ലഫ്. കേണല്‍ ഹേമന്ദ് രാജ്: ചെറാട് മലയിലെ താരം

മലമ്പുഴ ചെറാട് മലയില്‍ പാറ ഇടുക്കില്‍ കുടുങ്ങിയ 23കാരനായ ബാബുവിനെ അതിസാഹസികമായി രക്ഷിച്ചെടുത്തത് ഇന്ത്യന്‍ സൈന്യത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്. കൂട്ടുകാരും നാട്ടുകാരും പൊലീസും ദേശീയ ദുരന്ത നിവാരണ സേനയുമെല്ലാം കിണഞ്ഞുപരിശ്രമിച്ചിട്ടും പരാജയപ്പെട്ടിടത്താണ് വീരജവാന്‍മാര്‍ വെന്നിക്കൊടി പാറിച്ചത്. അവിടെ മലയാളികള്‍ക്ക്, പ്രത്യേകിച്ച് ഏറ്റുമാനൂര്‍ സ്വദേശികള്‍ക്ക് അഭിമാനിക്കാനുള്ള വകയുമുണ്ട്. ലെഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജ്.
46 മണിക്കൂറോളം ജീവനും മരണത്തിനുമിടയില്‍ പൊരുതിക്കൊണ്ടിരുന്ന ബാബുവിനെ രക്ഷിച്ചെടുത്തതിന് ശേഷമുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതില്‍ ബാബുവിനോട് സംസാരിക്കുന്നത് ലഫ്.കേണല്‍ ഹേമന്ദ് രാജാണ്. ബാല എന്ന സൈനികനാണ് നിന്നെ രക്ഷിച്ചതെന്നും അവനൊരു ഉമ്മ കൊടുക്കാനും ഹേമന്ദ് രാജ് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുവാനായി അണുവിട തെറ്റാതെ നടത്തിയ പദ്ധതികള്‍ വിഭാവന ചെയ്തത് ഹേമന്ദ് രാജാണ്. ബാബുവിനെ രക്ഷിച്ച് താഴേക്ക് കൊണ്ടുപോകണമോ എന്ന ചര്‍ച്ച സജീവമായിരുന്നു. എന്നാല്‍ അത് റിസ്‌ക്കാണെന്നും മുകൡലേക്ക് വലിച്ച് കയറ്റാമെന്നും തീരുമാനമെടുത്തത് ഈ മലയാളി സൈനിക ഉദ്യോഗസ്ഥനാണ്.
മലയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ ഹേമന്ദ് രാജ്, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വാസവനോട് പങ്കുവെച്ചിരുന്നു. രണ്ട് രാത്രിയും ഒരു പകലും ഭക്ഷണവും വെള്ളവുമില്ലാതെ കൊടും ചൂടും കൊടും തണുപ്പും സഹിച്ച് കഴിഞ്ഞ ബാബുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും വൈദ്യസഹായവും ചികിത്സയും ആവശ്യമാണെന്നും ലഫ്.കേണല്‍ ഹേമന്ദ് രാജ് മന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യം മന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഹേമന്ദിന്റെ നേതൃത്വത്തിലുള്ള കൃത്യമായ കോ ഓര്‍ഡിനേഷനാണ് രക്ഷാപ്രവര്‍ത്തനത്തെ വിജയപര്യവസായിയാക്കി മാറ്റിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും പ്രളയം അടക്കമുള്ള ദുരന്ത മുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈനികന്‍ കൂടിയാണ് ഹേമന്ദ് രാജ്. സംയുക്ത സേനാമേധാവി വിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവന്‍ നഷ്ടപ്പെട്ട കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്തും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ലഫ്. കേണല്‍ ഹേമന്ദ് രാജ് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് വില്ലിങ്ടണിലെ സേന ആസ്ഥാനത്ത് ഇദ്ദേഹത്തിന് ആദരവും നല്‍കിയിരുന്നു.