്‍ന്ന സിംഹങ്ങള്‍ കപ്പ് കാമറൂണിന് സമര്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ ഫ്രാന്‍സിലും ഇംഗ്‌ളണ്ടിലും ഒക്കെ കളിച്ചു 2015 ല്‍ അവരുടെ ചീഫ് പരിശീലകന്‍ ആയി. ഇന്നലെ കപ്പ് നേടി കളിക്കളത്തിലെ ഇതുവരെയുള്ള ദുഖങ്ങള്‍ക്ക് അയാള്‍ അവധി കൊടുത്തു. എന്നാല്‍ ജീവിതത്തില്‍ ഈ മനുഷ്യനുണ്ടായ തീരാ ദുഃഖം പുതിയ തലമുറയില്‍ പലര്‍ക്കും അറിയാന്‍ ഇടയില്ല.

അന്ന് അദ്ദേഹം ബര്‍മിങ്ഹാം സിറ്റിയുടെ കളിക്കാരനാണ്. പുതുതായി വാങ്ങിയ വില്ലയുടെ മുകളില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്നു ടിവി യില്‍ വാര്‍ത്ത കാണുമ്പോഴാണ് സെനഗലില്‍ അല്‍പ്പം മുന്‍പുണ്ടായ ഫെറി അപകടത്തേക്കുറിച്ച് അറിയുന്നത്. ആ അപകടത്തിന്റെ തീവ്രതയെ കുറിച്ചോ അത് തന്റെ സ്വകാര്യ ദുഃഖം ആയി തീരുമെന്നോ അപ്പോള്‍ അദ്ദേഹത്തിനറിയില്ലായിരുന്നു. രാജ്യത്തിന്റെ ഫുട്‌ബോള്‍ നായകന്‍ എന്ന നിലയില്‍ അനുശോചനം അറിയിക്കുമ്പോഴാണ് അദ്ദേഹം ഞെട്ടിത്തരിച്ചുപോയത്. സ്വന്തം വീട്ടിലെ 11 പ്രിയപ്പെട്ടവരെ തനിക്ക് നഷ്ടമായിരിക്കുന്നു. സമനില നഷ്ടപ്പെട്ട മട്ടില്‍ അലറിവിളിച്ചു ഓടുകയായിരുന്നു കളിക്കളത്തില്‍ ഒന്നിലും പതറാത്ത ആ വീര നായകന്‍. 

2002 സെപ്റ്റ്‌റംബര്‍ 26 നു 500 പേര്‍ക്ക് ഇടമുള്ള ഫെറിയില്‍ ആയിരത്തി അഞ്ഞൂറില്‍ അധികം പേരെ തിരുകിക്കയറ്റി സീഗുഇന്‍ചോറില്‍ നിന്ന് തലസ്ഥാനമായ ധാക്കയിലേക്കുള്ള 16 മണിക്കൂര്‍ യാത്ര ആരംഭിച്ചു ജൂള എന്ന ഫെറി. അധികവും പാവപ്പെട്ട കര്‍ഷകരും ധാക്കയില്‍ വില്‍ക്കാനുള്ള അവരുടെ വിഭവങ്ങളും കൈകുഞ്ഞുങ്ങളുമായി എത്തിയ രക്ഷിതാക്കളും. ഇടയ്ക്കു വച്ചു കപ്പല്‍ വശത്തേക്ക് ഒന്ന് ചെരിഞ്ഞപ്പോള്‍ പേടിച്ച യാത്രക്കാര്‍ ഒന്നിച്ചു മറുവശത്തേക്ക് ഓടി. അതോടെ കപ്പല്‍ ആഴങ്ങളിലേക്ക്. ഔദ്യോഗിക കണക്കനുസരിച്ചു ജീവന്‍ നഷ്ടമായത് ആയിരം പേര്‍ക്ക്. 64 പേര്‍ രക്ഷപ്പെട്ടു. 

തൊട്ടടുത്ത ദിവസം അടുത്ത ചില കൂട്ടുകാര്‍ക്കൊപ്പം അലിയു ധാക്കയിലേക്ക് പറന്നു. പിന്നീടുള്ള ദിവസങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സെനഗല്‍ നായകന്‍ നിരവധി അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഫ്രഞ്ച് ലീഗിലെ സെനഗല്‍ കളിക്കാര്‍ അവരുടെ ഗോളുകള്‍ ജൂളാ ഫെറി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് സമര്‍പ്പിച്ചു. 'For the victims of Joola' എന്ന സന്ദേശം രേഖപ്പെടുത്തിയ ജേഴ്‌സി ഉയര്‍ത്തിയായിരുന്നു സുലൈമാന്‍ കാമറയുടെ അന്നത്തെ ഓരോ ഗോളും..!

ഇഷ്ട്ടമുള്ളിടത്തോളം സെനഗലില്‍ തുടരാനുള്ള അനുമതിയോടെ ബെര്‍മിങ്ഹാം അവരുടെ പ്രിയ താരത്തെ നാട്ടിലേക്കയച്ചു. മൃതദേഹം പോലും കാണാനാകാതെ വേണ്ടപ്പെട്ടവര്‍ക്ക് അന്ത്യകര്‍മ്മം ചെയ്തു മടങ്ങിയ അലിയു സങ്കട കടലായി നാളുകളോളം വിധിയെ പഴിച്ചിരുന്നു. ഒത്തിരി നാള്‍ വേണ്ടി വന്നു ആ പുഞ്ചിരി തിരിച്ചു കിട്ടാന്‍. ഇന്നലത്തെ കപ്പ് വിജയത്തിനു ശേഷം രാജ്യത്തിന്റെ പ്രസിഡന്റ്‌റിനു ഒപ്പമായിരുന്നു. അലിയു ഇന്നു ആ സ്മാരക ഭൂമി സന്ദര്‍ശിച്ചത്.